Fact Check: തിരുപ്പരംകുഡ്രം വിഷയത്തില്‍ വിജയ് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധം? സത്യമറിയാം

തമിഴ്‌നാട്ടിലെ തിരുപ്പരംകുണ്ട്രത്ത് കാര്‍ത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോസഫ് വിജയ് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Fact Check: തിരുപ്പരംകുഡ്രം വിഷയത്തില്‍ വിജയ് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധം? സത്യമറിയാം
Published on: 
2 min read

തമിഴ്‌നാട്ടിലെ തിരുപ്പരംകുണ്ട്രത്ത് കാര്‍ത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോസഫ് വിജയ് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ഥലത്ത് നിന്നുള്ള മുദ്രാവാക്യം വിളികളാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ ഹൈന്ദവ സംഘടനകളുടെ കൊടികളും കാണാം. “ തിരുപ്പരങ്കുന്ദ്രം മല ദീപം വിഷയത്തില്‍ ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു!വിശ്വാസങ്ങളും പാരമ്പര്യ ആചാരങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തി ഹൈന്ദവ സംഘടനകള്‍ രംഗത്ത്.” എന്നാണ് വീഡിയോയുടെ വിവരണത്തില്‍ പറയുന്നത്.

Fact Check

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ J.K.GogulBalaj എന്ന എക്‌സ് പ്രൊഫൈലില്‍ 2025 ഫെബ്രുവരി 4ന് ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇതില്‍ നിന്ന് 2026 മെയില്‍ അധികാരത്തിലേറിയ വിജയ് സര്‍ക്കാരിനെതായ പ്രതിഷേധമല്ല ഇതെന്ന് വ്യക്തമായി.

വിശദമായ പരിശോധനയില്‍ വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് 2025 ഫെബ്രുവരി 4ന് ദി ഹിന്ദു തമിഴ് നല്‍കിയ റപ്പോര്‍ട്ട് ലഭ്യമായി. തിരുപ്പരംകുഡ്രം വിഷയത്തില്‍ മധുരയിലെ പലങ്കാനത്ത് ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാണിത്. ഡിഎംകെ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നലപാടുകള്‍ക്കെതിരായ സമരം എന്ന രീതിയിലാണ് അന്ന് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ഫെബ്രുവരി നാലിന് നടന്ന പ്രതിഷേധം സംബന്ധിച്ച് മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ദി പ്രിന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തിരുപ്പരംകുണ്ട്രം മലയില്‍ വച്ച് ചിലര്‍ മാംസാഹാരം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പാലങ്കാനത്ത് പ്രതിഷേധം നടന്നത്. തിരുപ്പരംകുണ്ട്രം മലയിലുള്ള സിക്കന്ദര്‍ ബാദുഷ ദര്‍ഗയില്‍ എത്തിയവര്‍ മലയിലിരുന്ന് മാംസാഹാരം കഴിച്ചുവെന്ന ആരോപണം വന്നതിനു പിന്നാലെ ഇവിടേയ്ക്ക് ഹിന്ദു സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതോടെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ഹിന്ദു സംഘടനകളുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് തിരുപ്പരംകുണ്ട്രത്ത് നിന്ന് മാറിയുള്ള പാലങ്കാനത്ത് പ്രതിഷേധം നടത്താന്‍ അനുമതി നല്‍കിയത്

ഈ പ്രപതിഷേധത്തില്‍ സംസാരിക്കവെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാരിനെതിരെ അടുത്തിടെ നടന്ന പ്രതിഷേധമല്ലെന്നും 2025 ഫെബ്രുവരിയില്‍ തിരുപ്പരംകുണ്ട്രം മലയില്‍ വച്ച് ചിലര്‍ മാംസാഹാരം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്നും വ്യക്തമായി.