Fact Check: ചേട്ടന്റെ വഴിയേ അനിയനും? മോദി സര്‍ക്കാറിനെ പുകഴ്ത്തുന്നത് എ കെ ആന്റണിയുടെ ഇളയ മകനോ?

2014 ന് ശേഷവും അതിന് മുന്‍പും വിവിധ രംഗങ്ങളിലെ മാറ്റങ്ങളെ പുകഴ്ത്തി ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്ന സംസാരിക്കുന്ന അനൂപ് ആന്റണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ രണ്ടാമത്തെ മകനാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check: ചേട്ടന്റെ വഴിയേ അനിയനും? മോദി സര്‍ക്കാറിനെ പുകഴ്ത്തുന്നത് എ കെ ആന്റണിയുടെ ഇളയ മകനോ?

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വര്‍ഷം അനില്‍ ആന്റണി  ബിജെപിയില്‍ ചേര്‍ന്നത് ഏറെ വിവാദമായിരുന്നു.  അനൂപ് ആന്റണി എന്നയാള്‍ മോദിസര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ സഹിതമാണ് അവകാശവാദം. (Archive)

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയിലുള്ളത് എ കെ ആന്റണിയുടെ മകനല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം പരിഗണിച്ച സൂചന വീഡിയോയില്‍ നല്‍കിയിരിക്കുന്ന പേരാണ്. അനൂപ് ആന്റണി എന്ന് വീഡിയോയുടെ താഴെ നല്‍കിയിരിക്കുന്നത് കാണാം. അനൂപ് ആന്റണി, ബിജെപി എന്നീ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ വണ്‍ഇന്ത്യ മലയാളം 2021 ഏപ്രില്‍ ഏഴിന് നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു.

2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍  അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവമോര്‍ച്ചയുടെ അന്നത്തെ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ഇതോടെ വീഡിയോയിലുള്ള വ്യക്തി 2021 ല്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണെന്ന് വ്യക്തമായി.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് തോമസ് ജോസഫ് എന്നാണെന്നും വ്യക്തമായി. 

അനൂപ് ആന്റണിയുടെ എക്സ് പ്രൊഫൈലില്‍നിന്നും അദ്ദേഹം ദീര്‍ഘകാലമായി ബിജെപിയ്ക്കൊപ്പമുള്ള വ്യക്തിയാണെന്ന് വ്യക്തമാണ്. പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണപതിപ്പ് അദ്ദേഹം തന്നെ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. (Archive)

തുടര്‍ന്ന് എ കെ ആന്റണിയുടെ കുടുംബത്തെക്കുറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ പേര് അജിത് കെ ആന്റണി എന്നാണെന്ന് ഓണ്‍മനോരമ 2023 ഏപ്രിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എ കെ ആന്റണി ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സജീവരാഷ്ട്രീയത്തിലില്ലെങ്കിലും അനില്‍ കെ ആന്റണിയുടെ വഴിയേ ബിജെപിയെ പിന്തുണയ്ക്കാനില്ലെന്നും തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അജിത് ആന്റണി വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ‌‍‍‌‌

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in