KSRTC യിലെ വനിതാ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. വനിതകള്‍ക്കായി മുന്‍ഗണന നിശ്ചയിച്ച സീറ്റുകള്‍ ബസ്സ് പുറപ്പെടുന്ന സ്ഥലത്തുനിന്ന് കാലിയാണെങ്കില്‍ അതില്‍ പുരുഷന്മാര്‍ക്ക് ഇരുന്ന് യാത്രചെയ്യാമെന്നും യാത്രാമധ്യേ കയറുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ എഴുന്നേല്‍പ്പിച്ച് ഈ സീറ്റുകളില്‍ ഇരിക്കാനാവില്ലെന്നുമാണ് അവകാശവാദം.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ KSRTC യുടെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിച്ചു. 1997ല്‍ KSRTC ഇറക്കിയ ഉത്തരവിലാണ് വനിതാ സീറ്റ് സംവരണം സംബന്ധിച്ച് പ്രതിപാദിക്കുന്നത്. ഇത് KSRTC യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
മുന്‍ഗണനാ സീറ്റുകളില്‍ ബസ്സ് യാത്ര പുറപ്പെടുന്ന സമയത്ത് സ്ത്രീകള്‍ ഇല്ലെങ്കില്‍ ആ സീറ്റുകള്‍ പുരുഷന്മാര്‍ക്ക് അനുവദിക്കാമെന്നും എന്നാല്‍ യാത്രാമധ്യേ സ്ത്രീകള്‍ കയറിയാല്‍ സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്നും വ്യക്തമായി പറയുന്നു.
തുടര്‍ന്ന് ഈ നിയമങ്ങളില്‍ പിന്നീട് മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു. 2014ല്‍ പതിമൂന്നാം കേരളനിയമസഭയിലെ ചോദ്യോത്തരവേളയില്‍ KSRTC സീറ്റ് സംവരണം സംബന്ധിച്ച് ചോദ്യമുന്നയിച്ചതായി കണ്ടെത്തി. ശ്രീ. സി. മോയിന്‍കുട്ടി MLA അന്നത്തെ ഗതാഗതവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചോദിച്ച ചോദ്യത്തിന് മറുപടിയായി ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മുന്‍ഗണനാ സീറ്റുകള്‍ ഉള്‍പ്പെടെ സംവരണ സീറ്റുകളില്‍ സ്ത്രീകള്‍ എവിടെനിന്ന് കയറിയാലും കണ്ടക്ടര്‍ സീറ്റ് ലഭ്യമാക്കണമെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.
ഇതോടെ യാത്രാമധ്യേ സംവരണ/മുന്‍ഗണന സീറ്റുകള്‍ക്കായി സ്ത്രീകള്‍ക്ക് അവകാശവാദം ഉന്നയിക്കാനാവില്ല എന്ന വാദം തെറ്റാണെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കോടതിവിധിയെക്കുറിച്ച് പരിശോധിച്ചു.
ദീര്‍ഘദൂര-ലക്ഷ്വറി ബസ്സുകളില്‍ സീറ്റ് ശേഷിയ്ക്കുപുറമെ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യാന്‍ പാടില്ലെന്നാണ് 2018 ഏപ്രിലില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച മാധ്യമവാര്‍ത്തകളും ലഭ്യമായി.
കോടതിവിധിയുടെ അടിസ്ഥാനം കേരള മോട്ടോര്‍വാഹന നിയമത്തിലെ റൂള്‍ 267 (2) ആണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കേരള മോട്ടോര്‍വാഹന നിയമം വ്യക്തമായി പരിശോധിച്ചു. പൊതുഗതാഗത സംവിധാനത്തില്‍ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ഒഴികെ സര്‍വീസുകളില്‍ സീറ്റിങ് ശേഷിയുടെ 25 ശതമാനം വരെ ആളുകളെ നിബന്ധനകള്‍ക്ക് വിധേയമായി നിന്ന് യാത്രചെയ്യാന്‍ അനുവദിക്കാമെന്നും, ദീര്‍ഘദൂര, സൂപ്പര്‍ക്ലാസ്, സൂപ്പര്‍ഡീലക്സ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ ഇത് പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി KSRTC അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. മേല്‍പ്പറഞ്ഞ സംവരണനിയമത്തെ സാധൂകരിക്കുന്ന മറുപടിയാണ് ലഭിച്ചത്. മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ടും വ്യക്തതലഭിച്ചു. പ്രതികരണത്തിന്റെ സംഗ്രഹം ഇങ്ങനെ:
“KSRTC യിലെ വനിതാ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് നേരത്തെയും വ്യാജപ്രചരണങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ ബസ്സുകളിലും, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളിലും നിലവിലെ സംവരണനിയമപ്രകാരമാണ് സീറ്റുകള്‍. ഇതില്‍ സംവരണ/മുന്‍ഗണനാ സീറ്റുകള്‍ ഏത് സമയത്തും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. യാത്രാമധ്യേ ആയാലും സ്ത്രീകള്‍ വന്നാല്‍ എഴുന്നേറ്റ് നല്‍കണം. അതേസമയം സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍ - അതായത് സ്കാനിയ, വോള്‍വോ, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ഡീലക്സ് തുടങ്ങിയ സര്‍വീസുകളില്‍ - തൊണ്ണൂറ് ശതമാനം സര്‍വീസും റിസര്‍വേഷനോടുകൂടിയാണ് നടത്തുന്നത്. ഈ ബസ്സുകളില്‍ സീറ്റ് നമ്പര്‍ 03,04,05,06 സീറ്റുകള്‍ വനിതാസംവരണമാണ്. ഇവയില്‍ പുരുഷന്മാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്യാനാവില്ല. സീറ്റ് ഒഴിഞ്ഞുകിടന്നാലും അതില്‍ പുരുഷന്മാരെ യാത്രചെയ്യാന്‍ പൊതുവെ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ യാത്രാമധ്യേ നിന്ന് യാത്രചെയ്യേണ്ടിവരുന്ന അവസ്ഥ ഉണ്ടാകില്ല.ബാക്കി സീറ്റുകളെല്ലാം ജനറല്‍സീറ്റുകളാണ്.”
2019ല്‍ സമാനമായ പ്രചരണമുണ്ടായ സാഹചര്യത്തില്‍ കേരള പൊലീസും ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.