
അഫിലിയോണ്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമിയില്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നും ഇതുമൂലം അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഭൂമിയും സൂര്യനും തമ്മില്‍ അകലം ഏറ്റവും കൂടുതലാകുന്ന ദിവസങ്ങളിലെ ഈ പ്രതിഭാസം മൂലം തണുപ്പ് കൂടുമെന്നും ജലദോഷം, പനി, ശ്വാസതടസം മുതലായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് സന്ദേശം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഫിലിയണ്‍ പ്രതിഭാസം കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നും അസുഖങ്ങള്‍ക്ക് സാധ്യത കൂടുമെന്ന അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അഫിലിയണ്‍ പ്രതിഭാസത്തെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. ദീര്‍ഘവൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യുന്ന ഭൂമി സൂര്യനുമായി ഏറ്റവും അകലെ വരുന്ന സമയത്തെയാണ് അഫിലിയണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ജൂലൈ മാസത്തിലാണ് ഇത് സംഭവിക്കുന്നതെന്നും പ്രാഥമികമായി കണ്ടെത്തി.
2025 ലെ അഫിലിയണ്‍ പ്രതിഭാസം ജൂലൈ 3-നായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സൂര്യനും ഭൂമിയും തമ്മിലെ അകലം 90,000,000 കിലോമീറ്ററാണെന്നും അഫിലിയണ്‍ പ്രതിഭാസത്തിന്റ സമയത്ത് ദൂരം 152,000,000 കിലോമീറ്ററായി 66% വർധിക്കുമെന്നും സന്ദേശത്തിലുണ്ട്. ഈ കണക്കുകളും കൃത്യമല്ലെന്ന് കണ്ടെത്തി. സൂര്യനും ഭൂമിയും തമ്മിലെ കുറഞ്ഞ ദൂരം ഏകദേശം 147 ദശലക്ഷം കിലോമീറ്ററാണ്. അഫിലിയണ്‍ സമയത്ത് ഇത് 152 ദശലക്ഷം കിലോമീറ്ററായി ഉയരുന്നു. അഫിലിയണ്‍ പ്രതിഭാസത്തിന്റെ സമയത്ത് ദൂരം 66 ശതമാനം വര്‍ധിക്കുമെന്ന അവകാശവാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി.
ആധികാരിക വിവരങ്ങള്‍ക്കായി തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ നീത കെ ഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം:
“അഫിലിയണ്‍ പ്രതിഭാസം ജൂലൈ മാസത്തിലാണ്. ഇതില്‍നിന്നുതന്നെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മനസ്സിലാക്കാം. അഫിലിയണ്‍ പ്രതിഭാസമെന്നത് സൂര്യനും ഭൂമിയും തമ്മില്‍ ഏറ്റവും അകലം കൂടുന്ന സമയമാണ്. എന്നാല്‍ ഉത്തരാര്‍ധ ഗോളത്തില്‍ പൊതുവെ വേനല്‍ക്കാലമായതിനാല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സന്ദേശത്തില്‍ പറയുന്നതുപോലെയുള്ള സാധ്യതകളുമില്ല.”
അഫിലിയണ്‍ പ്രതിഭാസം കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്ന് നാസയുടെ വെബ്സൈറ്റുകളിലെ വിവരങ്ങളും സൂചിപ്പിക്കുന്നു. ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ടാണ് ഋതുക്കൾക്ക് കാരണമെന്ന് നാസയുടെ വെബ്സൈറ്റില്‍ കാണാം.
അഫിലിയണ്‍ പ്രതിഭാസം പ്രകടമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കോ അതുമൂലം അസുഖങ്ങള്‍ക്കോ കാരണമാകുന്നവെന്ന തരത്തില്‍ ഏതെങ്കിലും പഠന റിപ്പോര്‍ട്ടുകളോ മറ്റോ കണ്ടെത്താനുമായില്ല. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
ഈ വര്‍ഷത്തെ അഫിലിയണ്‍ പ്രതിഭാസം ജൂലൈയില്‍ കഴിഞ്ഞതിനാല്‍ നിലവില്‍ ഈ സന്ദേശത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും സ്ഥിരീകരിച്ചു.