

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദേശീയ ഗാനത്തെ അപമാനിച്ചു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ ദേശീയ ഗാനവും രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്യുന്ന ഒരാളുടെ ശബ്ദവും കേള്‍ക്കാം. ഈ സമയത്ത് അദ്ദേഹം വേദിയില്‍ നില്‍ക്കുന്നതവര്‍ക്ക് ഹസ്തദാനം നല്‍കുകയാണ്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യഥാര്‍ഥ വീഡിയോയില്‍ ദേശീയ ഗാനത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി വേദിയിലുള്ളവരുമായി സംസാരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ പശ്ചാത്തലത്തിലുള്ള വീഡിയോ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ന്യൂഡല്‍ഹിയില്‍ നടന്ന രചനാത്മാക് കോണ്‍ഗ്രസ് ദേശീയ കണ്‍വന്‍ഷനില്‍ (Rachnatmak Congress National Convention ) നിന്നുള്ള ദൃശ്യമെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പരിശോധിച്ചപ്പോള്‍ വൈറല്‍ പോസ്റ്റുകളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. കണ്‍വന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ച് കഴിഞ്ഞ് ദേശീയഗാനം മൊത്തമായി ആലപിച്ച ശേഷമുള്ള ഏതാനും ഭാഗമാണ് വൈറല്‍ വീഡിയോയിലുള്ളത്.
ദേശീയഗാനം കഴിഞ്ഞ് വേദി വിട്ട് പോകാന്‍ നിന്ന രാഹുല്‍ ഗാന്ധി ഒപ്പമുള്ളവര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനിടെയാണ് അദ്ദേഹത്തോട് 'രാഹുല്‍ ജി ഒരു നിമിഷം ഒരു നിമിഷം' എന്ന് മൈക്കിലൂടെ ഒരാള്‍ പറയുന്നത്. ഇതോടൊപ്പം ദേശീയ ഗാനത്തിന്റെ ആദ്യ കുറച്ച് ഭാഗം വീണ്ടും പ്ലേ ചെയ്തു. ഇത് പെട്ടെന്ന് തന്നെ ഓഫ് ആകുന്നുമുണ്ട്. ഈ സമയത്തെ അഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഭാഗമാണ് ക്ലിപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. രചനാത്മാക് കോണ്‍ഗ്രസ് ദേശീയ കണ്‍വന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമാവുകയും ചെയ്തിരുന്നു. ദി പ്രിന്റ് പങ്കുവച്ച വീഡിയോ ചുവടെ കാണാം.
രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക യുട്യൂബ് പേജിലും ഈ കണ്‍വെന്‍ഷന്‍ പരിപാടിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം ഈ പരിപാടിക്കിടെ ദേശീയ ഗാനത്തോട് ഒരു അനാദരവും കാട്ടിയിട്ടില്ലെന്ന് ഇതിലും വ്യക്തമാണ്.
വൈറല്‍ വീഡിയോ ക്ലിപ്പ്ഡ് ആണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നു.
Conclusion: രാഹുല്‍ ഗാന്ധി ദേശീയഗാനത്തെ അപമാനിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്ഡ് ആണെന്നും ദേശീയഗാനം മുഴുവനായി പാടിയ ശേഷമാണ് രാഹുല്‍ ഗാന്ധി വേദിയില്‍ നിന്നവരോട് സംസാരിക്കുന്നതെന്നും യഥാര്‍ഥ വീഡിയോയിയില്‍ നിന്ന് വ്യക്തമായി.