ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ദേശീയഗാനത്തെ അപമാനിക്കുന്നുവെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൊതുവേദിയില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ രാഹുല്‍ഗാന്ധി അത് മാറ്റി പകരം മറ്റൊരു ഗാനം കേള്‍പ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയില്‍ വേദിയില്‍ കേള്‍പ്പിച്ചുതുടങ്ങിയ ദേശീയഗാനം രാഹുല്‍ഗാന്ധി ഇടപെട്ട് മാറ്റുന്നതായാണ് കാണാനാവുന്നത്. സൂക്ഷ്മമായി പരിശോധിച്ചതോടെ ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വീഡിയോ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലും ചില മാധ്യമ വാര്‍ത്തകളിലും നേരത്തെ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. ഇന്ത്യാടുഡേ യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ആയി 2022 നവംബര്‍ 17 ന് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍വെച്ച് ദേശീയ ഗാനത്തിന് പകരം മറ്റൊരു ഗാനം വേദിയില്‍ വെച്ചതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. വീഡിയോയില്‍ ദേശീയഗാനത്തിന് പകരം മറ്റൊരു ഗാനം കേള്‍ക്കുന്നതും തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ട് അത് മാറ്റി ദേശീയഗാനം ആവശ്യപ്പെടുന്നതുമാണ് കാണാനാവുന്നത്. ഇതോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എന്‍ഡിടിവി 2022 നവംബര്‍ 17 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ദേശീയഗാനം കേള്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെ മറ്റൊരു ഗാനം പ്ലേ ചെയതുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ എക്സ്പ്രസും സമാന റിപ്പോര്‍ട്ട് നല്‍കിയതായി കാണാം. ഈ റിപ്പോര്‍ട്ടുകളിലെല്ലാം പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകളും കാണാം.
ദേശീയഗാനം മാറി മറ്റൊരു ഗാനം പ്ലേ ചെയ്തതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദേശീയഗാനത്തിന് പകരം മറ്റൊരു ഗാനം കേള്‍പ്പിച്ചതിന് പിന്നാലെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ട് ദേശീയഗാനം പ്ലേ ചെയ്യാനാവശ്യപ്പെടുകയായിരുന്നുവെന്നും വ്യക്തമായി. എഡിറ്റ് ചെയ്ത് ക്രമം തെറ്റിച്ച് ദൃശ്യങ്ങള്‍ നല്‍കിയാണ് വ്യാജപ്രചാരണമെന്നും സ്ഥിരീകരിച്ചു.