Fact Check: ഹൂതികള്‍ സൗദിയിലെ അല്‍ റബ്‌വ പിടിച്ചെടുക്കുന്ന ദൃശ്യം ഇപ്പോഴത്തേതല്ല

തോക്കുകളുമായി മിലിട്ടറി ഉദ്യോഗസ്ഥര്‍ വിവിധ ഭാഗങ്ങളില്‍ കയറുന്നതും വെടിവെയ്പ് ഉള്‍പ്പെടെ നടത്തുന്നതുമായ ദൃശ്യങ്ങളാണിത്.
Fact Check: ഹൂതികള്‍ സൗദിയിലെ അല്‍ റബ്‌വ പിടിച്ചെടുക്കുന്ന ദൃശ്യം ഇപ്പോഴത്തേതല്ല
Published on: 
1 min read

യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. സൗദി തലസ്ഥാനമായ റിയാദും വിശുദ്ധ നഗരമായ മക്കയും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ സൗദിയിലെ അല്‍ റബ്‌വ പട്ടണം ഹൂതികള്‍ പിടിച്ചെടുക്കുന്നതായി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോക്കുകളുമായി മിലിട്ടറി ഉദ്യോഗസ്ഥര്‍ വിവിധ ഭാഗങ്ങളില്‍ കയറുന്നതും വെടിവെയ്പ് ഉള്‍പ്പെടെ നടത്തുന്നതുമായ ദൃശ്യങ്ങളാണിത്. നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിക്കുന്നത്. ഹൂതികള്‍ കടന്നുകയറിയപ്പോള്‍ സൗദി സൈന്യം പിന്‍വാങ്ങിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

Fact Check

വൈറല്‍ വഡിയോയില്‍ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ പരിശോധിച്ചപ്പോള്‍ നിലവിലെ സംഘര്‍ഷം ആരംഭിച്ച 2026 സെപ്റ്റംബര്‍ മൂന്നിന് മുന്‍പ് തന്നെ ഇത് പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. 2026 ജൂലൈയില്‍ നിരവധിപ്പേരാണ് ആര്‍ക്കൈവ് ദൃശ്യം എന്ന രീതിയില്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്.

2015 മുതല്‍ നടന്ന യെമന്‍-സൗദി അറേബ്യ സംഘര്‍ഷങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയിലുള്ളതെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോയുടെ ആദ്യഭാഗത്തുള്ള ഫയറിംഗ് ദൃശ്യം 2016 ജനുവരിയിലെ അറബിക് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതുപ്രകാരം അല്‍ റബ്‌വയില്‍ നടത്തിയ സൈനിക നടപടിയാണിത്.

ഒരു മതിലിനു സമീപം കൂടി സൈനികര്‍ നടന്നു നീങ്ങുന്ന ദൃശ്യം വീഡിയോയിലുണ്ട്. യെമന്‍ പ്രസ് ഏജന്‍സി 2021ല്‍ മാര്‍ച്ചില്‍ പങ്കുവച്ച റിപ്പോര്‍ട്ടില്‍ ഈ ചിത്രം കാണാം. റിപ്പോര്‍ട്ട് പ്രകാരം യെമന്‍ ആര്‍മിയും സഖ്യസേനയും തമ്മിലല്‍ മാരിബ് നഗരത്തില്‍ നടനേന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്.

yamanyoon.com എന്ന വെബ്‌സൈറ്റില്‍ 2015 നവംബര്‍ 9ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വൈറല്‍ വീഡിയോയിലെ ഒട്ടുമിക്ക ഭാഗങ്ങളും കാണാം. യെമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കു പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അല്‍ റബ്‌വ മേഖലയില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യം എന്നാണ് ഈ വാര്‍ത്തയില്‍ പറയുന്നത്.

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ നിലവിലുള്ള സൗദി അറബ്യ-ഹൂതി സംഘര്‍ഷത്തിലേതല്ലെന്നും 2015 മുതല്‍ പ്രചാരത്തിലുള്ള ദൃശ്യങ്ങളാണെന്നും വ്യക്തമായി.

logo
South Check
southcheck.in