Malayalam

Fact Check: മുക്കം ഉമര്‍ ഫൈസി മൂത്രചികിത്സയെ അനുകൂലിച്ചോ? പ്രചരിക്കുന്ന വാര്‍ത്താ സ്ക്രീന്‍ഷോട്ടിന്റെ സത്യമറിയാം

മനോരമ ന്യൂസ് ഓണ്‍ലൈനില്‍ 2024 മെയ് 26 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ മുക്കം ഉമര്‍ ഫൈസിയുടെ ചിത്രവും യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തത് സംബന്ധിച്ച് വാര്‍ത്തയും കാണാം.

HABEEB RAHMAN YP

മുക്കം ഉമര്‍ ഫൈസി മൂത്രചികിത്സെ അനുകൂലിച്ച് സംസാരിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തുവെന്നും മൂത്രം കുടിക്കുന്നത് എല്ലാ അസുഖങ്ങള്‍ക്കും പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. മനോരമ ന്യൂസ് ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയുടെ രൂപത്തിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്.

Fact-check

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുക്കം ഉമര്‍ ഫൈസി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

2024 മെയ് 26 ന് മനോരമ ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ രൂപത്തിലാണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട്. ഈ തിയതിയും കീവേഡുകളും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാനമായ വാര്‍ത്ത കണ്ടെത്തി. നടന്‍ കൊല്ലം തുളസി പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തതായും ഈ പ്രസ്താവനകള്‍ നടത്തിയതുമായാണ് വാര്‍ത്ത.

തലക്കെട്ടിലും വാര്‍ത്തയിലും പേരൊഴികെ ഉള്ളടക്കമെല്ലാം സമാനമാണ്. ഇതോടെ മനോരമ ന്യൂസ് കൊല്ലം തുളസിയെക്കുറിച്ച് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയതാണ് പ്രചാരണമെന്ന് വ്യക്തമായി.

അതേസമയം സ്ക്രീന്‍ഷോട്ടിലെയും മനോരമ ന്യൂസിന്റ വെബ്സൈറ്റിലെയും വാര്‍ത്തകളുടെ ഡിസൈനില്‍ ചെറിയ വ്യത്യാസം കാണാം.

ഇതില്‍ വ്യക്തതയ്ക്കായി മനോരമ ന്യൂസ്‍ ഓണ്‍ലൈന്‍ ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ: 

കൊല്ലം തുളസിയെക്കുറിച്ചുള്ള വാര്‍ത്ത മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് 2024 മെയ് 26 നാണ്. എന്നാല്‍ മെയ് 27 മുതല്‍ ഞങ്ങള്‍ വെബ്സൈറ്റിന്റെ ഘടനയിലും ഡിസൈനിലും മാറ്റങ്ങള്‍ വരുത്തി. ഇത് നേരത്തെ തന്നെ ആരംഭിച്ച പ്രക്രിയയാണ്, പൂര്‍ണതോതില്‍ പൊതുവില്‍ പുതിയ ഡിസൈന്‍ ലഭ്യമാക്കിയത് മെയ് 27 തിങ്കളാഴ്ചയാണ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിവസം എടുത്ത സ്ക്രീന്‍ഷോട്ടായിരിക്കും പ്രചരിക്കുന്നത്. മെയ് 27ന് ശേഷം വെബ്സൈറ്റ് തുറന്നാല്‍ പഴയ വാര്‍ത്തകള്‍ ഉള്‍പ്പെടെ പുതിയ ഡിസൈനിലാണ് കാണാനാവുക.

ഇതോടെ മനോരമ ന്യൂസ് കൊല്ലം തുളസിയുടെ പ്രസ്താവന സംബന്ധിച്ച് നല്‍കിയ വാര്‍ത്തയിലെ ചിത്രവും ഉള്ളടക്കവും എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് വ്യക്തമായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍  മറ്റ് മാധ്യമങ്ങളും ഈ വാര്‍ത്ത നല്കിയതായി കണ്ടെത്തി. മീഡിയവണ്‍ യൂട്യൂബ് ചാനലില്‍‌ യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുന്ന ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്. ‌

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതുപോലെ നേരത്തെയും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു. താന്‍ ദിവസേന മൂത്രം കുടിക്കാറുണ്ടെന്നും ഇത് ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് മാതൃഭൂമി ഓണ്‍ലൈന്‍ 2022 മെയ് 15 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

തുടര്‍ന്ന് ഈ വിഷയത്തില്‍ മുക്കം ഉമര്‍ ഫൈസി എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു. അത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Fact Check: Humayun Kabir’s statement on Babri Masjid leads to protest, police action? Here are the facts

Fact Check: താഴെ വീഴുന്ന ആനയും നിര്‍ത്താതെ പോകുന്ന ലോറിയും - വീഡിയോ സത്യമോ?

Fact Check: சென்னையில் அரசு சார்பில் ஹஜ் இல்லம் ஏற்கனவே உள்ளதா? உண்மை அறிக

Fact Check: ಜಪಾನ್‌ನಲ್ಲಿ ಭೀಕರ ಭೂಕಂಪ ಎಂದು ವೈರಲ್ ಆಗುತ್ತಿರುವ ವೀಡಿಯೊದ ಹಿಂದಿನ ಸತ್ಯವೇನು?

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో