പ്രധാനമന്ത്രിയുടെ മുന്നില്‍ കൈകെട്ടിനിന്ന് മമ്മൂട്ടി; ചിത്രത്തിനു പിന്നിലെ വാസ്തവമറിയാം

പ്രധാനമന്ത്രിയുടെ മുന്നില്‍ കൈകെട്ടിനിന്ന് മമ്മൂട്ടി; ചിത്രത്തിനു പിന്നിലെ വാസ്തവമറിയാം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ കൈകൂപ്പി നില്‍ക്കുമ്പോള്‍ കൈകെട്ടി നില്‍ക്കുന്ന നടന്‍ മമ്മൂട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Published on

നടന്‍ മമ്മൂട്ടി പ്രധാനമന്ത്രിയോട് ആദരവ് കാണിച്ചില്ലെന്നും കൈവണങ്ങുന്നതിന് പകരം കൈകെട്ടി ധാര്‍ഷ്ട്യത്തോടെ നിന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രിയെത്തിയത്.  മമ്മൂട്ടിയുടെ പെരുമാറ്റം മര്യാദകേടാണെന്നും കൈതൊഴുന്നതില്‍ മതം കാണുന്നത് ശരിയല്ലെന്നും ഉള്‍പ്പെടെ രൂക്ഷവിമര്‍ശനങ്ങളാണ് വിവിധ പ്രൊഫൈലുകളില്‍നിന്ന് ഈ ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നത്

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി പ്രധാനമന്ത്രിയെ അവഗണിച്ചതെന്ന അവകാശവാദത്തോടെ മമ്മൂട്ടിയെ പിന്തുണച്ചും പോസ്റ്റുകള്‍ കാണാം. 

Fact-check

പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മമ്മൂട്ടി പ്രധാനമന്ത്രിയെ വണങ്ങുകയും അദ്ദേഹം നല്‍കിയ ‘അക്ഷതം’ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

ആദ്യം പരിശോധിച്ചത് പ്രചരിക്കുന്ന ചിത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിലെ വീഡിയോയുടെ സ്ക്രീനില്‍നിന്നെടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിനുമേലെ വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പിന്റെ ഒരുഭാഗം കാണാം. ഈ സൂചന ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍നിന്ന് വീഡിയോ കണ്ടെത്തി. 

എന്നാല്‍ വീഡിയോയില്‍ ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഈ ഷോട്ട് കാണാനാവുന്നത്. തത്സമയ ദൃശ്യങ്ങളല്ലാത്തതിനാല്‍ മറ്റ് ദൃശ്യങ്ങള്‍ ശേഖരിച്ചു. 

We Cover Media എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ഉള്‍പ്പെടെ ചലചിത്രതാരങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെ  പ്രധാനമന്ത്രി  കടന്നുവരുന്നതു മുതല്‍ തിരിച്ചുപോകുന്നതുവരെയുള്ള തുടര്‍ച്ചയായ ദൃശ്യങ്ങള്‍ കണ്ടെത്തി. 

ഈ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ പ്രചരിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി രണ്ടുതവണ പ്രധാനമന്ത്രിയ്ക്കുമുന്നില്‍ കൈവണങ്ങിയിട്ടുണ്ടെന്നും വ്യക്തമായി. 

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നില്‍ക്കുന്ന വഴിയില്‍ സ്ക്രീനിന്റെ വലതുവശത്തുനിന്നാണ് പ്രധാനമന്ത്രി പ്രവേശിക്കുന്നത്. തുടര്‍ന്ന് താരങ്ങളെയെല്ലാം കടന്ന് മറ്റ് മണ്ഡപങ്ങളില്‍ വിവാഹിതരാകുന്ന വധൂവരന്മാര്‍ക്ക് അരികിലെത്തി അവരെ ആശീര്‍വദിച്ച ശേഷം തിരിച്ചുനടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.സ്വതസിദ്ധമായ ശൈലിയില്‍ ഇരുകൈകളും കെട്ടിയാണ് മമ്മൂട്ടി വീഡിയോയില്‍ മിക്കഭാഗത്തും നില്‍ക്കുന്നത്.  ആദ്യം പ്രധാനമന്ത്രി തന്നെ കടന്നുപോകുന്ന സമയത്തുതന്നെ മമ്മൂട്ടി കൈതൊഴുന്നതായി കാണാം. പിന്നീട് വീണ്ടും കൈകെട്ടി നില്‍ക്കുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി തിരിച്ചുവരുമ്പോള്‍ ജയറാമിനെയും ദിലീപിനെയും വണങ്ങിയശേഷമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന മോഹന്‍ലാലിനരികിലെത്തുന്നത്. കൈകൂപ്പിയശേഷം കുശലാന്വേഷണം നടത്തുന്നതും തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് എന്തോ ഒന്ന് മോഹന്‍ലാലിന് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം (ഇത് അയോധ്യയില്‍നിന്ന് പൂജിച്ച് കൊണ്ടുവന്ന ‘അക്ഷത’മാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളുണ്ട്). ഈ സമയത്തും മമ്മൂട്ടി കൈകെട്ടി നില്‍ക്കവെ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഇതിന് പിന്നാലെ മമ്മൂട്ടിയ്ക്കരികിലെത്തുന്ന പ്രധാനമന്ത്രിയെ താരം വണങ്ങുന്നു. പിന്നീട് മമ്മൂട്ടിയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനില്‍നിന്ന് ‘അക്ഷതം’ കൈമാറി ചെറിയ കുശലാന്വേഷണത്തിന് ശേഷം പ്രധാനമന്ത്രി നടന്നുനീങ്ങിയതോടെ അക്ഷതം പോക്കറ്റിലിട്ട് വീണ്ടും കൈകെട്ടി നിന്ന്  അദ്ദേഹം മോഹന്‍ലാലിനോട് സംസാരിക്കുകയാണ്. തുടര്‍ച്ചയായ വീഡിയോയില്‍നിന്നെടുത്ത സ്ക്രീന്‍ഷോട്ടുകള്‍ ക്രമത്തില്‍ താഴെ നല്‍കിയിരിക്കുന്നു.

ഇതോടെ മമ്മൂട്ടി രണ്ടുതവണ പ്രധാനമന്ത്രിയെ വണങ്ങുകയും ‘അക്ഷതം’ സ്വീകരിക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയോട് യാതൊരു അവഗണനയും അദ്ദേഹം കാണിച്ചില്ലെന്നും കൈകെട്ടി നില്‍ക്കുന്നത് സ്വതസിദ്ധമായ ശൈലി മാത്രമാണെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തം. 

തുടര്‍ന്ന് ഏതാനും മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

മനോരമ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ മമ്മൂട്ടിയ്ക്ക് അക്ഷതം കൈമാറുന്ന സമയത്തെ ചിത്രവും കാണാം. 

ഇതോടെ പ്രചരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in