Explainer: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ആരോപണങ്ങളും വസ്തുതയും

വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ദുരിതാശ്വാസനിധി സുതാര്യമല്ലെന്നും ഇതുവഴി നല്‍കുന്ന സംഭാവന അര്‍ഹരിലെത്തില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Explainer: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ആരോപണങ്ങളും വസ്തുതയും
Published on
3 min read

നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ മരണസംഖ്യ മുന്നൂറിനോടടുക്കുന്നു. രണ്ടാംദിനവും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായില്ല. അപകടസ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ അകലെവരെ നദിയിലൂടെ മൃതദേഹം ഒലിച്ചെത്തിയ ദാരുണമായ അവസ്ഥയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. വയനാട്ടില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്ണായിരത്തിലേറെ പേരുണ്ട്. ഇവിടങ്ങളിലേക്ക് അവശ്യസാമഗ്രികളുടെ ശേഖരണവും വിതരണവും സജീവമായി നടന്നുവരുന്നു. 

അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മേഖലയുടെ സമഗ്ര പുനരധിവാസവും വീണ്ടെടുക്കലും കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 30ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധി സുതാര്യമല്ലെന്നും ഇതുവഴി നല്‍കുന്ന സംഭാവന അര്‍ഹരിലേക്ക് എത്തുകയില്ലെന്നും അവകാശപ്പെട്ടുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

എന്താണ് ദുരിതാശ്വാസ നിധി?

അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവുന്ന തരത്തില്‍ വിനിയോഗിക്കുന്നതിനായി സമാഹരിക്കുന്ന ധനശേഖരമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. ദുരന്തങ്ങളോ അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ അടിയന്തര സഹായമായി ദുരിതാശ്വാസ നിധിയില്‍നിന്ന് പണം ലഭ്യമാക്കുന്നു. ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി’ അഥവാ CMDRF എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അല്ലെന്നതാണ് വസ്തുത. www.donation.cmdrf.kerala.gov.inഎന്ന വെബ്സൈറ്റ് വഴിയാണ് ദുരിതാശ്വാസനിധിയിലേക്കുള്ള ഡിജിറ്റല്‍ ഇടപാടുകള്‍. ഇതുകൂടാതെ ജില്ലാഭരണകൂടങ്ങള്‍ വഴിയും തുക കൈമാറാനാവും. കൊവിഡ് കാലത്ത് ആയിരം കോടിയിലധികം രൂപയും 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ അയ്യായിരം കോടിയോളം രൂപയുമാണ് ദുരിതാശ്വാസനിധിയില്‍ ലഭിച്ചത്. സാധാരണക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികളും ചലച്ചിത്രതാരങ്ങളുമടക്കം ഇതുവഴി സംഭാവന നല്‍കുന്നു.

CMDRF വെബ്സൈറ്റ്

പണമിടപാടിനപ്പുറം ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ആകെ ലഭിച്ച തുക, ചെലവഴിച്ച തുക എന്നിവയുടെ വിവരങ്ങള്‍ക്കു പുറമെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇതുംസംബന്ധിച്ച ഉത്തരവുകളുമെല്ലാം ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. പരാതികള്‍ സമര്‍പ്പിക്കാനും വെബ്സൈറ്റില്‍ അവസരമുണ്ട്. 

ദുരിതാശ്വാസ നിധിയുടെ നിര്‍വഹണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പാണ്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കാണ് ഭരണ ചുമതല. നിലവില്‍ മുതിര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥനായ രബീന്ദ്ര കുമാര്‍ അഗര്‍വാളിനാണ് ഈ ചുമതലയെന്നും വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍വഹണ ചുമതലയുണ്ടെങ്കിലും റവന്യൂ സെക്രട്ടറിയുടെ അംഗീകാരത്തോടെ മാത്രമേ തുക കൈമാറ്റം ചെയ്യാനാവൂ. ഇതില്‍തന്നെ ഓരോ തലത്തിലും നല്‍കാവുന്ന തുകയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്.  10,000 രൂപവരെ മാത്രമാണ് ജില്ലാകലക്ടര്‍മാര്‍ക്ക് അനുവദിക്കാനാവുക. റവന്യൂ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയ്ക്ക് 15,000 രൂപവരെയും റവന്യൂ മന്ത്രിയ്ക്ക് 25,000 രൂപ വരെയും മുഖ്യമന്ത്രിയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയും അനുവദിക്കാം. മൂന്ന് ലക്ഷത്തിലധികം രൂപ അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി വേണം.

ദുരിതാശ്വാസനിധിയ്ക്ക് പ്രത്യേക കമ്മിറ്റിയുണ്ട്. കമ്മിറ്റിയും നിര്‍വഹണവും സംബന്ധിച്ച പൂര്‍ണവിവരങ്ങളും വെബ്സൈറ്റില്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകളുടെ വിഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ഏഴംഗ പൊതു കമ്മിറ്റിയ്ക്കാണ് ദുരിതാശ്വാസനിധിയുടെ നിര്‍വഹണ ചുമതല.

വരവുചെലവ് കണക്കുകള്‍

ദുരിതാശ്വാസ നിധിയിലൂടെ കൈമാറിയ തുകയുടെ സമ്പൂര്‍ണ വിവരങ്ങള്‍ വൈബ്സൈറ്റില്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പ്രതിദിന അപ്ഡേറ്റായും ആകെ തുകയായും ഇത് വെബ്സൈറ്റില്‍ കാണാം. 2024 ജൂലൈ 31ന് ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയം വരെ ഒരുകോടി 37 ലക്ഷം രൂപയാണ് ഓണ്‍ലൈനില്‍ മാത്രം ലഭിച്ചത്. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സഹായാഭ്യര്‍ത്ഥന നടത്തിയ ജൂലൈ 30 മുതലുള്ള കണക്കനുസരിച്ച് ഇത് ഒരുകോടി 58 ലക്ഷം രൂപയാണ്. വിവിധ പെയ്മെന്റ് ബാങ്കുകള്‍ തിരിച്ചുള്ള കണക്കും ലഭ്യമാക്കിയിട്ടുണ്ട്.

ഈ കണക്കുകളെല്ലാം പൊതുജനമധ്യത്തില്‍ ലഭ്യമാണെന്ന് മാത്രമല്ല, CAG ഓഡിറ്റിന് വിധേയവുമാണ്.

എന്താണ് CAG?

ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ വരവുചെലവ് കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടനയുടെ 148 മുതൽ 151 വരെ വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കണക്കുകള്‍ CAG പരിശോധിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു. ദേശീയതലത്തില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണപരിധിയ്ക്ക് പുറത്താണ്.

ആരോപണങ്ങളുടെ പശ്ചാത്തലം

ഇത്രയും സുതാര്യമായ ദുരിതാശ്വാസനിധി സംബന്ധിച്ച് വിവാദങ്ങളും ആരോപണങ്ങളുമുയരുന്നതിന്റെ പശ്ചാത്തലവും അന്വേഷണവിധേയമാക്കി. 2018ലും 2019ലും പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞവര്‍ഷം ലോകായുക്ത തള്ളിയിരുന്നു. പ്രളയഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ അഴിമതിയോ സ്വജപനപക്ഷപാതമോ ഇല്ലെന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും ലോകായുക്ത വ്യക്തമാക്കുകയായിരുന്നു.

കൂടാതെ 2018, 2019 വര്‍ഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസനിധി വഴി ചെലവഴിച്ച തുകയുടെ പൂര്‍ണവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യവുമാണ്.  

ഉപസംഹാരം

ഈ ദുരന്ത സാഹചര്യത്തില്‍ മറ്റേത് സംവിധാനത്തെക്കാളും സുരക്ഷിതവും സുതാര്യവുമായ ധനസമാഹരണ സംവിധാനമാണ് സര്‍ക്കാറിന്റെ ഔദ്യോഗിക ദുരിതാശ്വാസനിധി. വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മുണ്ടക്കൈ ഗ്രാമത്തിന്റെ വീണ്ടെടുപ്പിനും ദുരിതാശ്വാസ നിധി വഴി സംഭാവന നല്‍കുന്ന തുക ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. തുക വിനിയോഗിക്കുന്നതില്‍ പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിലും വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും വിവരാവകാശ പ്രകാരവും വിശദാംശങ്ങള്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവിശ്വസിക്കേണ്ടതില്ലെന്ന് സാരം.

മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ദുരിതാശ്വാസിനിധി വഴി നമുക്കും കൈകോര്‍ക്കാം. 

Related Stories

No stories found.
logo
South Check
southcheck.in