
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ മുതിര്‍ന്ന ഇടത് നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. അച്ഛനെ കാണാന്‍ സ്വരാജ് എത്തിയില്ലെന്ന തരത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്താ രൂപത്തിലാണ് പ്രചാരണം. ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്തയുടെ രുപത്തില്‍ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും അച്യുതാനന്ദന്റ മകന്‍ ഇത്തരമൊരു പരസ്യപ്രസ്താവന നടത്തുകയോ ഏഷ്യാനെറ്റ് ഇത്തരമൊരു വാര്‍ത്ത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പരിശോധിച്ചതോടെ ഇതിലുപയോഗിച്ചിരിക്കുന്ന ഫോണ്ടും വാക്യഘടനയുമടക്കം കാര്യങ്ങള്‍ ഇത് വ്യാജമാകാമെന്നതിന്റെ സൂചന നല്‍കി. ഒരു വാര്‍ത്താ തലക്കെട്ടിന്റെ രൂപമോ ഘടനയോ ഇല്ലാത്തവിധത്തിലാണ് ഉള്ളടക്കം. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. എം സ്വരാജിനെ നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മെയ് 30 നാണ്. ഇതിന് ശേഷം ഇന്നുവരെ ഇത്തരമൊരു വാര്‍ത്ത ഈ പേജില്‍ പങ്കുവെച്ചതായി കണ്ടെത്താനായില്ല. അതേസമയം പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് ലഭ്യമായി.
തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം പരിശോധിച്ചു. റിവേഴ്സ് ഇമേജ് പരിശോധനയില്‍ 2022 ലെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി.
വി എസിന്റെ ഓണാഘോഷത്തെക്കുറിച്ചാണ് വാര്‍ത്ത. അദ്ദേഹത്തിന് പനി ബാധിച്ചുവെങ്കിലും ഓണാഘോഷം മുടക്കിയില്ലെന്നും സന്തോഷത്തോടെ ഓണം ആഘോഷിച്ചെന്നും മകന്‍ അരുണ്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. ഫെയ്സ്ബുക്കില്‍ അരുണ്‍ കുമാര്‍ പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്റും ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് നിലവിലെ സാഹചര്യവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി.
പ്രതീകാത്മക ചിത്രമായോ മറ്റോ ഇത് ഉപയോഗിച്ചിരിക്കുമോ എന്നതില്‍ വ്യക്തതയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും ഏഷ്യാനെറ്റ് അത്തരമൊരു വാര്‍ത്തയോ ചിത്രമോ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം എം സ്വരാജ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാത്തതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി നിലമ്പൂരില സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു.