പ്രസ്താവനകളിലൂടെ മുസ്ലിം ലീഗുമായി ഇടഞ്ഞ മുക്കം ഉമ്മര്‍ ഫൈസിയെ മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതായി പ്രചാരണം. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇത് മുസ്ലിം ലീഗിനകത്ത് അദ്ദേഹത്തിനെതിരെ നിലപാടുകള്‍ ഉയരാന്‍ സാഹചര്യമൊരുക്കിയതിന് പിന്നാലെയാണ് പ്രചാരണം. മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് ഉമര്‍ ഫൈസിയെ പുറത്താക്കിയെന്ന അവകാശവാദത്തോടെ അദ്ദേഹത്തിന്റെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തി വാര്‍ത്താകാര്‍ഡ് രൂപേണ തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉമര്‍ ഫൈസിയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം ഒരു വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ഏതെങ്കിലും ചാനലിന്റെ ലോഗോയോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ല. 20/11/2024 എന്ന തിയതി ചിത്രത്തില്‍ കാണാം. ആധികാരികതയില്ലാത്ത പ്രചാരണമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ഒരു വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
ഉമ്മര്‍ ഫൈസിയെ മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് തീരുമാനം നവംബര്‍ 28ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന സൂചന ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി മുക്കം മുസ്ലിം ഓര്‍ഫനേജ് സെക്രട്ടറി അബ്ദുല്ലക്കോയയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“നിലവില്‍ ഉമര്‍ ഫൈസിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. അദ്ദേഹം 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. മാനേജ്മെന്റ് കമ്മിറ്റി എന്നൊരു സംവിധാനമില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ മാത്രമാണ് അദ്ദേഹം നിലവില്‍ അംഗമായിരിക്കുന്നത്. നവംബര്‍ 28ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഒരുപക്ഷേ അദ്ദേഹം തുടരുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാം. അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ രാജിയോ അല്ലെങ്കില്‍ മറ്റ് നടപടികളോ ആവാം. ഇക്കാര്യത്തിലൊന്നും ഇപ്പോള്‍ പ്രതികരിക്കുക സാധ്യമല്ല. നിലവില്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രചരിക്കുന്ന കാര്‍ഡ് ആരോ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതില്‍ പൊലീസില്‍ പരാതി നല്കുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്.”
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുക്കം ഉമര്‍ ഫൈസിക്കെതിരെ നിലവില്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും വ്യക്തമായി.