Fact Check: പിണറായിയുടെ പാട്ടിന് ബിന്ദു കൃഷ്ണയുടെ തിരുവാതിര: വീഡിയോയുടെ വസ്തുതയറിയാം

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി 2022 ല്‍ പുറത്തിറങ്ങിയ തിരുവാതിരപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്ന കൊല്ലം DCC പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും സംഘത്തെയും ദൃശ്യങ്ങളില്‍ കാണാം.
Fact Check: പിണറായിയുടെ പാട്ടിന് ബിന്ദു കൃഷ്ണയുടെ തിരുവാതിര: വീഡിയോയുടെ വസ്തുതയറിയാം

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെയും സംഘത്തിന്റെയും തിരുവാതിര പരിശീലന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരുവാതിരപ്പാട്ടായി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി 2022 ല്‍ സിപിഐഎം  തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച തിരുവാതിരയുടെ പാട്ടാണ് പശ്ചാത്തലത്തില്‍. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും സംഘവും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പാട്ടിന് നൃത്തം ചെയ്യുന്നു എന്ന അവകാശവാദവുമായാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Fact-check: 

പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വീഡിയോയുടെ യഥാര്‍ത്ഥ ശബ്ദത്തിന് പകരം മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പാട്ട് ചേര്‍ത്ത് പ്രചരിപ്പിക്കുകയാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

കേരളത്തില്‍ കോണ്‍ഗ്രസ് ഒരു പരിപാടിയ്ക്ക് സിപിഎം ഗാനം ഉപയോഗിക്കുക എന്നത് അതിശയോക്തികരമാണ്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഈ തിരുവാതിരപ്പാട്ട് 2022 ല്‍ സിപിഎമ്മിന് അകത്തും പുറത്തും വ്യാപക വിമര്‍ശനത്തിന് സാഹചര്യമൊരുക്കിയതുമാണ്.

ആദ്യഘട്ടത്തില്‍ വീഡിയോയുടെ ഉറവിടമാണ് പരിശോധിച്ചത്. വീഡിയോയില്‍ നല്‍കിയിരിക്കുന്ന വാട്ടര്‍മാര്‍ക്കില്‍നിന്ന് Live Kerala News എന്ന ഫെയ്സ്ബുക്ക് പേജിലെത്തുകയും 2024 ഫെബ്രുവരി 22 ന് വൈകീട്ട് ഈ പേജില്‍ പ്രചരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പങ്കുവെച്ചതായി കണ്ടെത്തുകയും ചെയ്തു.

ഒരു വാര്‍ത്താരൂപത്തില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ പരിശീലന സമയത്തെ യഥാര്‍ത്ഥ ശബ്ദമാണുള്ളത്. ഇതില്‍ വിവിധ സ്റ്റെപ്പുകളും കൈകൊട്ടും പരസ്പരം പറയുന്നതും ചെയ്യുന്നതുമായ ശബ്ദമാണുള്ളത്. ഇടക്ക് ഏതാനും സെക്കന്റുകള്‍ മാത്രം ഒരു റെക്കോഡ് ചെയ്ത പാട്ട് കേള്‍കള്‍ക്കാം. എന്നാലിത് മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പാട്ടല്ലെന്നും വ്യക്തം.  

വീഡിയോയുടെ അവസാനഭാഗത്ത് തിരുവാതിരയ്ക്ക് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലം ബിന്ദു കൃഷ്ണ തന്നെ വിശദീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്നി പരിപാടി കൊല്ലം ജില്ലയിലെത്തുന്നതിന് മുന്നോടിയായി ഫെബ്രുവരി 24 ന് സംഘടിപ്പിക്കുന്ന വിളംബരയാത്രയുടെ ഭാഗമായി അവതരിപ്പിക്കാനുള്ള തിരുവാതിരയുടെ പരിശീലനമാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. സമരാഗ്നി പരിപാടിയുടെ പശ്ചാത്തലത്തില്‍ അതിനായി പ്രത്യേകം എഴുതിത്തയ്യാറാക്കിയ വരികളാണ് തിരുവാതിരപ്പാട്ടിന് ഉപയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് ബിന്ദു കൃഷ്ണയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ ഫെബ്രുവരി 24ന് കൊല്ലത്ത് നടത്തിയ വിളംബര ജാഥയില്‍ അവതരിപ്പിച്ച തിരുവാതിരയുടെ ദൃശ്യങ്ങള്‍ അവര്‍ പങ്കുവെച്ചതായി കണ്ടെത്തി. പശ്ചാത്തലത്തില്‍ സമരാഗ്നി പരിപാടിയുടെ ബോര്‍ഡും കാണാം. സമരാഗ്നിയെക്കുറിച്ച് തിരുവാതിരപ്പാട്ടിന്റെ ഈണത്തില്‍ എഴുതിത്തയ്യാറാക്കിയ പാട്ടിലാണ് തിരുവാതിര കളിക്കുന്നത്. 

ഇതോടെ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പാട്ടിനൊത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തിരുവാതിര കളിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലശബ്ദം മാറ്റി പകരം 2022 ല്‍ CPIM തയ്യാറാക്കിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പാട്ട് എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണമെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in