Fact Check: മഹാരാജാസിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറി - സമൂഹമാധ്യമ പോസ്റ്റുകളും യാഥാര്‍ത്ഥ്യവും

എറണാകുളം മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ ഫ്രണ്ട്ലി ടോയ്ലറ്റുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോളജിനെയും ചില വിദ്യാര്‍ത്ഥി സംഘടനകളെയും അങ്ങേയറ്റം ഇകഴ്ത്തുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact Check: മഹാരാജാസിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറി - സമൂഹമാധ്യമ പോസ്റ്റുകളും യാഥാര്‍ത്ഥ്യവും

എറണാകുളം മഹാരാജാസ് കോളജില്‍ ജെന്‍ഡര്‍‍ സൗഹൃദ ശുചിമുറികള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത സഹിതം കോളജിനെ ഇകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 24 ന്യൂസ് 2024 ജൂണ്‍ 23ന് നല്‍കിയ വാര്‍ത്താ കാര്‍ഡിനൊപ്പം മറ്റ് വിവരണങ്ങള്‍ ചേര്‍ത്താണ് പ്രചാരണം. കൂടാതെ ഒരു യുവതിയും യുവാവും ഒരുമിച്ച് ശുചിമുറിയിലിരിക്കുന്ന  ചിത്രവും ഇതോടൊപ്പം പങ്കുവെച്ചതായി കാണാം.

സദാചാര വിരുദ്ധവും അധാര്‍മികവുമായ നടപടിയാണ് കോളജിന്റേതെന്ന തരത്തില്‍ വിമര്‍ശനങ്ങളോടെയാണ് നിരവധി പേര്‍ ഈ ചിത്രവും വിവരണവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പശ്ചാത്തലമറിയാതെയാണ് പലരും പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന പോസ്റ്റില്‍ ചിലതില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു യുവാവും യുവതിയും ശൗചാലയത്തിലിരിക്കുന്ന ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാണ്. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 

പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ചാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇത് 24 ന്യൂസ് 2024 ജൂണ്‍ 23ന് നല്‍കിയ വാര്‍ത്താ കാര്‍ഡാണെന്ന് കണ്ടെത്തി.

കീവേഡ് പരിശോധനയില്‍ മറ്റ് മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകളും ലഭിച്ചു. ദേശാഭിമാനി ഓണ്‍ലൈനിലും കൊച്ചി എഡിഷന്‍ പത്രത്തിലും ജൂണ്‍ 23ന് ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

വിശദമായി നല്‍കിയ റിപ്പോര്‍ട്ടില്‍ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികള്‍ 2018 മുതല്‍ കോളജില്‍ നിലവിലുണ്ടെന്നും ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ കോളജ് പ്രവേശനത്തിന് പിന്നാലെയാണ് ഇവ സ്ഥാപിച്ചതെന്നും വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോളജ് സന്ദര്‍ശിച്ച എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത് സമൂഹമാധ്യമത്തില്‍ ഇതിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് വാര്‍ത്ത വീണ്ടും വന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു.


തുടര്‍‌ന്ന് രാംമോഹന്‍ പാലിയത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് കണ്ടെത്തി.

കൂടുതല്‍ വിവരങ്ങള്‍ക്കായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷാജില ബീവിയുമായി ഫോണില്‍ സംസാരിച്ചു. അവരുടെ പ്രതികരണം: 

“മഹാരാജാസ് കോളജിനെ സംബന്ധിച്ചിടത്തോളം ജെന്‍ഡര്‍ സൗഹൃദ ശുചിമുറിയെന്നത് പുതിയ കാര്യമല്ല. ഇവിടെ ഇത് സ്ഥാപിച്ചിട്ട് ആറ് വര്‍ഷമാകുന്നു. 2018 ലെ കോളേജ് പ്രവേശന സമയത്താണ് 12 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കോളജില്‍ അഡ്മിഷന്‍ എടുക്കുന്നത്. അന്ന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍‌ക്കും നിലവിലുണ്ടായിരുന്ന വെവ്വേറെ ശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ അസൗകര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ വലിയ ആശയത്തിലേക്ക് കോളജ് എത്തുന്നത്. പല പൊതു ഇടങ്ങളിലും ട്രെയിനിലുമൊക്കെ ഉള്ളതുപോലെ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ശുചിമുറികള്‍ സജ്ജീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ജെന്‍‍ഡര്‍ സൗഹൃദ ശുചിമുറികള്‍ കോളജില്‍ യാഥാര്‍ത്ഥ്യമായത്. സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ ഇത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കുന്നതോ സദാചാരവിരുദ്ധമോ ആയ കാര്യമല്ല. മറിച്ച്, നമ്മുടെയൊക്കെ വീടുകളില്‍ നാമുപയോഗിക്കുന്ന ശൗചാലയങ്ങള്‍പോലെ, ട്രെയിനിലും വിവിധ സര്‍വകലാശാലകളിലും നിലവിലുള്ള ശൗചാലയങ്ങള്‍‌ പോലെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആര്‍ക്കും ഉപയോഗിക്കാമെന്ന് മാത്രം. അതിന് മുന്നില്‍ ജെന്‍ഡര്‍ ഫ്രണ്ട്ലി എന്ന ബോര്‍ഡ് വെച്ചതുകൊണ്ട് മാത്രമായിരിക്കാം ഈ പ്രശ്നങ്ങള്‍. ചിലരത് രാഷ്ട്രീയമായും കോളജിനെതിരെയും ഉപയോഗിക്കുന്നു.”

ഇതോടെ കോളജില്‍‌ ജെന്‍ഡര്‍ സൗഹൃദ ശൗചാലയങ്ങള്‍‌ വര്‍ഷങ്ങളായി നിലവിലുണ്ടെന്നും ഈ സങ്കല്പം കൃത്യമായി മനസ്സിലാക്കാത്തവരാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നതെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in