Fact Check: ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തടവും പിഴയും ഏര്‍പ്പെടുത്തിയോ?

വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് കുറ്റകരമാണെന്നും ഇതിന് മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിച്ചേക്കാമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check: ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തടവും പിഴയും ഏര്‍പ്പെടുത്തിയോ?

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ ക്യൂ നില്‍ക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മിക്ക ആളുകളും സ്വന്തം ഫോണില്‍ IRCTC അപ്ലിക്കേഷന്‍ ഉപയോഗിച്ചോ മറ്റ് ആപ്പുകള്‍ ഉപയോഗിച്ചോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ യാത്രാവേളയില്‍‌ ഇത്തരത്തില്‍‌ പലരും ടിക്കറ്റ് ബുക്ക് ചെയ്യാറുമുണ്ട്. എന്നാല്‍ വ്യക്തിഗത അക്കൗണ്ടില്‍നിന്ന് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കുറ്റകരമാണെന്നും ഇതിന് മൂന്നുവര്‍ഷം വരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിച്ചേക്കാമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. മനോരമ ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തയും പങ്കുവെച്ചതായി കാണാം. (Archive)

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ടിക്കറ്റുകള്‍ എടുത്തു നല്‍കുന്നത് കുറ്റകരമല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

മനോരമ ന്യൂസ് 2024 ജൂണ്‍ 25ന് വൈകീട്ട് 4:04 ന് പ്രസിദ്ധീകരിക്കുകയും 7:16ന് അപ്ഡേറ്റ് ചെയ്യുകയും ചെയ്ത റിപ്പോര്‍ട്ടില്‍ റെയില്‍വേ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് നല്‍കിയിരിക്കുന്നത്. ഈ വാര്‍ത്തയുടെ ലിങ്കാണ് ജൂണ്‍ 26ന് രാവിലെ 7:01ന് ഫെയ്സ്ബുക്കില്‍  പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ IRCTC യുടെ വെരിഫൈ ചെയ്ത എക്സ് ഹാന്‍ഡിലില്‍ വൈകിട്ട് 5:14ന് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പോസ്റ്റ് പങ്കുവെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചാരണം തെറ്റാണെന്നും സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വേണ്ടി വ്യക്തിഗത അക്കൗണ്ടുകളില്‍നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും  IRCTC വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പ്രതിമാസം പരമാവധി 12 ടിക്കറ്റുകളും ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍നിന്ന് 24 ടിക്കറ്റുകളും ബുക്ക് ചെയ്യാം. വ്യക്തിഗത അക്കൗണ്ടുകളില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് റെയില്‍വേ നിയമത്തിലെ 143-ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും IRCTC വ്യക്തമാക്കുന്നു. ‍

തുടര്‍ന്ന് റെയില്‍വേ നിയമം 1989-ലെ 143-ാം വകുപ്പ് പരിശോധിച്ചു. ഇതില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ല. വാണിജ്യാടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും ഇതിന് മൂന്നുവര്‍ഷം വരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വ്യക്തതയ്ക്കായി ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസറുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം: 

“പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ഒരു നിയന്ത്രണവും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടില്ല. പ്രചരിക്കുന്ന നിയമം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിലവിലുള്ളതാണ്. ഇത് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം വ്യാപകമാകുന്നതിനും മുന്‍പ് നിലവിലുള്ള നിയമമാണ്. റെയില്‍വേ കൗണ്ടറുകളില്‍നിന്ന് വന്‍തോതില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അവ കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. ഇത് തടയുകയാണ് നിയമത്തിന്റെ പ്രധാനലക്ഷ്യം. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ ബുക്കിങിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍‌ ബുക്ക് ചെയ്ത് വില്‍പന നടത്തിയാല്‍ അത് ഈ നിയമത്തിന്റെ പരിധിയില്‍ വരും. അതേസമയം ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി വ്യക്തിഗത അക്കൗണ്ടുകളില്‍‌‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല.”

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in