Fact Check: നായയെപ്പോലെയാകാന്‍ 220 കോടിയുടെ ശസ്ത്രക്രിയ ചെയ്ത് ജപ്പാന്‍കാരന്‍? വീഡിയോയുടെ സത്യമറിയാം

ജപ്പാനില്‍ നിന്നുള്ള 26 കാരനാണ് ഈ വിചിത്രമായ ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ ഇപ്പോള്‍ ഒരു നായയെപ്പോലെ ചലിക്കുകയും അതേ രീതിയില്‍ ജീവിതം നയിക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
Fact Check: നായയെപ്പോലെയാകാന്‍ 220 കോടിയുടെ ശസ്ത്രക്രിയ ചെയ്ത് ജപ്പാന്‍കാരന്‍? വീഡിയോയുടെ സത്യമറിയാം
Published on
2 min read

ഒരു ജാപ്പനീസ് യുവാവ് നായയുടെ രൂപത്തിലേക്ക് മാറാനായി 220 കോടി രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മനുഷ്യ മുഖത്തോട് സാദൃശ്യമുള്ള ഒരു നായയുടെ വീഡിയോയാണിത്. ജപ്പാനില്‍ നിന്നുള്ള 26 കാരനാണ് ഈ വിചിത്രമായ ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ ഇപ്പോള്‍ ഒരു നായയെപ്പോലെ ചലിക്കുകയും അതേ രീതിയില്‍ ജീവിതം നയിക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ഇതില്‍ നായയുടെ ചലനത്തില്‍ ചില അസ്വാഭാവികതകള്‍ കാണാന്‍ സാധിച്ചു. വീഡിയോയുടെ ആദ്യ ഭാഗത്ത് നായ ക്യാമറയെ ഫേസ് ചെയ്യുമ്പോള്‍ വലത് ചെവിയുടെ ഭാഗം കാണാനാകുന്നുണ്ട്. എന്നാല്‍ പിന്നീട് ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ ഈ ചെവി കാണാനില്ല. കൂടാതെ വലത് വശത്ത് തലയുടെ മുകളിലായി ഒരു കൈ കാണാം. എന്നാല്‍ പിന്നീട് ഇതും അപ്രത്യക്ഷമാകുന്നുമുണ്ട്. ഇവയില്‍ നിന്ന് തന്നെ വീഡിയോ എഐ നിര്‍മിതമായിരിക്കാം എന്ന സൂചന ലഭിച്ചു.

തുടര്‍ന്ന് വീഡിയോ ഞങ്ങള്‍ എഐ ഡിറ്റക്ഷന്‍ ടൂളുകളായ ഹൈവ് മോഡറേഷന്‍, Wasitai തുടങ്ങിയ ടൂളുകളില്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പിക്കാനായി. പരിശോധനാഫലം ചുവടെ കാണാം.

വൈറല്‍ വീഡിയോ എഐ നിര്‍മിതമാണെന്ന് വ്യക്തമായെങ്കിലും ജപ്പാനില്‍ നായയായി രൂപാന്തരം പ്രാപിക്കാനായി ശസ്ത്രക്രിയ നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യവും ഞങ്ങള്‍ പരിശോധിച്ചു. 26 കാരനായ ജാസോ എന്ന യുവാവ് നായയെ പോലെയാകാന്‍ ശസ്ത്രക്രിയ നടത്തി എന്ന രീതിയില്‍ സോഷ്.ല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങളുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ നായ അല്ലെന്നും റിയലിസ്റ്റിക് ഡോഗ് കോസ്റ്റിയൂം ആണെന്ന രീതിയിലും വിശദീകരണങ്ങളുണ്ട്. എന്നാല്‍ ഈ പ്രചാരണങ്ങളെപ്പറ്റി ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും ലഭ്യവുമല്ല.

വൈറല്‍ ദൃശ്യത്തിലുള്ളത് ശസ്ത്രക്രിയ ചെയ്ത് നായയുടെ രൂപമായി മാറിയ ജപ്പാന്‍ കോടീശ്വരനല്ലെന്നും എഐ നിര്‍മിത വീഡിയോയാണെന്നും വ്യക്തമായി.

logo
South Check
southcheck.in