Fact Check: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കെതിരെ കെ മുരളീധരന്‍? വീഡിയോയുടെ സത്യമറിയാം

കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണത് അയ്യപ്പകോപം മൂലമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രസ്താവന നടത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കെതിരെ കെ മുരളീധരന്‍? വീഡിയോയുടെ സത്യമറിയാം
Published on
2 min read

കെപിസിസി-യുടെ വിശ്വാസ സരംക്ഷണ യാത്രയ്ക്കെതിരെ പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.  മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണ ദൃശ്യങ്ങളും കെ മുരളീധരന്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ ദൃശ്യങ്ങളും ചേര്‍ത്താണ് പ്രചാരണം. വോട്ടുനേടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അയപ്പന്‍ തന്നെ മറുപടി നല്‍കിയെന്ന് മുരളീധരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെ മുളീധരന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുമായി ബന്ധപ്പെട്ടല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ വീഡിയോ ലഭിച്ചു. 2025 ഒക്ടോബര്‍ 11 നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ യൂട്യൂബ് പേജില്‍ വീഡിയോ നല്‍കിയിരിക്കുന്നത്.  ദൈര്‍ഘ്യമേറിയ ഈ വീഡിയോയുടെ അഞ്ചാം മിനിറ്റിന് ശേഷം പ്രചരിക്കുന്ന വീഡിയോയിലെ ഭാഗങ്ങള്‍ കാണാം. 

വീഡിയോയില്‍ കെ മുരളീധരന്‍ പറയുന്നത് അയ്യപ്പസംഗമത്തെക്കുറിച്ചാണ്. ഇതിന്റെ ആദ്യഭാഗം ഒഴിവാക്കി എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി. ഇതേ തിയതിയില്‍  24ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഈ പ്രതികരണം നല്‍കിയിട്ടുണ്ട്. അദ്ദേഹം സിപിഐഎം നടത്തിയ ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് പ്രതികരിക്കുന്നത്. 

പ്രചരിക്കുന്ന വീഡിയോയിലെ പന്തല്‍ തകര്‍ന്ന സംഭവത്തെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് ദൃശ്യങ്ങള്‍ സഹിതം നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു. 2025 ഒക്ടോബര്‍ 15നായിരുന്നു സംഭവം. 

ഇതോടെ കെ മുരളീധരന്റെ പ്രസ്താവന പന്തല്‍ തകര്‍ന്നുവീണ സംഭവത്തിന് മുന്‍പായിരുന്നുവെന്ന് വ്യക്തമായി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെ മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസിനെതിരെയല്ല, സിപിഎമ്മിനെതിരായിരുന്നുവെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in