തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ശസ്ത്രക്രിയയ്ക്ക് ശേഷം നെടുമങ്ങാട് സ്വദേശിയുടെ മുറിവില്‍ കയ്യുറ മറന്നുവെച്ചുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയത്. ഇതോടെ നിരവധി പേര്‍ ഇത് പങ്കുവെച്ചു.
ആശുപത്രിയെ മാത്രമല്ല, ആരോഗ്യവകുപ്പിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കയ്യുറ മറന്നുവെച്ചതല്ല, മറിച്ച് ഗ്ലൗ ഡ്രെയിന്‍ സിസ്റ്റം എന്ന സംവിധാനം ശസ്ത്രക്രിയകളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ഭാഗമായി പ്രചരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ക്കൊപ്പമുള്ള ചിത്രം പരിശോധിച്ചു. കയ്യുറയുടെ ചെറിയൊരു ഭാഗമാണ് മുറിവില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ ‘മറന്നുവെച്ചുവെന്ന’ ആരോപണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചതോടെ സംഭവത്തില്‍ പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പ്രതികരണം ലഭ്യമായി.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ചിലവുകുറഞ്ഞ ചികിത്സാരീതിയാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിലെ അശുദ്ധരക്തവും മറ്റ് ദ്രവ്യവും പുറത്തുപോകാനായാണ് ഇത് ചെയ്യുന്നത്. ആയിരം രൂപയോളം വിലവരുന്ന ചില ട്യൂബുകള്‍ ഇതിനായി ലഭ്യമാണ്. എന്നാല്‍ ചിലവുകുറഞ്ഞ രീതിയെന്ന നിലയില്‍ പൊതുവായി ഗ്ലൗസ് ഉപയോഗിക്കാറുണ്ട്. ഗ്ലൗസിന്റെ ഒരു വിരലിന്റെ ഭാഗം മുറിച്ചെടുത്ത് അതുവഴി രക്തം പുറത്തേക്കുവരുന്ന രീതിയിലാണ് ഇത് തുന്നിച്ചേര്‍ക്കുന്നത്. പുറത്തുവരുന്ന ദ്രവ്യത്തെ ആഗിരണം ചെയ്യാന്‍ കട്ടിയുള്ള കോട്ടനും ഇതോടൊപ്പം വെച്ചാണ് മുറിവ് ഡ്രസ് ചെയ്യുന്നത്. 48 മണിക്കൂറിന് ശേഷം ഇത് എടുത്തുകളയുമെന്നും ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതിനെ സാധൂകരിക്കുന്ന ചില ഗവേഷണ റിപ്പോര്‍ട്ടുകളും ലഭ്യമായി. തുര്‍ക്കിയിലെ ഒരു ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ടില്‍ ഈ രീതി ചിത്രസഹിതം വിശദീകരിച്ചതായി കാണാം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ IMA സമൂഹമാധ്യമ വിഭാഗം ദേശീയ കോര്‍ഡിനേറ്ററുമായ ഡോ. സുല്‍ഫി നൂഹു സംഭവത്തെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ലഭിച്ചു. ഗ്ലൗ ഡ്രെയിന്‍ ഒരു സാധാരണ രീതിയാണെന്നും കാര്യമറിയാതെ ഡോക്ടര്‍മാര്‍ക്കുനേരെ ചികിത്സാപിഴവ് ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.