ഇന്ത്യന്‍ ദേശീയഗാനം കേട്ട് ആദരവോടെ നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വേദിയിലേക്ക് നടന്നുവരുന്നതിനിടെ സദസ്സിന്റെ നടുവില്‍വെച്ച് ദേശീയഗാനം കേള്‍ക്കുന്നതോടെ വ്ലാഡിമിര്‍ പുടിന്‍ നില്‍ക്കുന്നു. ഇതോടെ സദസ്സില്‍ ഇരിക്കുന്നവരെല്ലാം എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇന്ത്യന്‍ ദേശീയഗാനം കേട്ടല്ല പുടിന്‍ നില്‍ക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ വീഡിയോ നിരവധി യൂട്യൂബ് ചാനലുകളില്‍ പങ്കുവെച്ചതായി കണ്ടെത്തി. റഷ്യന്‍ ഭാഷയില്‍ അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പലതും 2014 ലോ അതിന് മുന്‍പോ പങ്കിട്ടതാണ്.
എന്നാല്‍ ഈ വീഡിയോയില്‍ കേള്‍ക്കുന്ന ദേശീയ ഗാനം പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കുന്നപോലെ ഇന്ത്യന്‍ ദേശീയഗാനമല്ല. മറ്റൊരു സംഗീതമാണ് കേള്‍ക്കുന്നതെന്ന് വ്യക്തമായി. 2014, 2012 വര്‍ഷങ്ങളിലെല്ലാം പങ്കിട്ടതായി കണ്ടെത്തിയ സമാന ദൃശ്യങ്ങളിലെല്ലാം ഈ പശ്ചാത്തല സംഗീതമാണ് കേള്‍ക്കുന്നത്.
ഇത് റഷ്യന്‍ ദേശീയഗാനമാകാമെന്ന അനുമാനത്തില്‍ റഷ്യയുടെ ദേശീയ ഗാനമാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് ഈ വീഡിയോയുടെ യഥാര്‍ത്ഥ സാഹചര്യം അറിയാനായി പരിശോധന തുടര്‍ന്നു. റഷ്യന്‍ ഭാഷയില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൈര്‍ഘ്യമേറിയ മറ്റൊരു പതിപ്പ് കണ്ടെത്തി.
ഇതില്‍ 1:21 സമയത്ത് വേദിയുടെ ദൃശ്യംകാണാം. ഇതില്‍ റഷ്യന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നത് വിവര്‍ത്തനം ചെയ്തതോടെ ഇത് 2011 സെപ്തംബര്‍ 23-24 തിയതികളില്‍ നടന്ന റഷ്യന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.
ഇതോടെ ഇന്ത്യന്‍ ദേശീയഗാനം കേട്ട് പുടിന്‍ ആദരവോടെ നില്‍ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.