Fact Check: ഇസ്രയേലിന്റെ വ്യോമപാതാ വിലക്ക് ലംഘിച്ച് ചൈന ഗാസയ്ക്ക് സഹായമെത്തിച്ചോ? വീഡിയോയുടെ വാസ്തവം

യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഗാസയ്ക്ക് ഇസ്രയേലിന്റെ വ്യോമപാത വിലക്ക് ലംഘിച്ച് ഭക്ഷണവും മരുന്നുമുള്‍പ്പെടെ സഹായം ചൈന വ്യോമമാര്‍ഗം എത്തിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ഇസ്രയേലിന്റെ വ്യോമപാതാ വിലക്ക് ലംഘിച്ച് ചൈന ഗാസയ്ക്ക് സഹായമെത്തിച്ചോ? വീഡിയോയുടെ വാസ്തവം
Published on
2 min read

ഇസ്രയേലിന്റെ വ്യോമപാതാ വിലക്ക് ലംഘിച്ച് ചൈന ഗാസയ്ക്ക് സഹായമെത്തിക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്റേയും വിമാനങ്ങളില്‍നിന്ന് ഭക്ഷണപ്പൊതികളും മറ്റും താഴേയ്ക്ക് ഇട്ടുനല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈജിപ്തിന് മുകളിലൂടെ യുദ്ധവിമാനങ്ങളില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച ചൈനയ്ക്ക് നന്ദിയറിയിക്കുന്ന തരത്തിലാണ് സന്ദേശം.  

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പഴയ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ദൃശ്യം പല വീഡിയോകള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയതാണെന്ന സൂചന ലഭിച്ചു. ഇതിലെ പല ഷോട്ടുകളിലും വ്യക്തതയിലെ വ്യത്യാസം പ്രകടമാണ്. തുടര്‍ന്ന് ചില പ്രധാന കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. പിരമിഡിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറക്കുന്ന ഭാഗത്തിന് സമാനമായ ദൃശ്യങ്ങള്‍ വിവിധ  വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ 2025 മെയ് ആദ്യവാരം പങ്കിട്ടതായി കണ്ടെത്തി. Skyscapeluxor എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ഈജിപ്ത്, ചൈന വ്യോമസേനകള്‍ ഗിസ പിരമിഡിന് മുകളില്‍ നടത്തിയ വ്യോമാഭ്യാസം എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

Ahmed.attarr എന്ന വെരിഫൈഡ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍നിന്നും മെയ് 2ന് സമാന അടിക്കുറിപ്പോടെ ഇതേ വീഡിയോ പങ്കുവെച്ചതായികാണാം. 

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റോയിറ്റേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വ്യോമാഭ്യാസവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിട്ടുണ്ട്. മെയ് ആദ്യവാരമായിരുന്നു സംയുക്ത വ്യോമാഭ്യാസം. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത വ്യോമാഭ്യാസം സംബന്ധിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം ഏപ്രിലില്‍ പുറത്തിറക്കിയ പത്രക്കുറിപ്പും ലഭിച്ചു.  ഇതോടെ പ്രചരിക്കുന്ന വീഡിയോയിലെ ഒരു പ്രധാന ഭാഗത്തിന് അവകാശവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. 

തുടര്‍ന്ന് വീഡിയോയിലെ മറ്റുചില ഭാഗങ്ങളും പരിശോധിച്ചു. വിമാനത്തില്‍നിന്ന് ഭക്ഷണപ്പൊതികള്‍ താഴേക്ക് ഇട്ടുനല്‍കുന്ന ദൃശ്യത്തിന് സമാനമായ ഒരു വീഡിയോ ഗെറ്റിഇമേജസ് വെബ്സൈറ്റില്‍ കണ്ടെത്തി. ഗാസയ്ക്ക് യുഎന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നല്‍കിയ സഹായത്തിന്റെ ദൃശ്യങ്ങളാണിത്. 

ഗാസയിലേക്ക് മാനുഷിക സഹായമെത്തിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെങ്കിലും ചൈന നേരിട്ട് വ്യോമമാര്‍ഗം സഹായമെത്തിച്ചതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. 

ചൈനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ഗാസയ്ക്ക് പലസ്തീന്‍ ഗവണ്മെന്റുമായി ബന്ധപ്പെട്ട് ചൈന സഹായം ലഭ്യമാക്കിയത് 2025 ഫെബ്രുവരിയിലാണ്. എന്നാല്‍ ഇതും വ്യോമമാര്‍ഗമല്ല. 

ഗാസയ്ക്ക് അവസാനം സഹായം ലഭിച്ചത് 2025 മാര്‍ച്ചിലാണെന്ന് യൂനിസെഫ് എക്സില്‍ പങ്കുവെച്ച കുറിപ്പിലും വ്യക്തമാക്കുന്നു. 

ലഭ്യമായ വിവരങ്ങളില്‍നിന്ന് ചൈന വ്യോമമാര്‍ഗം ഗാസയ്ക്ക് സഹായമെത്തിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in