

ദീപാവലിയോടനുബന്ധിച്ച് തപാല്‍വകുപ്പ് നടത്തുന്ന പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുത്ത് 30,000 രൂപവരെ സമ്മാനത്തുക നേടാമെന്ന തരത്തില്‍ പ്രചാരണം. വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ലിങ്കിലൂടെ തപാല്‍വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് പ്രശ്നോത്തരിയില്‍ പങ്കെടുത്ത് സമ്മാനം നേടാമെന്ന തരത്തിലാണ് സന്ദേശം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്ക് ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ലിങ്കാണ് ആദ്യം പരിശോധിച്ചത്. ഇത് സര്‍ക്കാര്‍ ഡൊമെയ്ന്‍ അഡ്രസ് അല്ലാത്തതിനാല്‍ വ്യാജ വെബ്സൈറ്റ് ആകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലിങ്കിലൂടെ പ്രവേശിക്കുന്നത് തപാല്‍വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കല്ലെന്ന് വ്യക്തമായി. തപാല്‍വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇത്തരമൊരു പ്രശ്നോത്തരി സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
flqo.top എന്ന URL വഴി തപാല്‍വകുപ്പിന്റെ രൂപകല്പനയോടെ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിലേക്കാണ് ഇത് പ്രവേശിക്കുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വിധത്തിലാണ് ഇത് ക്രമീകരി്ച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തെയും തപാല്‍വകുപ്പിന്റെ പേരില്‍ സമാന തട്ടിപ്പുകള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടു. ലിങ്കുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പങ്കുവെച്ച പത്രക്കുറിപ്പും ലഭിച്ചു.
നേരത്തെ തപാല്‍വകുപ്പിന്റെ പേരില്‍ പ്രചരിച്ച വ്യാജ ലിങ്കുകളെക്കുറിച്ച് തപാല്‍വകുപ്പ് തന്നെ എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ച മുന്നറിയിപ്പ് സന്ദേശവും ലഭിച്ചു.
ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.