Fact Check: സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനി അവഗണിച്ചോ?

Fact Check: സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനി അവഗണിച്ചോ?

CPIM ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അവഗണിച്ച് CPIM മുഖപത്രമായ ദേശാഭിമാനി മുന്‍പേജില്‍ പരസ്യം നല്‍കിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Published on

CPIM മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രസ്തുത ദിവസം പത്രത്തിന്റെ മുന്‍പേജില്‍ പരസ്യം നല്‍കിയതായാണ് ചിത്രസഹിതം പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനിയില്‍ വലിയ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിരുന്നതായും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ചിത്രത്തില്‍ ജനയുഗം, മലയാള മനോരമ എന്നീ പത്രങ്ങളുടെ തിയതികള്‍ 2024 സെപ്തംബര്‍ 13 ആണെന്നും എന്നാല്‍ ദേശാഭിമാനിയുടേത് 12 ആണെന്നും കണ്ടെത്തി. 

സീതാറാം യെച്ചൂരിയുടെ മരണം സംഭവിക്കുന്നത് 2024 സെപ്തംബര്‍ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:05 നാണ്. അദ്ദേഹത്തിന്റെ ഭൗതികദേഹം മെ‍ഡിക്കല്‍ ‍ഗവേഷണാവശ്യങ്ങള്‍ക്കായി ഡല്‍ഹി എയിംസിന് കൈമാറിയതു സംബന്ധിച്ച് ആശുപത്രി പുറത്തിറക്കിയ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 

മരണം സംഭവിച്ചത് 12 ന് ഉച്ചകഴിഞ്ഞ് ആണെന്നിരിക്കെ അന്നത്തെ പത്രത്തില്‍ ഈ വാര്‍ത്ത വരില്ലെന്ന കാര്യം വ്യക്തമാണ്. സെപ്തംബര്‍ 13 ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രം പരിശോധിച്ചതോടെ മുന്‍പേജില്‍ പൂര്‍‌ണമായും ഈ വാര്‍ത്ത മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in