സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മൈക്രോസൈറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം.സംസ്ഥാനത്തെ ഇസ്ലാമിക പൈതൃകത്തെക്കുറിച്ചുള്ള മൈക്രോസൈറ്റിനായി 93.8 ലക്ഷംരൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് ഉള്‍പ്പെടെയാണ് പ്രചരണം.
ഇസ്ലാം ഇന്‍ കേരള എന്ന മൈക്രോസൈറ്റിന് 93.8 ലക്ഷം രൂപ അനുവദിച്ചുവെന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. ഈ തലക്കെട്ട് ഉപയോഗിച്ച് പരിശോധിച്ചതോടെ South Live എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭ്യമായി. തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിച്ചു. 2023 ഒക്ടോബര്‍ 27ന് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭ്യമായി.
തീര്‍ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി വിനോദസഞ്ചാരവകുപ്പ് ആവിഷ്ക്കരിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ആദ്യം തയ്യാറാക്കുന്നത് ശബരിമലയുടെ മൈക്രോസൈറ്റ് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ ഒരു പ്രത്യേക മതത്തിന്റെ പ്രചരണമല്ല, മറിച്ച് സംസ്ഥാനത്തിന്റെ തീര്‍ത്ഥാടന ടൂറിസം ലക്ഷ്യമിട്ട് വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലാണ് മൈക്രോസൈറ്റുകള്‍ തയ്യാറാക്കുന്നതെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശബരിമലയും കേരളത്തിലെ ഇസ്ലാം മതത്തിന്റെ സ്വാധീനവും തെയ്യവും ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് മൈക്രോസൈറ്റുകള്‍ തയ്യാറാക്കുന്നുണ്ടെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പും ലഭ്യമായി. ഇതിനായി അനുവദിച്ച തുകയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിനോദസഞ്ചാരവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ന്യൂസ് ലെറ്ററില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭിച്ചു. ശബരിമലയെയും ഇസ്ലാമിക പാരമ്പര്യത്തെയും കുറിച്ച് മൈക്രോസൈറ്റുകള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ഒരുമിച്ചാണ് വിവരങ്ങള്‍ നല്കിയിരിക്കുന്നത്.
തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ മൈക്രോസൈറ്റുകള്‍ പരിശോധിച്ചു. കേരളത്തിലെ 100 പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും സംസ്ഥാനത്തെ ക്രിസ്തുമതത്തിന്റെ ചരിത്രത്തെക്കുറിച്ചും ജൂതസംസ്കാരത്തെക്കുറിച്ചുമെല്ലാം വിനോദസഞ്ചാരവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് കീഴില്‍ തയ്യാറാക്കിയ മൈക്രോസൈറ്റുകള്‍ കണ്ടെത്തി.
ഇതോടെ പ്രചരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് ബോധ്യമായി. ഒരു പ്രത്യേക മതത്തിന്റെ പ്രചരണത്തിന് വേണ്ടിയല്ല മൈക്രോസൈറ്റുകള്‍ തയ്യാറാക്കുന്നതെന്നും കേരളത്തിന്റെ സാംസ്കാരിക പൈതൃകം തീര്‍ത്ഥാടക ടൂറിസത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൈക്രോസൈറ്റുകള്‍ തയ്യാറാക്കുന്നതെന്നും വ്യക്തമായി.