കാസര്‍കോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ നിര്‍മിക്കുന്ന മലയോര ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളുടെയും പ്രവൃത്തിപുരോഗതിയുടെയും വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പലതവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട് മലയോരഹൈവേയുടെ ആകാശദൃശ്യങ്ങള്‍ സഹിതം 2024 മാര്‍ച്ച് 25 ന് CPIM Kerala എന്ന എക്സ് ഹാന്‍ഡിലില്‍ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇത് കേന്ദ്രപദ്ധതിയാണെന്ന അവകാശവാദത്തോടെ ശ്രീജിത്ത് പണിക്കര്‍ ഉള്‍പ്പെടെ പലരും ഈ ദൃശ്യങ്ങള്‍ റീട്വീറ്റ് ചെയ്തു. (Archive 1, Archive 2)
പ്രചാരണം അടിസ്ഥാനരഹിതമാണെന്നുംം മലയോരഹൈവേ പൂര്‍ണമായും കേരളസര്‍ക്കാര്‍ പദ്ധതിയാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
പദ്ധതിയ്ക്കാവശ്യമായ തുക വകയിരുത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. 2017-18 സാമ്പത്തികവര്‍ഷത്തെ ബജറ്റിലാണ് മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികള്‍ക്ക് തുക വകയിരുത്തിയതെന്ന സൂചന വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 2017-18 ബജറ്റില്‍ മലയോര ഹൈവേയ്ക്കായി 3500 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി സ്ഥിരീകരിച്ചു. നിയമസഭ വെബ്സൈറ്റില്‍ ലഭ്യമായ ബജറ്റ് പ്രസംഗത്തിലെ പ്രസ്തുത ഭാഗം കാണാം.
ബജറ്റില്‍ അനുവദിച്ച തുക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവും ലഭ്യമായി. 2017 ജൂലൈയില്‍ പുറത്തിറക്കിയ ഈ ഉത്തരവിലും മലയോര ഹൈവേയ്ക്ക് 3500 കോടി രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാക്കുന്നതായി വ്യക്തമാക്കുന്നു. മലയോര ഹൈവേ കൂടാതെ തീരദേശ ഹൈവേയ്ക്ക് 6500 കോടി രൂപയും മറ്റ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് 8000-ത്തിലധികം കോടി രൂപയുടെയും നിര്‍വഹണാനുമതി നല്കിയതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.
1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പിന്നീട് 2018-ല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പരാമര്‍ശമുണ്ടായിരുന്നതായും നിയമസഭാ രേഖകളില്‍നിന്ന് കണ്ടെത്തി. വി എസ് ശിവകുമാര്‍, കെ സി ജോസഫ്, വി ഡി സതീശന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ ചോദ്യത്തിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് മറുപടി നല്‍കിയത്. 2018 ഏപ്രില്‍ നാലിന് നല്‍കിയ മറുപടിയിലും കിഫ്ബിയില്‍നിന്നാണ് തുക വകയിരുത്തിയതെന്ന് ആവര്‍ത്തിക്കുന്നു.
പിന്നീട് പതിനാലാം നിയമസഭയില്‍ എസ്റ്റിമേറ്റ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മലയോര ഹൈവേയുടെ നീക്കിയിരിപ്പ് തുക സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ കാണാം. 2020 മാര്‍ച്ചില്‍ സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കിഫ്ബി ഫണ്ട് വഴിയാണ് മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു ഔദ്യോഗിക രേഖയിലും ഇല്ലെന്ന് വ്യക്തമായി. 2017-18ലെ കേരള ബജറ്റില്‍ കിഫ്ബി വഴി അനുവദിച്ച തുക ഉപയോഗിച്ചാണ് മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുന്നതെന്ന് ഇതോടെ സ്ഥിരീകരിക്കാനായി.
നിലവിലെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയോരഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലെ പദ്ധതി പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. നിര്‍മാണച്ചെലവ് പൂര്‍ണമായും കേരളസര്‍ക്കാര്‍ കിഫ്ബി വഴി വഹിക്കുന്നതായി അദ്ദേഹം പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നല്‍കിയ കുറിപ്പിലും വ്യക്തമാക്കുന്നു.
പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. 2025-ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ 149.175 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും 296.09 കിലോമീറ്റര്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും 488.63 കിലോമീറ്റര്‍ ടെന്‍ഡര്‍ നടപടികളിലാണെന്നും മന്ത്രി അറിയിക്കുന്നു.
ഇതോടെ പദ്ധതി കേന്ദ്രത്തിന്റേതാണെന്ന പ്രചാരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.