Fact Check: ശ്രീലങ്കന്‍ സ്വദേശിനി സറീന കുല്‍സുവിന് പൗരത്വം ലഭിച്ചത് CAA വഴിയോ? സത്യമറിയാം

Fact Check: ശ്രീലങ്കന്‍ സ്വദേശിനി സറീന കുല്‍സുവിന് പൗരത്വം ലഭിച്ചത് CAA വഴിയോ? സത്യമറിയാം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ ഇതുവഴി കേരളത്തില്‍ നിന്ന് ആദ്യ പൗരത്വം ലഭിച്ച ശ്രീലങ്കന്‍ സ്വദേശിനിയായ മുസ്ലിം യുവതി എന്ന അടിക്കുറിപ്പോടെയാണ് ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ സറീന കുല്‍സുവിന്റെ ചിത്രം പങ്കുവെച്ചത്.
Published on

2024 മാര്‍ച്ച് 11 ന് പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ CAA വിരുദ്ധ സമരങ്ങള്‍ കേരളത്തിലുള്‍‌പ്പെടെ വീണ്ടും സജീവമായി. യുഡിഎഫും എല്‍ഡിഎഫും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തി. നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.  നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. വിവിധ മുസ്ലിം സംഘടനകളും നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും CAA മുസ്ലിംകളെ പോലും സംരക്ഷിക്കുന്ന നിയമമാണെന്നും അവകാശപ്പെട്ടുകൊണ്ട് ചില വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

CAA നടപ്പാക്കിയതിന് ശേഷം ആദ്യം പൗരത്വം ലഭിച്ചത് കേരളത്തില്‍ താമസമാക്കിയ മുസ്ലിം വനിതയ്ക്ക് എന്ന തലക്കെട്ടോടെയാണ് ‘വാര്‍ത്ത’ പങ്കുവെച്ചിരിക്കുന്നത്. 

Fact-check: 

തൃശൂരില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശിയെക്കുറിച്ചാണ് പ്രചരിക്കുന്ന വാര്‍ത്ത. ബ്രേവ് ഇന്ത്യ ന്യൂസ് എന്ന വെബ്സൈറ്റില്‍ 2024 മാര്‍ച്ച് 14 ന് പ്രസിദ്ധീകരിച്ച  വാര്‍ത്തയുടെ ലിങ്കാണ് പ്രചരിക്കുന്നത്. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ജന്മഭൂമി ഓണ്‍ലൈനിലും ജനം ഓണ്‍ലൈനിലും ഇതേ തിയതിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ബുധനാഴ്ചയാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിദ്ധീകരിച്ച തിയതി പ്രകാരം അതിന് തലേദിവസം 2024 മാര്‍ച്ച് 13 ആണ് ബുധനാഴ്ച. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ രണ്ടാംനാള്‍. 

എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഈ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടില്ല. ഇത് സംശയമുളവാക്കി. ഇതേത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. 

ഇതോടെ ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് 2024 മാര്‍ച്ച് 6 ന് തൃശൂരിലെ ഒരു പ്രാദേശിക വാര്‍ത്താ വെബ്സൈറ്റിലാണെന്ന് കണ്ടെത്തി. 

ന്യൂസ് ചാനല്‍ തൃശൂര്‍ എന്ന വെബ്സൈറ്റില്‍ തൃശൂര്‍ ജില്ലാകലക്ടര്‍ കൃഷ്ണതേജയില്‍നിന്ന് സറീന കുല്‍സു പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നുവെന്ന വാര്‍ത്തയ്ക്കൊപ്പം ചിത്രവും കാണാം. പിന്നീട് മാര്‍ച്ച് 8 ന് മാതൃഭൂമി ഓണ്‍ലൈനിലും ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതായി കാണാനായി.

1990ല്‍ തൃശൂര്‍ സ്വദേശിയെ അബുദാബിയില്‍വെച്ച് വിവാഹം കഴിച്ച ശ്രീലങ്കന്‍ സ്വദേശിനിയായ സറീന കുല്‍സു 1992 ലാണ് ത‍ൃശൂരില്‍ താമസമാക്കുന്നത്. 1997-ല്‍ ആദ്യമായി പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും  പാസ്പോര്‍ട്ട് പുതുക്കുന്നതിനടക്കം കര്‍ശന നിബന്ധനകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് 2017 ല്‍ വീണ്ടും അപേക്ഷ നല്‍കുകയായിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 മാര്‍ച്ച് ആറിനാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ കലക്ട്രേറ്റില്‍വെച്ച് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇതോടെ സറീന കുല്‍സുവിന് പൗരത്വസര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കേന്ദ്രം പൗരത്വനിയമ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യുന്നതിന് അഞ്ചുദിവസങ്ങള്‍ക്കു മുന്‍പാണെന്ന് വ്യക്തമായി. ഇത് ഇവരുടെ പൗരത്വവും CAA വിജ്ഞാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതിന്റെ ആദ്യ സൂചനയായി. 

തുടര്‍ന്ന് സ്ഥിരീകരണത്തിനായി തൃശൂര്‍ കലക്ട്രേറ്റില്‍ ബന്ധപ്പെട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 

“സറീന കുല്‍സുവിന്റെ പൗരത്വവുമായി ബന്ധപ്പെട്ട പ്രചാരണം ശ്രദ്ധിയില്‍പെട്ടിരുന്നു. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കാലങ്ങളായി തൃശൂരില്‍ താമസമാക്കിയ അവര്‍ എത്രയോ വര്‍ഷങ്ങളായി പൗരത്വത്തിന് അപേക്ഷ നല്‍കിയിട്ട്. സാങ്കേതിക കാരണങ്ങളാല്‍‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയ്ക്ക് ഏറെ കാലതാമസം നേരിട്ടു. ഇത് വിദേശികള്‍ക്ക് പൗരത്വം നല്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായ കാലതാമസമാണ്. ജില്ലാഭരണകൂടത്തിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, പൗരത്വ അപേക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ആഭ്യന്തരമന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അത് കൈമാറുകയും മാത്രമാണ് ജില്ലാ കലക്ടര്‍ ചെയ്യുന്നത്. ഇത് എത്രയോ വര്‍ഷങ്ങളായി ഇവരുടെ കാര്യത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ CAA വിജ്ഞാപനവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, CAA യില്‍ ശ്രീലങ്കയെന്ന രാജ്യത്തെയോ മുസ്ലിം വിഭാഗത്തെയോ പരാമര്‍ശിക്കുന്നുമില്ല.

ഇതോടെ ജനം ഓണ്‍ലൈന്‍, ജന്മഭൂമി ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. CAAയുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചു.

2019 ല്‍ പുറത്തിറക്കിയ പൗരത്വഭേദഗതി‍ പ്രകാരം 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ താമസമാക്കിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതസ്ഥര്‍ക്കാണ് പൗരത്വം നല്‍കാന്‍ വ്യവസ്ഥയുള്ളത്.

2024 മാര്‍ച്ച് 11നാണ് പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്

ഇതിന് പിന്നാലെ രജിസ്ട്രേഷനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജീകരിച്ചു. പൗരത്വത്തിന് അര്‍ഹതയുള്ള രാജ്യങ്ങളും മതവിഭാഗങ്ങളും സംബന്ധിച്ച് വെബ്സൈറ്റിലും വിശദമാക്കുന്നു. ശ്രീലങ്കയെക്കുറിച്ചോ മുസ്ലിം മതവിഭാഗത്തെക്കുറിച്ചോ ഇതിലെങ്ങും പരാമര്‍ശമില്ലെന്നും വ്യക്തമാണ്.

ഇതോടെ പ്രചാരണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും സറീന കുല്‍സുവിന്റെ പൗരത്വവും 2019-ലെ പൗരത്വഭേദഗതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

logo
South Check
southcheck.in