
ഷാങ്ഹായ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിലെത്തി. ടിയാൻജിൻ വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൈന നൽകിയ സ്വീകരണമെന്ന തരത്തിൽ ഡ്രോൺ ഉപയോഗിച്ച് ലേസര്‍ ലൈറ്റില്‍ മോദിയ്ക്ക് സ്വാഗതമരുളുന്ന ഒരുല ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ ചിത്രവും ചൈനയിലേക്ക് സ്വാഗതം എന്ന വാചകവും ലേസര്‍ ലൈറ്റുകളില്‍ ഡ്രോണുകളുപയോഗിച്ച് തെളിയുന്ന തരത്തില്‍ ഒരു ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും വസ്തുതാ പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തിലെ ഫോണ്ടിലും വലിപ്പത്തിലും കൃത്യതയില്ലാത്തതും വ്യക്തതക്കുറവും ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചന നൽകി. ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ പീപിൾസ് ഡെയ്ലി ചൈന 2025 ഏപ്രിൽ 21 ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച സമാന ചിത്രം ലഭിച്ചു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംകിങിലെ ഡ്രോൺ ലൈറ്റ് ഷോ എന്ന വിവരണത്തോടെയാണ് പോസ്റ്റ്. നിരവധി ചിത്രങ്ങളടങ്ങിയ പോസ്റ്റിൽ പ്രചരിക്കുന്ന ചിത്രത്തിലെ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ചിത്രവും കാണാം. ചിത്രത്തിലെ പശ്ചാത്തലവും മറ്റു ഘടകങ്ങളും സമാനമാണ്.
പീപിൾസ് ഡെയ്ലി ചൈന നൽകിയ ചിത്രത്തിൽ ചൈനീസ് വാർത്ത ഏജൻസിയായ ഷിൻഹുവയുടെ ലോഗോ കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഷിൻഹുവ നെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടും ലഭിച്ചു. 2025 ഏപ്രിൽ 19 ന് ചോംകിങിൽ ആരംഭിച്ച 15 മിനിറ്റ് ഡ്രോൺ ലൈറ്റ് ഷോയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ എല്ലാ ശനിയാഴ്ചകളിലും നഗരത്തിൽ ഡ്രോൺ ലൈറ്റ് ഷോ തുടരുമെന്നും പറയുന്നു.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനയില്‍ ഡ്രോണ്‍ ലൈറ്റുകളുപയോഗിച്ച് ഒരുക്കിയ സ്വീകരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.