Fact Check: ഒഴുക്കില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന ദൃശ്യം അസം പ്രളയത്തില്‍ നിന്നുള്ളതല്ല

കുത്തൊഴുക്കില്‍ പെട്ടുപോയ ഒരു യുവതിയെ രണ്ട്‌പേര്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോയാണിത്.
Fact Check: ഒഴുക്കില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന ദൃശ്യം അസം പ്രളയത്തില്‍ നിന്നുള്ളതല്ല
Published on
1 min read

അസമില്‍ 80ല്‍ ഏറെപ്പേര്‍ മരിക്കുകയും എട്ടു ജില്ലകളിലായി രണ്ടുലക്ഷത്തിലധികം പേരെ നേരിട്ട് ബാധിക്കുകയും ചെയ്ത പ്രളയത്തില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളും സൈന്യവും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിനിടെ അസമിലെ പ്രളയത്തിന്റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുത്തൊഴുക്കില്‍ പെട്ടുപോയ ഒരു യുവതിയെ രണ്ട്‌പേര്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോയാണിത്.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ അസമിലെ പ്രളയത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഹരിദ്വാറിലെ ഗംഗാഘട്ടില്‍ നിന്നുള്ളതാണെന്ന രീതിയില്‍ നിരവധിപ്പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇത്തരമൊരു വീഡിയോ ചുവടെ കാണാം

വീഡിയോയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചപ്പോള്‍ ഹരിദ്വാറില്‍ നിന്നുള്ളതാണെന്ന് ഉറപ്പിക്കാനായി. കൂടാതെ ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് NishaKashyap721 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ 2026 ജൂലൈ ഏഴിന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. റീല്‍ ചിത്രീകരണത്തിനായി എടുത്ത ദൃശ്യങ്ങളാണിത്. സമാനമായ പശ്ചാത്തലത്തില്‍ ഇതേ യുവതിയും യുവാവും ഉള്‍പ്പെടുന്ന മറ്റ് റീലുകളില്‍ ഹരിദ്വാറില്‍ നിന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

റീല്‍ ചിത്രീകരണത്തിനായി ഇവര്‍ പകര്‍ത്തിയിട്ടുള്ള സമാനമായ നിരവധി ചിത്രങ്ങളും NishaKashyap721 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ അസമില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന പ്രളയത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യമല്ലെന്നും ഹരിദ്വാറില്‍ ചിത്രീകരിച്ച ഒരു ഇന്‍സ്റ്റഗ്രാം റീലിന്റെ ഭാഗമാണെന്നും വ്യക്തമായി.

logo
South Check
southcheck.in