Fact Check: ഇന്ത്യാവിഷന്‍ ചാനല്‍ പുനരാരംഭിക്കുന്നു? സമൂഹമാധ്യമ പരസ്യത്തിന്റെ സത്യമറിയാം

2015-ല്‍ പ്രവര്‍ത്തനമവസാനിപ്പിച്ച മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം പുനരരാരംഭിക്കുന്നുവെന്ന് അവകാശവാദത്തോടെയാണ് ഇന്ത്യാവിഷന്റെ ലോഗോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact Check: ഇന്ത്യാവിഷന്‍ ചാനല്‍ പുനരാരംഭിക്കുന്നു? സമൂഹമാധ്യമ പരസ്യത്തിന്റെ സത്യമറിയാം
Published on
2 min read

മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ ഇന്ത്യാവിഷന്‍ ചാനല്‍ 2015 ലാണ് സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് സംപ്രേഷണം അവസാനിപ്പിച്ചത്. ചാനല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യാവിഷന്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പഴയ ഇന്ത്യാവിഷന്റെ ലോഗോയ്ക്കൊപ്പം പുതിയ ലോഗോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സഹിതമാണ് പ്രചാരണം

Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ചാനലിന് ഇന്ത്യാവിഷന്‍ വാര്‍ത്താചാനലുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് പുതിയ ചാനലിന്റെ വെബ്സൈറ്റ് അഡ്രസാണ്. www.indiavision.net എന്ന വെബ്സൈറ്റ് പരിശോധിച്ചതോടെ ഇതില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ ചേര്‍ത്തതായി കണ്ടെത്തി. എന്നാല്‍ പഴയ വാര്‍ത്താ ചാനലിനെക്കുറിച്ചോ മറ്റോ ഒന്നും വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നില്ല. 

തുടര്‍ന്ന് 2015-ല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചഇന്ത്യാവിഷന്‍ ചാനലിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. വെരിഫൈഡ് പേജില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് അഡ്രസ് പുതിയ ഓണ്‍ലൈന്‍ ചാനലിന്റേതില്‍നിന്ന് വ്യത്യസ്തമാണ്. www.indiavisiontv.com എന്നതാണ് യഥാര്‍ത്ഥ വെബ്സൈറ്റ്. ഇത് നിലവില്‍ പ്രവര്‍ത്തനക്ഷമമല്ല. 


തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനും നിലവില്‍ എംഎല്‍എയുമായ ഡോ. എംകെ മുനീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കണ്ടെത്തി. ഇന്ത്യാവിഷന്‍ ചാനല്‍ പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിനിടെ ഇപ്പോള്‍ തുടങ്ങിയ ഓണ്‍ലൈന്‍ ചാനലുമായി ഇന്ത്യാവിഷന് ബന്ധമില്ലെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതോടെ പ്രചാരണം വ്യാജമാണെന്നും നിലവില്‍ ഇന്ത്യാവിഷന്‍ എന്ന പേരില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചാനലിന് ഇന്ത്യാവിഷന്‍ വാര്‍ത്താചാനലുമായി ബന്ധമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in