
സിപിഐഎം ഓഫീസും പ്രവര്‍ത്തകരും ഒരുമിച്ച് കോണ്‍ഗ്രസായി മാറിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഐലക്കരയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അപ്പാടെ കോണ്‍ഗ്രസിന്റെ പ്രിയദര്‍ശിനി ക്ലബ്ബാക്കി മാറ്റിയെന്നും സിപിഐഎം ഭാരവാഹികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നുമാണ് പ്രചാരണം. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പെയിന്റടിച്ച കെട്ടിടത്തിന് മുകളില്‍ പഴയ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡും കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിലെ ഐലക്കര എന്ന സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഐലക്കര ഉള്‍പ്പെടുന്ന മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെടാന്‍ സാധിച്ചു. 2023 ല്‍ വ്യാപമായി പ്രചരിച്ച ഈ ചിത്രം വീണ്ടും തെറ്റായ വിവരണത്തോടെ പ്രചരിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ ഇത് സിപിഎം നേരത്തെ ഉപയോഗിച്ചിരുന്ന കെട്ടിടം പിന്നീട് കോണ്‍ഗ്രസ് വാടകയ്ക്കെടുത്ത സമയത്ത് പഴയ ബോര്‍ഡ് മാറ്റുന്നതിന് മുന്‍പെടുത്ത ചിത്രമാണിതെന്നും അദ്ദേഹം പ്രാഥമികമായി അറിയിച്ചു. വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഐലക്കരയ്ക്കടുത്തുള്ള ചെമ്മാണിയോട് സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുളസീദാസിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു.
തുളസീദാസിന്റെ പ്രതികരണം:
“2023-ല്‍ വ്യാപകമായി പ്രചരിച്ച ചിത്രമാണിത്. ഏതാനും വര്‍ഷങ്ങളായി സിപിഐഎം ഐലക്കര ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ കെട്ടിടം അബ്ബാസ് എന്ന വ്യക്തിയുടേതായിരുന്നു. അദ്ദേഹം പിന്നീട് കെട്ടിടം മറ്റൊരാള്‍ക്ക് വിറ്റതോടെ സിപിഐഎം ഓഫീസ് അവിടെനിന്നും മാറ്റി. ആദ്യഘട്ടത്തില്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ സാധനങ്ങളായിരുന്നു മാറ്റിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രിയദര്‍ശിനി ക്ലബ്ബ് കെട്ടിടം വാടകയ്ക്കെടുക്കുകയും പെയിന്റിങ് ഉള്‍പ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സമയത്ത് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച സിപിഐഎമ്മിന്റെ ബോര്‍ഡ് മാറ്റിയിരുന്നില്ല. ഇതിനിടെ ആരോ എടുത്ത ചിത്രമാണ് പിന്നീട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അല്ലാതെ ഓഫീസ് കോണ്‍ഗ്രസിന് കൈമാറുകയോ ഭാരവാഹികള്‍ കോണ്‍ഗ്രസില്‍ ചേരുകയോ ചെയ്തിട്ടില്ല.”
സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രനും വികെ റൗഫും ചേര്‍ന്ന് 2023 ല്‍ പ്രാദേശിക മാധ്യമത്തില്‍ ഇതിന്റെ സത്യാവസ്ഥ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. MS Media എന്ന ഓണ്‍ലൈന്‍ ചാനലിന്റെ ഫെയ്സ്ബുക്ക് പേജില്‍ 2023 സെപ്തംബര്‍ 12ന് പങ്കുവെച്ച വീഡിയോയും ലഭ്യമായി.
തുടര്‍ന്ന് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസ്തുത കെട്ടിടത്തിന്റെ സമീപവാസിയുമായ ടി. സാജിദുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“കെട്ടിടം വാടകയ്ക്കെടുത്ത സമയത്ത് സംഭവിച്ച ചെറിയൊരു സംഭവം മാത്രമാണിത്. എല്ലാ പാര്‍ട്ടിക്കാരും പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന പ്രദേശമാണിത്. നേരത്തെ സിപിഐഎം ഉപയോഗിച്ചിരുന്ന കെട്ടിടം ഉടമസ്ഥന്‍ മാറിയതോടെ അവര്‍ ഉപേക്ഷിക്കുകയും തുടര്‍ന്ന് പ്രിയദര്‍ശിനി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ വാടകയ്ക്കെടുക്കുകയുമായിരുന്നു. സിപിഐഎമ്മിന്റെ ബോര്‍ഡ് മാറ്റാന്‍ ഞങ്ങള്‍ ആവശ്യപ്പട്ടിരുന്നു. എന്നാല്‍ ഇത് മാറ്റുന്നതിന് മുന്‍പ് ആരോ എടുത്ത ചിത്രമാണ് ഇത്തരത്തില്‍ പ്രചരിച്ചത്.”
ഇതോടെ നിലവിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.