ഇസ്രയേല്‍ ഉല്പന്നങ്ങളുടെ ബാര്‍കോഡ് മാറ്റിയോ?

ഇസ്രയേല്‍ - ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഉല്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനത്തിന് പിന്നാലെ ഉല്പന്നങ്ങളുടെ ബാര്‍കോഡ് മാറ്റിയെന്നാണ് പ്രചരണം.
ഇസ്രയേല്‍ ഉല്പന്നങ്ങളുടെ ബാര്‍കോഡ് മാറ്റിയോ?
Published on
2 min read

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഉല്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതിനായി ഉപയോഗിച്ച പല ഉല്പന്നങ്ങളുടെയും ചിത്രങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഉല്പന്നങ്ങളുമായിരുന്നു. എന്നാല്‍ ബഹിഷ്കരണാഹ്വാനത്തിന്റെ ഫലമെന്നോണം ഉല്പന്നങ്ങളുടെ ബാര്‍കോഡ് ഇസ്രയേല്‍ മാറ്റിയെന്നാണ് പുതിയ പ്രചരണം.

729 ആയിരുന്നു ആദ്യത്തെ ബാര്‍കോഡ് എന്നും ഇപ്പോഴത് 871 ആക്കി മാറ്റിയെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. രണ്ട് ബാര്‍കോഡുകളുടെ ചിത്രങ്ങളും അടയാളപ്പെടുത്തി നല്കിയിട്ടുണ്ട്.

Fact-check: 

ഉല്പന്നങ്ങളുടെ ബാര്‍കോഡുമായി ബന്ധപ്പെട്ട കീവേഡ് പരിശോധനയില്‍ GS1 എന്ന വെബ്സൈറ്റ് കണ്ടെത്തി. അന്തരാരാഷ്ട്രതലത്തില്‍ ഉല്പന്നങ്ങള്‍ക്ക് ബാര്‍കോഡ് ലഭ്യമാക്കുന്ന സംവിധാനമാണിത്. വിശദാംശങ്ങള്‍ പരിശോധിച്ചതോടെ വര്‍ഷങ്ങളായി ഈ സംവിധാനം നിലവിലുണ്ടെന്നും ഓരോ രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ വ്യത്യസ്ത കോഡ് നമ്പറുകളിലാണ് തുടങ്ങുന്നതെന്നും വ്യക്തമായി.  ഇതുസംബന്ധിച്ച പട്ടികയും വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്.

നല്കിയിരിക്കുന്ന പട്ടിക പ്രകാരം ഇസ്രയേല്‍ ഉല്പന്നങ്ങളുടെ ബാര്‍കോഡ് തുടങ്ങുന്നത് 729 എന്ന അക്കത്തില്‍ തന്നെയാണ്. 870 മുതല്‍  879 വരെ അക്കങ്ങളില്‍ തുടങ്ങുന്ന ബാര്‍കോഡുകള്‍ നെതര്‍ലാന്റ് ഉല്‍പന്നങ്ങളാണ്. ഇതോടെ ഇസ്രയേല്‍ തങ്ങളുടെ ബാര്‍കോഡ് നമ്പര്‍ മാറ്റിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

കൂടാതെ പ്രസ്തുത ബാര്‍കോ‍‍‍ഡ് മാത്രം പരിഗണിച്ച് ഉല്പന്നം ഏത് രാജ്യത്ത് നിര്‍മിച്ചതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. GS1 ന്റെ ഭാഗമായ രാജ്യങ്ങള്‍ക്ക് തങ്ങള്‍ക്കനുവദിച്ച ബാര്‍കോഡ് ഉപയോഗിച്ച് ലോകത്തെവിടെനിന്നും ഉല്പന്നങ്ങള്‍ പുറത്തിറക്കാനാവുമെന്നും ഇത് വ്യക്തമാക്കുന്നു.

ഇതോടെ പ്രചരിക്കുന്ന വാദം പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in