നടി ഉര്‍വശി ശ്രീരാമനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയോ? വസ്തുതയറിയാം

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശ്രീരാമനെ അധിക്ഷേപിച്ച് പരാമര്‍ശവുമായി നടി ഉര്‍വശി രംഗത്തെത്തിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
നടി ഉര്‍വശി ശ്രീരാമനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയോ? വസ്തുതയറിയാം
Published on
1 min read

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടി ഉര്‍വശി നടത്തിയ പരാമര്‍ശമെന്ന തരത്തില്‍ നടിയുടെ ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും ഉര്‍വശിയുടെ ചിത്രവും സഹിതം തയ്യാറാക്കിയ കാര്‍ഡാണ് പ്രചരിപ്പിക്കുന്നത്.

Fact-check: 

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തിയ പ്രസ്താവനകളെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടി ഉര്‍വശി ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമറിപ്പോര്‍ട്ടുകളിലൊന്നും കാണാനായില്ല. ഇത് പ്രചാരണം വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായി.

തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു. താഴെ പറയുന്ന നിരീക്ഷണങ്ങള്‍ പ്രചാരണം വ്യാജമാകാമെന്നതിന്റെ സുപ്രധാന സൂചനകളായി: 

  • ഒരു മാധ്യമസ്ഥാപനത്തിന്റെയും ലോഗോയോ വാട്ടര്‍മാര്‍ക്കോ ഇതില്‍ കണ്ടെത്താനായില്ല. ഏതെങ്കിലും ഓണ്‍ലൈന്‍ പേജുകളുടെ വാട്ടര്‍മാര്‍ക്കും നല്‍കിയതായി കണ്ടില്ല. 

  • ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മലയാളം യൂനികോഡ് ഫോണ്ട് ആണ്. ഇത് സ്മാര്‍ട്ട് ഫോണുകളുപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്ററുകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. 

  • നല്കിയിരിക്കുന്ന ചിത്രം വ്യാപകമായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ക്കൊപ്പം വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ന്യൂസ് 18 ന്റെയും വിവിധ റിപ്പോര്‍ട്ടുകളിലുള്‍പ്പെടെ ഇത് കാണാം.

തുടര്‍ന്ന് നടി ഉര്‍വശിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അവര്‍തന്നെ സ്ഥിരീകരിച്ചതായി കണ്ടെത്തി. 

താന്‍ മനസ്സില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അവര്‍ അറിയിക്കുന്നു. താനൊരു കലാകാരിയാണെന്നും അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കുന്ന ഉര്‍വശി, ഒരു കലാകാരി എല്ലാവരെയും ഒരുപോലെ കാണുന്ന ആളായിരിക്കണമെന്നാണ് വിശ്വസിക്കുന്നതെന്നും  ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

പിന്നീട് ഉര്‍വശിയുടെ പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും മുഖ്യധാരാ മാധ്യമത്തിലോ സമൂഹമാധ്യമത്തിലോ അവര്‍ നടത്തിയിട്ടില്ലെന്നും അവരുടെ പ്രതിനിധി വ്യക്തമാക്കി.

ഇതോടെ പ്രചരിക്കുന്നത് വ്യാജമായി തയ്യാറാക്കിയ ഉള്ളടക്കമാണെന്ന് സ്ഥിരീകരിക്കാനായി. 

Related Stories

No stories found.
logo
South Check
southcheck.in