Fact Check: നേപ്പാളില്‍ മഞ്ഞുമല ഇടിഞ്ഞ് വെള്ളമൊഴുകുന്നതിന്റെ ആകാശദൃശ്യം? വീഡിയോയുടെ സത്യമറിയാം

നേപ്പാളിലെ പ്രളയ ദൃശ്യം എന്ന രീതിയില്‍ നിരവധി വീഡിയകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Fact Check: നേപ്പാളില്‍ മഞ്ഞുമല ഇടിഞ്ഞ് വെള്ളമൊഴുകുന്നതിന്റെ ആകാശദൃശ്യം? വീഡിയോയുടെ സത്യമറിയാം
Published on
1 min read

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. അതിനിടെ നേപ്പാളിലെ പ്രളയ ദൃശ്യം എന്ന രീതിയില്‍ നിരവധി വീഡിയകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രളയത്തിന്റെ തുടക്കമായ മഞ്ഞുമല ഇടിയുന്നതിന്റെ ആകാശ ദൃശ്യമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു മഞ്ഞുമലയുടെ മുകളില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ ദൃശ്യമാണിത്.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ അലാസ്‌കയിലെ കൊളംബിയ ഹിമാനിയുടെ ദൃശ്യമാണെന്നും ഇതിന് നേപ്പാള്‍ പ്രളയവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഇതേ വീഡിയോ helipilotleigh എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ 2026 ഓഗസ്റ്റ് 22ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. അമേരിക്കയിലെ കൊമേര്‍ഷ്യല്‍ ഹെലികോപ്റ്റര്‍ പൈലറ്റായ ലീ കോട്ട്‌സ് (Leigh Coates) ന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണിത്. പോസ്റ്റിലെ വിവരണം അനുസരിച്ച് അലാസ്‌കയിലെ കൊളംബിയ ഹിമാനിയുടെ (Glacier) ദൃശ്യമാണിതെന്ന് വ്യക്തമാണ്. ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് ഫ്‌ലഡ് (GLOF) എന്നറിയപ്പെടുന്ന ഹിമാനികളാണ് ശക്തമായി താഴേക്ക് ഒഴുകുന്നതെന്നും 2014 മുതല്‍ കൊളംബിയ ഗ്ലേസിയറില്‍ ഇത്തരം ഹിമാനികള്‍ ഉണ്ടാകാറുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

കൊളംബിയ ഹിമാനിയുടെ മറ്റ് നിരവധി വീഡിയോകളും ലീ കോട്ട്‌സ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ഹെലികോപ്റ്ററുമായി ഈ പ്രദേശത്ത് സഞ്ചരിക്കുന്ന വീഡിയോ ഉള്‍പ്പെടെ കാണാം.

നേപ്പാളില്‍ പ്രളയക്കെടുതി ആരംഭിച്ചത് ഓഗസ്റ്റ് 26നാണ്. എന്നാല്‍ വൈറല്‍ വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് ലീ കോട്ട്‌സ് പങ്കുവച്ചിട്ടുള്ളത് ഓഗസ്റ്റ് 22നാണ്. ഇതില്‍ നിന്ന് പ്രചരിക്കുന്ന വീഡിയോയ്ക്ക് നേപ്പാള്‍ മിന്നല്‍ പ്രളയവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

logo
South Check
southcheck.in