Fact Check: ഇത് ജന്തര്‍ മന്തറില്‍ എത്തിയ പ്രതിഷേധക്കാരല്ല; ഫോട്ടോയുടെ സത്യമറിയാം

പോലീസ് സുരക്ഷ ശക്തമാക്കിയിട്ടും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധിക്കാന്‍ എത്തിയവര്‍ എന്ന രീതിയില്‍ വലിയൊരു ജനക്കൂട്ടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
Fact Check: ഇത് ജന്തര്‍ മന്തറില്‍ എത്തിയ പ്രതിഷേധക്കാരല്ല; ഫോട്ടോയുടെ സത്യമറിയാം
Published on: 
1 min read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇന്ത്യാ സഖ്യവും ന്യൂ ഡല്‍ഹിയില്‍ നടത്തിവരുന്ന പ്രതിഷേധം തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കള്‍ ഉള്‍പ്പെടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അതിനിടെ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധിക്കാന്‍ എത്തിയവര്‍ എന്ന രീതിയില്‍ വലിയൊരു ജനക്കൂട്ടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറല്‍ ചിത്രം ഡല്‍ഹിയില്‍ നിന്നുള്ളതല്ലെന്നും ഫിലിപ്പീന്‍സിലെ നാഗാ സിറ്റിയില്‍ 2026 സെപ്റ്റംബറില്‍ നടന്ന കത്തോലിക്ക വിശ്വാസികളുടെ 'ത്രാസ്ലാസിയോണ്‍' (Traslación) എന്ന ആഘോഷത്തിന്റെ ചിത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോ 2026 സെപ്റ്റംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി. ഈ വീഡിയോകളില്‍ നിന്നുള്ള സൂചന പ്രകാരം ഫിലിപ്പീന്‍സിലെ കത്തോലിക്ക വിഭാഗക്കാരുടെ മതപരമായ ചടങ്ങാണ് വീഡിയോയിലുള്ളത്.

Jeorge Fuentebella എന്ന ഫേസ്ബുക്ക് യൂസര്‍ പങ്കുവച്ച സമാനമായ വീഡിയോയുടെ വ്യക്തതയുള്ള പതിപ്പില്‍ നിന്ന് പശ്ചാത്തലത്തിലുള്ള കെട്ടിടങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു. ഈ വീഡിയോ ചുവടെ കാണാം.

ഒരു ഷോപ്പിന് മുന്നിലായി LADYLETTE CANTEEN എന്ന് എഴുതിയിട്ടുള്ളത് വീഡിയോയില്‍ ദൃശ്യമാണ്. ഈ സൂചന ഉപയോഗിച്ച് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞപ്പോള്‍ ഷോപ്പിന്റെ യഥാര്‍ഥ ലൊക്കേഷനും ലഭ്യമായി. ഫിലിപ്പീന്‍സിലെ നാഗാ സിറ്റിയിലുള്ള ബിക്കോള്‍ (Bicol) എന്ന പ്രദേശമാണിത്. വീഡിയോയിലും ഗൂഗിള്‍ മാപ്് ചിത്രത്തിലും LADYLETTE CANTEEN പശ്ചാത്തലം സമാനമാണെന്ന് വ്യക്തമായി. ഗൂഗിള്‍മാപ്പ് ലൊക്കേഷന്‍ ചുവടെ കാണാം.

'ഔവര്‍ ലേഡി ഓഫ് പെനാഫ്രാന്‍സിയ'യോടുള്ള (Our Lady of Peñafrancia) ഭക്തി പ്രകടിപ്പിക്കുന്നതിന് ഫിലപ്പീന്‍സിലെ കത്തോലിക്ക വിഭാഗക്കാര്‍ നടത്തിവരുന്ന ആഘോഷമാണ് 'ത്രാസ്ലാസിയോണ്‍' എന്ന ചടങ്ങ്. മാതാവിന്റെ തിരുസ്വരൂപവുമായി ബിക്കോളിലെ നാഗാസിറ്റിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ഈ പ്രദക്ഷിണ ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ഇത്തരത്തില്‍ 2026 സെപ്റ്റംബറില്‍ നടന്ന ആഘോഷമാണ് വൈറല്‍ ചിത്രത്തിലുള്ളത്.

ഡല്‍ഹിയിലെ ജന്തര്‍ മന്തറര്‍ പ്രതിഷേധിക്കാന്‍ എത്തിയ ജനസാഗരം എന്ന രീതിയില്‍ പ്രചരിക്കുന്നത് 2026 സെപ്റ്റംബറില്‍ ഫിലിപ്പീന്‍സിലെ നാഗാസിറ്റിയില്‍ കത്തോലിക്ക വഭാഗക്കാര്‍ സംഘടിപ്പിച്ച ത്രാസ്ലാസിയോണ്‍ എന്ന പ്രദക്ഷിണ ചടങ്ങില്‍ നിന്നുള്ള ദൃശ്യമാണ്.

logo
South Check
southcheck.in