Fact Check: ഫെബ്രുവരിയിലെ ഈ ‘അത്ഭുതം’ ഇനി 823 വര്‍ഷങ്ങള്‍ക്ക് ശേഷം? പ്രചാരണത്തിന്റെ വാസ്തവം

ഓരോ ദിവസവും തുല്യമായി നാലുവീതം ആവര്‍ത്തിച്ചുവരുന്ന പ്രത്യേകത ഇനി 823 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് സംഭവിക്കുകയെന്നും ഈ പ്രത്യേകതയെ ശാസ്ത്രലോകം മിറാക്ക്ള്‍ ആയി രേഖപ്പെടുത്തിയെന്നുമാണ് പ്രചാരണം.
Fact Check: ഫെബ്രുവരിയിലെ ഈ ‘അത്ഭുതം’ ഇനി 823 വര്‍ഷങ്ങള്‍ക്ക് ശേഷം? പ്രചാരണത്തിന്റെ വാസ്തവം
Published on
2 min read

2025 ഫെബ്രുവരിയുടെ അപൂര്‍വ അത്ഭുതമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഞായര്‍ മുതല്‍ ശനിവരെ ഒരോ ദിവസവും തുല്യമായി നാലുതവണ വീതം ആവര്‍ത്തിച്ചുവരുന്നുവെന്നാണ് അവകാശവാദം. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇനി  823 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ആവര്‍ത്തിക്കൂ എന്നുമാണ് പ്രചാരണം

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും 29 ദിവസങ്ങളില്ലാത്ത എല്ലാ ഫെബ്രുവരിയും ഇത്തരത്തിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചാരണത്തിന്റെ സാമാന്യ യുക്തിയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെബ്രുവരിയില്‍ ദിവസങ്ങള്‍ 28 ആണെങ്കില്‍ സ്വാഭാവികമായും ആഴ്ചയിലെ ഏഴ് ദിവസങ്ങളുമായി ഹരിച്ചാല്‍ ഒരോ ദിവസവും നാലുതവണ വരുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ലീപ് ഇയര്‍ ഒഴികെ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ ഓരോ ദിവസവും നാലുതവണ ആവര്‍ത്തിക്കുന്നു. 

അതേസമയം ലീപ് ഇയറില്‍ ഇത് സംഭവിക്കില്ല. ഭൂമിയുടെ പരിക്രമണവുമായി ബന്ധപ്പെട്ട് വര്‍ഷത്തിലെ 365.25 ദിവസങ്ങളെ കലണ്ടറില്‍ 365 ദിവസങ്ങളായി രേഖപ്പെടുത്തുമ്പോള്‍ കാലക്രമേണ സീസണുകള്‍ക്കനുസരിച്ചുള്ള കലണ്ടര്‍ മാസങ്ങളില്‍ മാറ്റം വരാതിരിക്കാനാണ് നാലുവര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം അധികം ചേര്‍ക്കുന്നത്. അവസാനത്തെ ലീപ് ഇയര്‍ 2024 ആയിരുന്നു.

അതേസമയം ഇതിന് മുന്‍പത്തെ മൂന്ന് വര്‍ഷങ്ങളിലും (2021, 2022, 2023)  ഫെബ്രുവരിയില്‍ 28 ദിവസങ്ങളായതിനാല്‍ ഓരോ ദിവസവും തുല്യമായി നാലുതവണയാണ് ആവര്‍ത്തിച്ചു വന്നതെന്ന് കാണാം.

ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.2025 ന് ശേഷം തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളും ലീപ് ഇയര്‍ അല്ലാത്തതിനാല്‍ ഇത് ആവര്‍ത്തിക്കുമെന്നും വ്യക്തമായി. 

തുടര്‍ന്ന് ഈ വര്‍ഷത്തെ അതേ തീയതികള്‍ അതേ ദിവസങ്ങളില്‍‍ ആവര്‍ത്തിച്ചു വരുന്നത് സംബന്ധിച്ചും അന്വേഷിച്ചു. അതായത്, 2025 ഫെബ്രുവരിയുടെ പ്രചരിക്കുന്ന കലണ്ടര്‍ ചിത്രത്തില്‍ ശനിയാഴ്ചയാണ് ഒന്നാം തിയതി. ഇത് ആവര്‍ത്തിക്കുന്ന മുന്‍പത്തെയും വരാനിരിക്കുന്നതുമായ വര്‍ഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു. ഇതും പത്തുവര്‍ഷത്തിനകം ആവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തി. 

2025 ന് മുന്‍പ് ശനിയാഴ്ചയാരംഭിച്ച ഫെബ്രുവരി സംഭവിച്ചത് 2014-ലാണ്.

ഇതിന് മുന്‍പ് 2003, 1997, 1986, 1975 വര്‍ഷങ്ങളിലാണ് ഇത് ആവര്‍ത്തിച്ചത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ 2031, 2042, 2053, 2059, 2070 വര്‍ഷങ്ങളിലും ഫെബ്രുവരിയിലെ ആദ്യദിവസം ശനിയാഴ്ചയായിരിക്കുമെന്നും കണ്ടെത്തി. ഇത് ഗ്രിഗോറിയന്‍ കലണ്ടറിന്റെ പാറ്റേണ്‍ അനുസരിച്ച് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാമണെന്നും അസാധാരണമായി യാതൊന്നുമില്ലെന്നും വ്യക്തം. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in