Fact Check: മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ച സംഭവം വര്‍ഗീയ ലക്ഷ്യത്തോടെ പങ്കിടുന്നു

മലപ്പുറം ജില്ലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ജമാഅത്ത് വഴി വിതരണം നടത്തുന്നുവെന്നും ഇതുവഴി മതസംവരണം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ സര്‍വീസില്‍ കടന്നുകയറുന്നുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു.
Fact Check: മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ച സംഭവം വര്‍ഗീയ ലക്ഷ്യത്തോടെ പങ്കിടുന്നു
Published on
2 min read

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലപ്പുറം ജില്ലയില്‍ നടന്ന സംഭവമാണെന്നും ജമാഅത്ത് വഴി ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മതസംവരണവും പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ജോലിയില്‍ കടന്നുകയറി ഉദ്യോഗസ്ഥ ഭരണം കൈക്കലാക്കുന്നുവെന്ന രീതിയില്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയ പ്രചാരണം വൈറലാകുന്നത്. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളും അറസ്റ്റിലായ പ്രതികളും ദൃശ്യങ്ങളിലുണ്ട്.

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം ഒഴിവാക്കിയ ഈ വാര്‍ത്ത ദൂരദര്‍ശന്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തതെന്നും ചില പോസ്റ്റുകളില്‍ പറയുന്നു

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ സംഭവത്തില്‍ മുസ്ലീങ്ങള്‍ മാത്രമല്ല പ്രതികളായിട്ടുള്ളതെന്നും ഇതിന് വര്‍ഗീയ വശമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ പോസ്റ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 2025 ഡിസംബറില്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ അറസ്റ്റിലായ സംഭവമാണിതെന്ന് വ്യക്തമായി

പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിന് പുറത്തെ സര്‍വ്വകലാശാലകളിലെ ഉള്‍പ്പെടെ നൂറിലധികം സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്റെ ഉടമ ഇര്‍ഷാദ്, ഇയാളുടെ സഹായി രാഹുല്‍ എന്നിവരാണ് സംഭവത്തില്‍ ആദ്യം അറസ്റ്റിലായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ എത്തിച്ച് നല്‍കിയ തിരുവനന്തപുരം സ്വദേശി ജസീമിനെ പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയ് ഡാനിയും പിടിയിലായി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ച ശിവകാശിയിലെ കേന്ദ്രം റെയ്ഡ് ചെയ്തതോടെ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള സാമഗ്രികള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദീന്‍, അരവിന്ദ്, വെങ്കിടേഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംഘത്തിന്റെ തലവന്‍ ഡാനി എന്നറിയപ്പെടുന്ന താനൂര്‍ സ്വദേശി ധനീഷ് ധര്‍മ്മന്‍ എന്നയാളാണ്


വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ദേശാഭിമനി നല്‍കിയിട്ടുണ്ട്.

മുഖ്യപ്രതി തിരൂര്‍ മീനടത്തൂര്‍ നെല്ലിക്കതറയില്‍ ധനീഷ് (37), പൊന്നാനി പോത്തന്നൂര്‍ മൂച്ചിക്കല്‍ ഇര്‍ഷാദ് (39), പുറത്തൂര്‍ നമ്പ്യാരത്ത് വീട്ടില്‍ രാഹുല്‍ (30), തിരൂര്‍ പയ്യാരങ്ങാടി ചാലു പറമ്പില്‍ വീട്ടില്‍ നിസ്സാര്‍ (31),
ജസീമിന്റെ ഭാര്യാ സഹോദരന്‍ ഷഫീഖ് (40), നെടുമങ്ങാട് സ്വദേശി രതീഷ് (38), അഫ്‌സല്‍ (31), തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദ്ദീന്‍ (40), അരവിന്ദ് (24), വെങ്കിടേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

പ്രതികള്‍ മാത്രമല്ല ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപഭോക്താക്കളിലും വിവിധ മതത്തില്‍പ്പെട്ടവരുണ്ട്. വാര്‍ത്തകളില്‍ അരുണ്‍ ആര്‍ വിനയകുമാര്‍ എന്‍ എന്നിങ്ങനെ വിവിധ പേരുകളിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ദൃശ്യം കാണാം.

ഇതില്‍ നിന്ന് മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിവിധ മതവിഭാഗങ്ങളിലുള്ള പ്രതികളും ഉപഭോക്താക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. മാത്രമല്ല ജമാഅത്തുകള്‍ മുഖേന ഈ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തിയെന്ന അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

logo
South Check
southcheck.in