

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്ഭവന്റെ നിര്‍ദേശപ്രകാരം ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായിരുന്നു. എന്നാല്‍ പരിപാടിയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിച്ച സമയത്ത് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ എഴുന്നേറ്റ് നിന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വന്ദേമാതരം തുടങ്ങിയ ശേഷം രാഹുല്‍ഗാന്ധി അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സാങ്കേതികപിഴവ് മൂലം വന്ദേമാതരത്തിന്റെ തുടക്കം കേള്‍ക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചിക്കുന്ന വീഡിയോയില്‍ വി ഡി സതീശനെയും രാഹുല്‍ഗാന്ധിയെയും മാത്രമാണ് ഈ സമയത്ത് കാണാനാകുന്നത്. പശ്ചാത്തലത്തില്‍ വന്ദേമാതരത്തിന്റെ രണ്ടാം ഖണ്ഡികയിലെ രണ്ടാമത്തെ വരിയായ ‘ഫുല്ല കുസുമിത ധ്രുമതല ശോഭിനിം” എന്ന ഭാഗമാണ് കേള്‍ക്കുന്നത്.
പരിപാടിയുടെ പൂര്‍ണ ദൃശ്യങ്ങളാണ് തുടര്‍ന്ന് പരിശോധിച്ചത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ട സത്യപ്രതിജ്ഞ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ വന്ദേമാതരം ആലപിക്കാന്‍ തുടങ്ങുന്നത് 24-ാം മിനുറ്റിലാണ്. ഈ സമയത്ത് പശ്ചാത്തലത്തില്‍ ആദ്യം ഒരു അനൗണ്‍സ്മെന്റ് കേള്‍ക്കാം. ‘നാഷണല്‍ സോങ് കാന്‍ പ്ലേ” എന്നാണ് പറയുന്നത്. ഈ സമയത്ത് ദൃശ്യങ്ങളില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നതാണ് കാണുന്നത്.
വന്ദേമാതരത്തിന്റെ രണ്ടാം ഖണ്ഡികയിലെ രണ്ടാമത്തെ വരിയായ ‘ഫുല്ല കുസുമിത ധ്രുമതല ശോഭിനിം” എന്ന വരിയെത്തുമ്പോള്‍ മാത്രമാണ് ഓഡിയോ കേള്‍ക്കുന്നത്. ഇത് സാങ്കേതികമായ പിഴവാണെന്ന് മനസ്സിലാക്കാം. ഈ സമയത്ത് പെട്ടെന്ന് ദേശീയഗീതം കേട്ടതിന്റെ ഭാവമാറ്റത്തോടെ ഗവര്‍ണര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും തൊട്ടടുത്ത് നില്‍ക്കുന്നവരോട് ഇതിനെക്കുറിച്ച് ആംഗ്യം കാണിച്ച് ചോദിക്കുന്നതും കാണാം. ഈസമയത്ത് ക്യാമറ വൈഡ് ആംഗിള്‍ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ വി ഡി സതീശന്‍ എഴുന്നേറ്റ് നിന്നതായും കാണാം.
അതായത് വന്ദേമാതരത്തിന്റെ തുടക്കഭാഗം സ്പീക്കറില്‍ കേള്‍ക്കാന്‍ സാങ്കേതിക പ്രശ്നം മൂലം സാധിക്കാത്തതിനാലാണ് വേദിയില്‍ ഇരിക്കുകയായിരുന്ന പലരും എഴുന്നേല്‍ക്കാന്‍ വൈകിയത്. ഗവര്‍ണര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ വി ഡി സതീശന്‍ എഴുന്നേറ്റ് നിന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരിലൊരാളുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ആലപിച്ചിരുന്നു. ഇതി്ല്‍ തുടക്കത്തില്‍ ആലപിച്ച സമയത്ത് ആദ്യഭാഗം പ്ലേ ചെയ്ത് തുടങ്ങിയ ശേഷമാണ് വേണ്ടവിധത്തില്‍ ശബ്ദം സ്പീക്കറില്‍ കേട്ടുതുടങ്ങിയത്. ഇത് എന്തെങ്കിലും ചെറിയ സാങ്കേതിക പിഴവാകാമെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ സ്പീക്കറില്‍ വന്ദേമാതരം കേട്ടുതുടങ്ങിയപ്പോഴാണ് പലരും സീറ്റില്‍നിന്ന് എഴുന്നേറ്റത്. ഇതല്ലാതെ അവിടെ വന്ദേമാതരത്തിന് എഴുന്നേറ്റ് നില്‍ക്കാത്ത തരത്തില്‍ പ്രതിഷേധമോ മറ്റോ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ അത് വാര്‍ത്തയാകുമായിരുന്നല്ലോ.”
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.