

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 102 സീറ്റുകള്‍ നേടി യുഡിഎഫ് തരംഗം സൃഷ്ടിച്ച സാഹചര്യത്തില്‍ CPIM മുഖപത്രമായ ദേശാഭിമാനി ഈ വാര്‍ത്ത തമസ്കരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേരളത്തിലെ യുഡിഎഫ് വിജയം സംബന്ധിച്ച വാര്‍ത്ത നല്‍കാതെ തമിഴ്നാട്ടിലെയും പശ്ചിമബംഗാളിലെയും തിരഞ്ഞെടുപ്പ് വാര്‍ത്തകളാണ് ആദ്യപേജില്‍ പ്രധാന വാര്‍ത്തകളായി പ്രസിദ്ധീകരിച്ചതെന്ന തരത്തിലാണ് പ്രചാരണം. ദേശാഭിമാനിയുടെ ആദ്യപേജിന്റേതെന്ന തരത്തില്‍ ഒരു ചിത്രവും ഇതിനൊപ്പം പങ്കിട്ടതായി കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യുഡിഎഫ് വിജയം സംബന്ധിച്ച വാര്‍ത്ത ദേശാഭിമാനി ആദ്യപേജില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥ പത്രത്തിന്റേത് തന്നെയാണെന്ന് വ്യക്തമാണ്. എന്നാല്‍ കേരളത്തിലെ വാര്‍ത്ത നല്‍കാതെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആദ്യപേജില്‍ നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി ഇ-പേപ്പര്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച വിവിധ എഡിഷനുകളിലെ പത്രം പരിശോധിച്ചതോടെ പ്രചരിക്കുന്നത് ആദ്യപേജിന്റെ ചിത്രമല്ലെന്ന് വ്യക്തമായി.
യുഡിഎഫിന് ജയം 102/140 എന്ന തലക്കെട്ടോടെ യുഡിഎഫ് വിജയാഘോഷത്തിന്റെ ചിത്രവും ചേര്‍ത്താണ് ആദ്യപേജിലെ വാര്‍ത്ത. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലേത് മൂന്നാം പേജാണെന്ന് കാണാം. ദേശാഭിമാനിയുടെ മാസ്റ്റ്ഹെഡ് ഈ പേജിലും നല്‍കിയിട്ടുണ്ട്.
അതിപ്രധാന വാര്‍ത്തകള്‍ ഒന്നിലേറെ പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന ഘട്ടങ്ങളിലും ആദ്യപേജില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സമയത്തും പത്രങ്ങള്‍ അവരുടെ മാസ്റ്റ്ഹെഡ് ഒന്നിലേറെ പേജുകളില്‍ നല്‍കാറുണ്ട്. ടൂ-ഫ്രണ്ടഡ് അല്ലെങ്കില്‍ ഡബിള്‍ഫ്രണ്ടഡ് എന്നാണ് സാങ്കേതികമായി ഈ രീതിയെ പറയുന്നത്.
ദേശാഭിമാനി കേരള തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നാംപേജിലും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മൂന്നാംപേജിലുമാണ് നല്‍കിയതെന്ന് ഇതോടെ വ്യക്തമായി.