Malayalam

Fact Check: പിഎം ശ്രീ പദ്ധതി നിലപാടില്‍ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് ഉമ്മര്‍ ഫൈസി മുക്കം? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം

വിവാദമായ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്ത സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മര്‍ഫൈസി മുക്കം പറ‍ഞ്ഞതായി കൈരളി ന്യൂസ് ചാനലിന്റേതെന്ന നിലയിലാണ് വാര്‍ത്താകാര്‍ഡ് പ്രചരിക്കുന്നത്.

HABEEB RAHMAN YP

വിവാദമായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനകത്ത് ഭിന്നസ്വരങ്ങളുയര്‍ന്നത് ചര്‍ച്ചയായിരുന്നു. ഘടകകക്ഷിയായ സിപിഐ യുമായി ആലോചിക്കാതെ തീരുമാനമെടുത്തുവെന്ന നിലയില്‍ വിവാദം കടുത്ത സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉമ്മര്‍ ഫൈസി മുക്കം പ്രസ്താവന നടത്തിയതായി പ്രചാരണം. കൈരളി വാര്‍ത്താ ചാനലിന്റേതെന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വിവാദമായ വിഷയത്തില്‍ മതനേതാക്കള്‍ നടത്തുന്ന പ്രസ്താവന വലിയ ചര്‍ച്ചയാകുമെന്നിരിക്കെ ഉമ്മര്‍ ഫൈസിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളാണ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം എന്തെങ്കിലും പ്രതികരണം നടത്തിയതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന കാര്‍ഡ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. 

പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഫോണ്ടും മറ്റ് ഘടകങ്ങളുമെല്ലാം എഡിറ്റ് ചെയ്തതാണെന്ന് പ്രാഥമികമായി സൂചന ലഭിച്ചു. കൈരളിയുടെ ഫോണ്ടോ ഡിസൈനോ അല്ല കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്‍ഡില്‍ കൈരളി ലോഗോയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന തിയതിയുടെ ഫോണ്ടിലും വ്യത്യാസമുണ്ട്. ഇതോടെ പഴയ കാര്‍ഡ് എഡിറ്റ് ചെയ്ത് ചിത്രവും ഉള്ളടക്കവും മാറ്റിയതാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൈരളി ചാനലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ 2025 ഒക്ടോബര്‍ 26 ന് പങ്കുവെച്ച മറ്റൊരു കാര്‍ഡ് ലഭിച്ചു. പ്രചരിക്കുന്ന കാര്‍ഡിന്റെ അതേ പശ്ചാത്തല നിറത്തിലുള്ള ഈ കാര്‍ഡ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ്. 

വിശദമായ പരിശോധനയില്‍ ചാനല്‍ ലോഗോയും തിയതിയുമടങ്ങുന്ന ഭാഗം യഥാര്‍ത്ഥ കാര്‍ഡിലേത് ഉപയോഗിക്കുകയും മറ്റ് ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയുമാണ് ചെ്യതതെന്ന സൂചനലഭിച്ചു. 

തുടര്‍ന്ന് കൈരളി ചാനലുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന കാര്‍ഡ് കൈരളിയുടേതല്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. 

തുടര്‍ന്ന് വിഷയത്തില്‍ ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണത്തിനായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി: 

“ഈ പ്രചാരണം പൂര്‍ണമായി അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇത്തരമൊരു പ്രസ്താവനയും നടത്തിയിട്ടില്ല. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാന്‍‌‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇതെല്ലാം സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ  പാര്‍ട്ടികളുടെ തലത്തിലും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ട സാഹചര്യം നിലവിലില്ല. എന്റെ പേരും ചിത്രവുമുപയോഗിച്ച് ഇത്തരത്തില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. അതൊന്നും മുഖവിലയ്ക്കെടുക്കാറില്ല.”


ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഉമ്മര്‍ഫൈസി മുക്കം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വ്യക്തമായി. 

Fact Check: Humayun Kabir’s statement on Babri Masjid leads to protest, police action? Here are the facts

Fact Check: താഴെ വീഴുന്ന ആനയും നിര്‍ത്താതെ പോകുന്ന ലോറിയും - വീഡിയോ സത്യമോ?

Fact Check: சென்னையில் அரசு சார்பில் ஹஜ் இல்லம் ஏற்கனவே உள்ளதா? உண்மை அறிக

Fact Check: ಜಪಾನ್‌ನಲ್ಲಿ ಭೀಕರ ಭೂಕಂಪ ಎಂದು ವೈರಲ್ ಆಗುತ್ತಿರುವ ವೀಡಿಯೊದ ಹಿಂದಿನ ಸತ್ಯವೇನು?

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో