Fact Check: ജനപ്രതിനിധികള്‍ നമസ്‌ക്കരിക്കുന്ന വീഡിയോ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നിന്നുള്ളതല്ല

ഇസ്രയേല്‍ പാര്‍ലമെന്റില്‍ മുസ്ലീം എംപിമാര്‍ നമസ്‌ക്കരിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Fact Check: ജനപ്രതിനിധികള്‍ നമസ്‌ക്കരിക്കുന്ന വീഡിയോ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നിന്നുള്ളതല്ല
Published on: 
2 min read

ഇസ്രയേലില്‍ ഒക്ടോബര്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 'ലിക്കുഡ്' പാര്‍ട്ടിയ്ക്കും(53 സീറ്റ്), ഗാഡി ഐസന്‍കോട്ടയുടെ 'യാഷാര്‍' പാര്‍ട്ടിയ്ക്കും(48 സീറ്റ്) വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പുതിയ സര്‍ക്കാരിനെപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്. 120 അംഗ നെസെറ്റില്‍(Knesset) സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകള്‍ വേണം. അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടി ചരിത്രപരമായ നേട്ടം കൈവരിച്ച് ശ്രദ്ധേയമായത് യാഷാര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി.

അതിനിടെ ഇസ്രയേല്‍ പാര്‍ലമെന്റില്‍ മുസ്ലീം എംപിമാര്‍ നമസ്‌ക്കരിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Fact Check

പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നിന്നുള്ളതല്ലെന്നും ജോര്‍ദാനിയന്‍ പാര്‍ലമെന്റിനുള്ളില്‍ എംപിമാര്‍ ളുഹ്ര്‍ (ഉച്ച) നമസ്‌കാരം നിര്‍വഹിക്കുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഇത്തരമൊരു നമസ്‌ക്കാരം നടന്നിട്ടുണ്ടോ എന്ന വിവരമാണ് ആദ്യം പരിശോധിച്ചത്. കീവേര്‍ഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല. 

തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള കീഫ്രെയ്മുകള്‍ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. നവംബര്‍ 3ന് അമ്മാനിലെ ജോര്‍ദാന്‍ ജനപ്രതിനിധി സഭയില്‍ (ജോര്‍ദാന്‍ പാര്‍ലമെന്റ്) എംപിമാര്‍ 'ളുഹര്‍' (ഉച്ച നമസ്‌കാരം) നിര്‍വഹിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളതെന്ന് ബിബിസി ന്യൂസ് അറബിക് പങ്കുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്റിന്റെ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിന് തൊട്ടുമുമ്പായി എംപി ഡോ അഹ്‌മദ് അല്‍-റഖാബ് ആണ് ഈ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതെന്ന് ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

വൈറല്‍ വീഡിയോയും ജോര്‍ദാന്‍ പാര്‍ലമെന്റിന്റെ ഇന്റീരിയറും പരിശോധിച്ചപ്പോള്‍ രണ്ടിനും സമാനതകളുണ്ടെന്ന് വ്യക്തമായി.

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നിന്നുള്ളതല്ലെന്നും ജോര്‍ദാന്‍ പാര്‍ലമെന്റില്‍ നവംബര്‍ മൂന്നിന് നടന്ന 'ളുഹര്‍' നമസ്‌ക്കാരമാണെന്നും വ്യക്തമായി.