മൗലികാവകാശങ്ങള്‍ക്കൊപ്പം ശ്രീരാമചിത്രം: ഇന്ത്യന്‍ ഭരണഘടനയിലെ ചിത്രീകരണങ്ങളെക്കുറിച്ചറിയാം

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പട്ടികപ്പെടുത്തിയ ഭാഗത്ത് നല്‍കിയ ശ്രീരാമചിത്രം അയോധ്യ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്നാല്‍ ഭരണഘടനയില്‍ 22 ഭാഗങ്ങളിലും ഇത്തരം ചിത്രീകരണങ്ങളുണ്ട്. അവയെക്കുറിച്ച് കൂടുതലറിയാം.
മൗലികാവകാശങ്ങള്‍ക്കൊപ്പം ശ്രീരാമചിത്രം: ഇന്ത്യന്‍ ഭരണഘടനയിലെ ചിത്രീകരണങ്ങളെക്കുറിച്ചറിയാം
Published on
5 min read

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ റിപ്പബ്ലിക് ദിനംകൂടി എത്തിയതോടെ ഭരണഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി. അയോധ്യയിലെ പ്രാണപ്രതിഷ്ഠ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ ചലചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഭരണഘടനയുടെ ആമുഖം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 

ഇതിനെ പ്രതിരോധിക്കാനെന്നവണ്ണം ചിലര്‍ ഭരണഘടനയിലെ ശ്രീരാമചിത്രം ഉള്‍പ്പെടുന്ന ഭാഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇത് കൂടുതല്‍ ചര്‍ച്ചയായത്. രാഷ്ട്രീയ നിരീക്ഷകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ശ്രീജിത്ത് പണിക്കര്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ റിപ്പബ്ലിക് ദിനത്തില്‍  ഇതുസംബന്ധിച്ച് വീഡിയോ പങ്കുവെച്ചതോടെയാണ് കൂടുതല്‍ പേര്‍ അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതും ചര്‍ച്ചയാകുന്നതും. 

‘അയ്യയ്യോ ഇങ്ങനെ ആയിരുന്നോ നമ്മുടെ ഭരണഘടന’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചവര്‍ക്കുള്ള മറുപടിയെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൗലികാവകാശങ്ങള്‍ പട്ടികപ്പെടുത്തിയതിനൊപ്പം ശ്രീരാമനും സീതയും ലക്ഷ്മണനും അയോധ്യയിലേക്ക് പോകുന്ന ചിത്രം ഉള്‍പ്പെടുത്തിയത് രാമരാജ്യം എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുള്ള ഭരണാധികാരിയുടെ പ്രതീകമാണ് ഈ ചിത്രമെന്നും ഇത് രാമരാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. 

Fact-check: 

ഭരണഘടനയിലെ ശ്രീരാമന്റെ ചിത്രം രാമരാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നത് വ്യക്തിപരമായ വ്യാഖ്യാനമായി മാത്രമായേ കാണാനാവൂ എന്നും മതപരമായ പ്രതീകവല്‍ക്കരണമല്ല, മറിച്ച് ഇന്ത്യന്‍ നാഗരികതയെയും ചരിത്രത്തെയും സംസ്കാരത്തെയും സ്വാതന്ത്ര്യസമരത്തെയുമെല്ലാം പ്രതിനിധീകരിക്കുന്ന ചിത്രീകരണങ്ങളാണ് ഭരണഘടനയിലുടനീളം കാണാനാവുന്നതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.  

വസ്തുത പരിശോധനയുടെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ കൈയ്യെഴുത്തുപ്രതി ശേഖരിച്ചു. കാലിഗ്രാഫറായ പ്രേം ബിഹാറി നരൈൻ റയ്‌സ്ദായാണ് ഇംഗ്ലീഷ് പതിപ്പിന്റെ കൈയ്യെഴുത്തുപ്രതി തയ്യാറാക്കിയത്. ആര്‍ട്ടിസ്റ്റ്  നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുമാണ് ഭരണഘടനയിലെ ചിത്രങ്ങള്‍ തയ്യാറാക്കിയത്. ഭരണഘടനയുടെ 22ഭാഗങ്ങളുടെയും ആദ്യപേജില്‍ വ്യത്യസ്ത ചിത്രീകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 

ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള സംഗ്രഹം ഭരണഘടനയുടെ അവസാനഭാഗത്ത് നല്‍കിയിട്ടുണ്ട്.

മോഹന്‍ജൊദാരോ നാഗരിക കാലഘട്ടം മുതല്‍ സ്വാതന്ത്ര്യസമര കാലഘട്ടം വരെയുള്ള വിവിധ കാലക്രമത്തെ സൂചിപ്പിക്കുന്ന ചിത്രീകരണങ്ങളാണ് പട്ടികയിലുള്ളത്. ഇതിഹാസകാലത്തെ സൂചിപ്പിക്കാനായി രാമായണത്തിലെയും മഹാഭാരതത്തിലെയും സന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. പിന്നീട് മൗര്യ-ഗുപ്ത കാലഘട്ടങ്ങളും ബുദ്ധമതത്തിന്റെ പ്രഭാവവും ചിത്രീകരണങ്ങളില്‍ കാണാം. മധ്യകാലഘട്ടത്തെ സൂചിപ്പിക്കുന്ന ശില്പകലകളും തുടര്‍ന്ന് മുസ്ലിം കാലഘട്ടത്തെ സൂചിപ്പിക്കുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെയും മുഗള്‍ വാസ്തുവിദ്യയുടെയും ചിത്രങ്ങളും ഭരണഘടനയില്‍ ഇടംനേടിയിട്ടുണ്ട്. ഇതില്‍നിന്നും ഒരു പ്രത്യേക മതത്തെയോ സംസ്കാരത്തെയോ ആസ്പദമാക്കിയല്ല ചിത്രീകരണങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണ്. 

രാജ്യത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ 84-ാമത് ദേശീയ സമ്മേളനത്തില്‍ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഭരണഘടനയിലെ ചിത്രീകരണങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീരാമന്റെ ചിത്രീകരണത്തിന് പുറമെ മറ്റ് ചിത്രീകരണങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ഇന്ത്യയുടെ അയ്യായിരം വര്‍ഷത്തെ ആഴമേറിയ നാഗരിക സംസ്കാരത്തിന്റെ ചിത്രീകരണങ്ങളാണ് ഭരണഘടനയിലേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അദ്ദേഹത്തെ ഉദ്ധരിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

വസ്തുത പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍  സമൂഹമാധ്യമ പ്രചാരണങ്ങളിലെ വ്യാഖ്യാനമനനുസരിച്ച് ഉള്ളടക്കവും ചിത്രീകരണവും തമ്മിലെ ബന്ധത്തെക്കുറിച്ചാണ് അന്വേഷിച്ചത്. ഇതിനായി 22 ഭാഗങ്ങളിലെ ചിത്രങ്ങളും ഉള്ളടക്കവും വിശദമായി പരിശോധിച്ചു.

Part 1

Union and its Territory എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഒന്നാം ഭാഗത്തിനൊപ്പം മോഹന്‍ജൊദാരോ നാഗരികതയെ അടയാളപ്പെടുത്തുന്ന മുദ്രയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Part 2

രണ്ടാം ഭാഗത്തില്‍  പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രീകരണം വേദകാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. വേദ ആശ്രമം അഥവാ ഗുരുകുലത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. 

Part 3

മൗലികാവകാശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന മൂന്നാംഭാഗത്തിലാണ് ഇതിഹാസകാലഘട്ടത്തെ കാണിക്കാനായി രാമായണത്തിലെ ഒരു  രംഗം ചിത്രീകരിച്ചിരിക്കുന്നത്. രാമനെയും സീതയെയും ലക്ഷ്മണനെയും ചിത്രത്തില്‍ കാണാം.

Part 4

Directive Principles of State Policy എന്ന തലക്കെട്ടിലെ നാലാം ഭാഗത്തിനൊപ്പം ശ്രീകൃഷ്ണനെ കാണാം. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ചിത്രീകരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. 

Part 5

അഞ്ചാം ഭാഗത്തില്‍ The Union എന്ന തലക്കെട്ടിനൊപ്പം ശ്രീബുദ്ധന്റെ ചിത്രം നല്‍കിയിരിക്കുന്നത് കാണാം. മഹാന്‍ജനപദ - നന്ദ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിത്രീകരണമാണിത്. ബുദ്ധന്റെ ജീവിതത്തിലെ ഒരു രംഗം എന്ന നിലയ്ക്കാണ് ചിത്രം. 

Part 6

സമാനമായി ഒന്നാം ഷെഡ്യൂളിലെ Part-A സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ആറാം ഭാഗത്തിനൊപ്പം മഹാവീരന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതും മഹാന്‍ജനപദ - നന്ദ കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

Part 7

ഏഴാം ഭാഗത്തില്‍ ഒന്നാം ഷെഡ്യൂളിലെ Part-B സംസ്ഥാനങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇതിനൊപ്പം നല്‍കിയിരിക്കുന്നത് മൗര്യ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിത്രീകരണമാണ്. ഇന്ത്യയിലും വിദേശത്തും അശോക ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന ബുദ്ധമത പ്രചാരണത്തെ സൂചിപ്പിക്കുന്ന ചിത്രീകരണമാണിത്. 

Part 8

ഒന്നാം ഷെഡ്യൂളിലെ Part-C സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന എട്ടാം ഭാഗത്തിനൊപ്പം ഗുപ്ത കാലഘട്ടത്തെ കാണിക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇക്കാലഘട്ടത്തിലെ കലയെ പ്രതിനിധാനം ചെയ്യുന്ന ചിത്രീകരണമാണിത്.

Part 9

ഒന്‍പതും പത്തും ഭാഗങ്ങളിലും ഗുപ്ത കാലഘട്ടത്തെക്കുറിച്ചുള്ള ചിത്രീകരണം കാണാം. വിക്രമാദിത്യന്റെ കോടതിയുടെ ചിത്രീകരണമാണ് Part-D യിലെ ഇന്ത്യന്‍ പ്രവിശ്യകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്തിനൊപ്പം നല്‍കിയിരിക്കുന്നത്.

Part 10

പട്ടിക-ഗോത്രവര്‍ഗ പ്രദേശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പത്താംഭാഗത്തിനൊപ്പം നല്‍കിയിരിക്കുന്നത് പ്രാചീന സര്‍വകലാശാലകളിലൊന്നായ നളന്ദ സര്‍വകലാശാലയുടെ ചിത്രീകരണമാണ്. 

Part 11

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ ബന്ധത്തെക്കുറിച്ച് നിയമനിര്‍മാണം ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന പതിനൊന്നാം ഭാഗത്തിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം മധ്യകാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. ഒറീസ്സയിലെ ശില്പങ്ങളുടെ ചിത്രീകരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

Part 12

സാമ്പത്തിക-വസ്തുസംബന്ധമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പന്ത്രണ്ടാം ഭാഗത്ത് മധ്യകാലഘട്ടത്തെ സൂചിപ്പിക്കുന്ന നടരാജ രൂപമാണ് നല്‍കിയിരിക്കുന്നത്. 

Part 13

പതിമൂന്നാം ഭാഗത്തിലും ഇതേ കാലഘട്ടത്തെ ആവിഷ്ക്കരിച്ചതായി കാണാം. വ്യാപാരസംബന്ധമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഈ ഭാഗത്തിനൊപ്പം നല്‍കിയിരിക്കുന്നത് മഹാബലിപുരത്തെ പുരാതന ശില്പങ്ങളുടെ ചിത്രീകരണമാണ്.

Part 14

പതിനാലാം ഭാഗത്ത് മുസ്ലിം കാലഘട്ടത്തെ ചിത്രീകരിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സേവനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ഭാഗത്ത്  മുഗള്‍ വാസ്തുവിദ്യയും അക്ബര്‍ ചക്രവര്‍ത്തിയെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Part 15

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന പതിനഞ്ചാം ഭാഗത്തും മുസ്ലിം കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിത്രീകരണങ്ങളാണ് നല്‍കിയിരിക്കുന്നത്. ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും ചിത്രങ്ങള്‍ കാണാം. 

Part 16

തെരഞ്ഞെടുത്ത വിഭാഗങ്ങളുടെ പ്രത്യേക നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനാറാം ഭാഗത്തിനൊപ്പം നല്‍കിയിരിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിത്രീകരണങ്ങളാണ്. ടിപ്പു സുല്‍ത്താന്റെയും ലക്ഷ്മിഭായിയുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം.

Part 17

ഔദ്യോഗിക ഭാഷയെക്കുറിച്ച് പറയുന്ന പതിനേഴാം ഭാഗത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തെ കാണിക്കാനായി മഹാത്മാഗാന്ധിയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ പ്രതിനിധീകരിക്കുന്നതാണ് ചിത്രീകരണം. 

Part 18

അടിയന്തരഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനെട്ടാം ഭാഗത്തും  സ്വാതന്ത്ര്യസമര കാലഘട്ടത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബംഗാള്‍ കലാപത്തെത്തുടര്‍ന്ന് അഹിംസയുടെ സന്ദേശവുമായി മഹാത്മാഗാന്ധി നൊആഖാലിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രീകരണമാണിത്.

Part 19

പത്തൊന്‍പതാം ഭാഗത്ത് സ്വാതന്ത്ര്യസമര വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്ന കാലഘട്ടത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികളെ ചിത്രത്തില്‍ കാണാം.

Part 20

തുടര്‍ന്നുള്ള മൂന്ന് ചിത്രങ്ങള്‍ പ്രകൃതിയെ ആവിഷ്ക്കരിച്ച ചിത്രീകരണങ്ങളാണ്. ഭരണഘടന ഭേദഗതി സംബന്ധിച്ച് പ്രതിപാദിക്കുന്ന ഇരുപതാം ഭാഗത്ത് നല്‍കിയിരിക്കുന്നത് ഹിമാലയന്‍ മലനിരകളുടെ ചിത്രമാണ്. 

Part 21

താല്‍ക്കാലിക നിയമവ്യവസ്ഥകളെ സൂചിപ്പിക്കുന്ന ഇരുപത്തിയൊന്നാം ഭാഗത്ത് ഒരു മരുഭൂമിയുടെ ചിത്രീകരണമാണ് നല്‍കിയിരിക്കുന്നത്. 

Part 22

അവസാനഭാഗത്ത് ഒരു കടലിന്റെ ചിത്രം ചേര്‍ത്തതായി കാണാം. 

ഇതോടെ ചിത്രീകരണവും ഉള്ളടക്കവും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് വ്യക്തം. പലയിടങ്ങളിലും വ്യക്തിപരമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഭരണഘടനയിലെവിടെയും ഇത്തരം ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. വിവിധ കാലഘട്ടങ്ങളെ ആസ്പദമാക്കിയുള്ള സമയക്രമത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. 

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മതപരമോ സാമുദായികമോ ആയ പ്രതിനിധാനത്തിന്റെ ഭാഗമായി ചിത്രീകരണങ്ങള്‍ ഉപയോഗിച്ചതായി എവിടെയും സൂചനയില്ല. സമ്പന്നമായ ഇന്ത്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത്തെ സൂചിപ്പിക്കുന്ന ചിത്രീകരണങ്ങളായാണ് ഇവയെ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ആ വൈവിധ്യമാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും. 

ഈ വിഷയത്തില്‍ പ്രതികരണം തേടിയ ചരിത്രകാരന്മാരും നിയമവിദഗ്ധരും നല്‍കിയ മറുപടിയും സമാനമായിരുന്നു.

ഉപസംഹാരം 

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന മൂന്നാം ഭാഗത്തിനൊപ്പം നല്‍കിയ ശ്രീരാമന്റെ ചിത്രം ഏതെങ്കിലും മതത്തെയോ രാമരാജ്യത്തെയോ പ്രതിനിധീകരിക്കുന്നതല്ല. ഇത്തരത്തില്‍ വ്യക്തിപരമായി വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ആത്യന്തികമായി ഭരണഘടനയിലെ ചിത്രീകരണങ്ങള്‍ ഇന്ത്യന്‍ നാഗരികതയും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന വിവിധ കാലഘട്ടങ്ങളെ സൂചിപ്പിക്കുന്ന ആവിഷ്കാരങ്ങളാണ്. മോഹന്‍ജൊദാരോ നാഗരികത മുതല്‍ സ്വാതന്ത്ര്യസമര കാലഘട്ടം വരെ വിവിധ സമയക്രമങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചിത്രീകരണങ്ങളാണ് ഭരണഘടനയുടെ 22 ഭാഗങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ഉള്ളടക്കവുമായും നേരിട്ട് ബന്ധമില്ല.

Related Stories

No stories found.
logo
South Check
southcheck.in