മുഖ്യമന്ത്രിയ്ക്ക് കാരവന്‍: ADGP പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും

കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമുറിയും അടുക്കളയും ഉള്‍പ്പെടെ സൗകര്യഹങ്ങളുള്ള ഫൈവ്സ്റ്റാര്‍ കാരവനാണ് മുഖ്യമന്ത്രിയ്ക്കായി ഒരുക്കുന്നതെന്ന തരത്തില്‍ T21 എന്ന ഓണ്‍ലൈന്‍ചാനലിന്റെ ന്യൂസ്കാര്‍ഡ് രൂപത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.
മുഖ്യമന്ത്രിയ്ക്ക് കാരവന്‍: ADGP പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും
Published on
2 min read

നവകേരളസദസ്സിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി സജ്ജീകരിച്ച ബസ്സുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചരണങ്ങളുണ്ടായിരുന്നു. നവകേരളസദസ്സ് പൂര്‍ത്തിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കാരവനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ കാരവന്‍ ഒരുങ്ങുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍‌. ഇതിന് പിന്നാലെ കാരവനിലെ സൗകര്യങ്ങള്‍ വിവരിച്ച് ചിത്രസഹിതം ചില പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

T21 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഗോസഹിതം ഒരു ന്യൂസ്കാര്‍ഡ് രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്ന വിവരണത്തിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ന്യൂസ്കാര്‍ഡില്‍ ആഢംബര കാരവന്റെ ചിത്രത്തിനൊപ്പം കുട്ടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക മുറിയും അടുക്കളയും വാഹനത്തിലുണ്ടെന്നും മലയാളിക്ക് അഭിമാന നിമിഷമാണെന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

Fact-check: 

പ്രചരിക്കുന്ന ചിത്രത്തിലെ വാഹനവും അവകാശവാദങ്ങളും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയ്ക്ക് കാരവന്‍ വാങ്ങുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. മുഖ്യമന്ത്രിയുടെ കാരവന്‍ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ആദ്യം പരിശോധിച്ചത്. 

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മനോരമ, മാതൃഭൂമി ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതുംസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ 2023 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

മുഖ്യമന്ത്രിയ്ക്ക് കാരവന്‍ വേണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ അഭിപ്രായം  പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയ്ക്ക് 24 മണിക്കൂറും ജോലിചെയ്യാന്‍ സാഹചര്യം ആവശ്യമാണെന്നും സഞ്ചരിക്കുന്ന ഓഫീസ് ആവശ്യമാണെന്നും എഡിജിപി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കേരളകൗമുദിയും ഇതേദിവസം ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഖ്യധാരാമാധ്യമങ്ങള്‍ പരാമര്‍ശിച്ച ഓണ്‍ലൈന്‍ ചാനല്‍ ‘മാധ്യമ സിന്‍ഡിക്കേറ്റ്’ ആണെന്ന് കണ്ടെത്തി. മാധ്യമ സിൻഡിക്കറ്റ് എഡിറ്റർ -ഇൻ-ചീഫ് അനിൽ ഇമ്മാനുവൽ, ADGP എം ആര്‍ അജിത്കുമാറുമായി നടത്തിയ അഭിമുഖം 2023 ഡിസംബര്‍ 25നാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നവകേരളസദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയ സുരക്ഷാക്രമീകരണങ്ങളാണ് അഭിമുഖത്തിന്റെ കേന്ദ്രപശ്ചാത്തലം. ഇതുമായി ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കുന്ന ഓഫീസാണ് ഭാവിയില്‍ വേണ്ടതെന്ന അഭിപ്രായം അദ്ദേഹം പങ്കുവെയ്ക്കുന്നത്. ആധുനിക കാലത്ത് ഓഫീസിലിരുന്ന് മാത്രം ജോലിചെയ്യുന്ന രീതി മാറണമെന്നും വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ സൗകര്യമുള്ള സഞ്ചരിക്കുന്ന കാരവന്‍ അനുയോജ്യമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആര്‍ഭാടത്തിനുവേണ്ടി ആഢംബരവാഹനമല്ല, മറിച്ച് ഉപയോഗമാണ് പരിഗണിക്കേണ്ടതെന്നും അത്തരത്തിലുള്ള ചെറിയ കാരവനാണ് നിര്‍ദേശിക്കുന്നതെന്നും ADGP വ്യക്തമാക്കുന്നുണ്ട്. 

ഇതില്‍നിന്നും നിലവില്‍ പ്രചരിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയ്ക്ക് കാരവന്‍ വാങ്ങാന്‍ സര്‍ക്കാറോ അനുബന്ധ സംവിധാനങ്ങളോ ഏതെങ്കിലും തരത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും എഡിജിപിയുടെ കേവലം അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമറിപ്പോര്‍ട്ടുകളെന്നും വ്യക്തമായി മുഖ്യധാരാ മാധ്യമറിപ്പോര്‍ട്ടുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. 

ഇതോടെ പ്രചരിക്കുന്ന പോസ്റ്റര്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. വാഹനം സംബന്ധിച്ച് യാതൊരു സൂചനയും ഈ ഘട്ടത്തില്‍ ഉണ്ടാകാനിടയില്ലാത്തതിനാല്‍ പ്രചരിക്കുന്ന ചിത്രവും ന്യൂസ്കാര്‍ഡിന്റെ ഉള്ളടക്കവും വ്യാജമാണെന്ന് വ്യക്തമായ സൂചന ലഭിച്ചു. 

തുടര്‍ന്ന് T-21ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് അവര്‍ സ്ഥിരീകരിച്ചതായി കണ്ടെത്തി. എന്നാല്‍ വ്യാജകാര്‍ഡ് നിര്‍മിക്കാനുപയോഗിച്ച യഥാര്‍ത്ഥ കാര്‍ഡിനെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ ഈ പോസ്റ്റില്‍ വ്യക്തതയില്ല. 

തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് അവകാശപ്പെടുമ്പോഴും കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ലോഗോ, ഫോണ്ട്, ഡിസൈന്‍ തുടങ്ങിയവയെല്ലാം T21 പേജിന്റെ ഔദ്യോഗിക ഘടനയില്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. T21 തന്നെ തയ്യാറാക്കിയ പോസ്റ്ററാണ് തെറ്റായ ഉള്ളടക്കത്തോടെ പ്രചരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരോപണമുണ്ട്.  ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്താനും T21 ഓഫീസുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. ‌

അതേസമയം പ്രചരിക്കുന്ന ന്യൂസ്കാര്‍ഡിന്റെ ഉള്ളടക്കം പൂര്‍ണമായും തെറ്റാണെന്ന് വസ്തുതാപരിശോധിയില്‍ വ്യക്തമായി. ഇതിന്റെ  ഉറവിടം സ്ഥരീകരിക്കാനായില്ലെങ്കിലും മുഖ്യമന്ത്രിയ്ക്ക് കാരവന്‍ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങള്‍ ADGP എം ആര്‍ അജിത്കുമാര്‍ ‘മാധ്യമസിന്‍ഡിക്കേറ്റി’ന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക നടപടികളോ തീരുമാനങ്ങളോ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

Related Stories

No stories found.
logo
South Check
southcheck.in