Malayalam

Fact Check: ഇത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹമോ? വീഡിയോയുടെ സത്യമറിയാം

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹം കടന്നുപോകുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ആംബുലന്‍സും പൊലീസ് വാഹനങ്ങളുമടക്കം പത്തിലേറെ വാഹനങ്ങള്‍ കാണാം.

HABEEB RAHMAN YP

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അകമ്പടി വാഹനങ്ങളുടെ എ​ണ്ണം കുറയ്ക്കുമെന്നത്. എന്നാല്‍ ഇതിന് വിപരീതമായി പത്തിലേറെ അകമ്പടി വാഹനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കടന്നുപോകുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആംബുലന്‍സും പൊലീസ് വാഹനങ്ങളുമടക്കം പത്തിലേറെ വാഹനങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹമല്ല വീഡിയോയിലുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ മുഖ്യമന്ത്രിയുടേതെന്ന തരത്തില്‍ അടയാളപ്പെടുത്തിയ വാഹനത്തിന് മുന്നില്‍ അശോകസ്തംഭം ഉള്ളതായി കണ്ടെത്തി. സാധാരണ നിലയില്‍ മുഖ്യമന്ത്രിമാരുടെ വാഹനത്തിന് ഈ ചിഹ്നം ഉപയോഗിക്കാറില്ല. ഇത് സ്ഥിരീകരിക്കുന്നതിനായി ദേശീയ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട 2007ലെ ഗസറ്റ് വിജ്ഞാപനം പരിശോധിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ  ലെഫ്റ്റനന്റ്് ഗവര്‍ണര്‍മാര്‍, ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശരാഷ്ട്രങ്ങളുടെ മേധാവികള്‍ തുടങ്ങിയവര്‍ക്കാണ് ഈ ചിഹ്നം വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അധികാരമുള്ളത്. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമല്ല ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമായി. 

തുടര്‍ന്ന് വീഡിയോയിലെ വാഹനവ്യൂഹം ആരുടേതെന്ന് പരിശോധിക്കാനായി കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. വെറൈറ്റി മീഡിയോ എന്ന മറ്റൊരു ഫെയ്സ്ബുക്ക് പേജില്‍ 2026 മാര്‍ച്ചില്‍ ഈ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. ഇത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പത്തെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കി. 

കൂടുതല്‍ വ്യക്തതയുള്ള ഈ ദൃശ്യങ്ങളിലും പക്ഷേ വാഹനവ്യൂഹം ആരുടേതെന്ന് വ്യക്തമാക്കുന്നില്ല. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലെ  ദൃശ്യങ്ങളാണെന്ന് കമന്റുകളില്‍ നിന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. 2025 ഒക്ടോബറിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അവസാനമായി കേരളത്തിലെത്തിയത്. ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാടുഡേ യൂട്യൂബ് ചാനലില്‍ കണ്ടെത്തി. 

ANI ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളും രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടുകളിലും സമാനമായ വാഹനവ്യൂഹം കാണാം.  എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ വാഹനമാണോ ഇതെന്ന് കൃത്യമായി സ്ഥിരീകരിക്കാനായില്ല.

അതേസമയം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹത്തിന്റേതല്ലെന്നും  വ്യക്തമായി. 

Fact Check: Video shows fire at Riyadh Airport after Houthi missile attack? No, video is unrelated

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: ‘Jailer 2’ திரைப்படத்திற்காக ரஜினிகாந்தை சிவகார்த்திகேயன் வாழ்த்தியதாகப் பகிரப்படும் காணொலி? உண்மை என்ன

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಸಿಖ್ ವೇಷ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్