Fact Check: ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളത്തിന് ഒന്നാം റാങ്കെന്ന അവകാശവാദം വ്യാജമോ? വിവരാവകാശ രേഖയുടെ വാസ്തവം

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍റേണല്‍ ട്രേഡ് നല്‍കിയ വിവരാവകാശ മറുപടി സഹിതമാണ് കേരളത്തിന് ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാം റാങ്കെന്ന മന്ത്രിയുടെയും കേരള സര്‍ക്കാറിന്റെയും അവകാശവാദം വ്യാജമാമാണെന്ന പ്രചാരണം.
Fact Check: ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളത്തിന് ഒന്നാം റാങ്കെന്ന അവകാശവാദം വ്യാജമോ? വിവരാവകാശ രേഖയുടെ വാസ്തവം
Published on
3 min read

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളത്തിന് ഒന്നാം റാങ്ക് ലഭിച്ചുവെന്നത് അടിസ്ഥാനരഹിതമായ അവകാശവാദമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍റേണല്‍ ട്രേഡ് നല്‍കിയ വിവരാവകാശ മറുപടിയുടെ ചിത്രമടക്കമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. DPIIT ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ലെന്നും അതിനാൽ  ഈ അവകാശവാദം  തട്ടിപ്പാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിവരാവകാശ രേഖയെ തെറ്റായി വ്യാഖ്യാനിച്ചാണ് പോസ്റ്റിനൊപ്പമുള്ള സന്ദേശം ചേര്‍ത്തിരിക്കുന്നതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

വിവരാവകാശ രേഖയിലെ ഉള്ളടക്കമാണ് ആദ്യം പരിശോധനാവിധേയമാക്കിയത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരളത്തിന്റെ റാങ്കിനെക്കുറിച്ചാണ് ആദ്യചോദ്യം. അവസാനത്തെ റാങ്കിങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ സംസ്ഥാനങ്ങള്‍ ഏതെല്ലാമാണെന്നാണ് രണ്ടാമത്തെ ചോദ്യം. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടിയായി DPIIT ഇത്തരമൊരു റാങ്കിങ് പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം മൂന്നാമത്തെ ചോദ്യം BRAP റാങ്കിങ് സംബന്ധിച്ചാണ്. ഇതിന് മറുപടിയായി BRAP റാങ്കിങ് നല്‍കുന്നില്ലെന്നും മറിച്ച് പ്രകടനത്തെ അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, ഫാസ്റ്റ് മൂവേഴ്സ്, ആസ്പിരന്റ്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കി തിരിക്കുകയാണ് ചെയ്യുന്നതെന്നും മറുപടിയില്‍ പറയുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവരാവകാശരേഖയിലെ മറുപടി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് വ്യക്തമായി. DPIIT നേരിട്ട് ഇത്തരമൊരു റാങ്കിങ് നടത്തുന്നില്ലെങ്കിലും BRAP അഥവാ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ എന്ന ചട്ടക്കൂട് ഇതേ വകുപ്പിന് കീഴില്‍ തയ്യാറാക്കിയതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. DPIIT യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ BRAP യെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്

അതായത്, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍റേണല്‍ ട്രേഡിന്റെ കീഴില്‍ തന്നെയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ പ്രകടനം പഠനവിധേയമാക്കുന്നതെന്ന് വ്യക്തം.  വിവരാവകാശ രേഖയില്‍ പറയുന്നപോലെ ഉപഭോക്തൃ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനം വിലയിരുത്തുന്നതും വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിക്കുന്നതും. 

തുടര്‍ന്ന് റാങ്ക് സംബന്ധിച്ച അവകാശവാദത്തില്‍ വ്യക്തതയ്ക്കായി മന്ത്രി പി. രാജീവുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. BRAP നടത്തിയ ഉപഭോകതൃ പ്രതികരണ സര്‍വേ പ്രകാരം സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്നത്. നേരത്തെ കേരളം മൂന്നാമത്തെ വിഭാഗത്തിലായിരുന്നു. ഇത്തവണ ടോപ്പ് അച്ചീവേഴ്സ് എന്ന ആദ്യവിഭാഗത്തിലേക്ക് എത്താനായി. ഇതുമാത്രമല്ല, ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളില്‍ ആദ്യസ്ഥാനം കേരളത്തിന് തന്നെയാണ്. ഇതിനെ റാങ്ക് എന്ന തരത്തില്‍ പ്രസിദ്ധീകരിക്കാറില്ലെങ്കിലും ഫലത്തില്‍ ഇത് ഒന്നാം റാങ്കിന് തുല്യമാണ്. ഈ വിഭാഗത്തില്‍ നാം ഒന്നാമതെത്തിയത് ഈസ് ഓഫ് ഡൂയിങ് ബിസിനസ് രംഗത്ത് നടപ്പാക്കിയ 9 പരിഷ്ക്കാരങ്ങള്‍ പരിഗണിച്ചാണ്. 5 പരിഷ്കാരങ്ങള്‍ നടപ്പാക്കി ആന്ധ്രപ്രദേശ് രണ്ടാമതും 3 പരിഷ്കാരങ്ങളുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്. പുരസ്കാര ദാന ചടങ്ങിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ ലഭ്യവുമാണ്.


പുരസ്കാരദാന ചടങ്ങിന് ശേഷം 2024 സെപ്തംബര്‍ 5 ന് കേരള ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ മന്ത്രി ഞങ്ങളുമായി പങ്കുവെച്ചു. വിവിധ വിഭാഗങ്ങളെക്കുറിച്ചും അത് എങ്ങനെ ഒന്നാം റാങ്കിന് തുല്യമാകുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.

ഇതോടെ മന്ത്രിയുടെ അവകാശവാദത്തില്‍ തെറ്റില്ലെന്ന് വ്യക്തമായി. 2024 സെപ്തംബര്‍ ആറിന് പ്രസിദ്ധീകരിച്ച വിവിധ മാധ്യമറിപ്പോര്‍ട്ടുകളിലും ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയതായി കാണാം. 

മന്ത്രി പറഞ്ഞതിനെ സാധൂകരിക്കുന്ന രീതിയിലാണ് മാധ്യമറിപ്പോര്‍ട്ടുകളും കാണാനായത്. ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്തയില്‍  കേരളത്തിന് ഒന്നാം റാങ്കും ആന്ധ്രയ്ക്ക് രണ്ടാം റാങ്കുമാണെന്ന് വ്യക്തമാക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈനില്‍ മന്ത്രി പുരസ്കാരം സ്വീകരിക്കുന്ന ചിത്രസഹിതം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ റിപ്പോര്‍ട്ടില്‍ 30 പരിഷ്ക്കാരങ്ങളില്‍ ഓരോ സംസ്ഥാനവും നടപ്പാക്കിയ പരിഷ്ക്കാരങ്ങളുടെ എണ്ണമടക്കം പട്ടികപ്പെടുത്തിയതായി കാണാം. ഇതില്‍ കേരളം ഒന്നാമതും ആന്ധ്ര രണ്ടാമതുമാണ്.

കൂടാതെ ഓണ്‍മനോരമ, എകണോമിക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. DPIIT  നേരിട്ട് റാങ്കിങ് നടത്തുന്നില്ലെങ്കിലും BRAP പ്രവര്‍ത്തിക്കുന്നത് ഇതേ വകുപ്പിന് കീഴിലാണ്. കൂടാതെ, വിവിധ വിഭാഗങ്ങളായി തിരിച്ചതില്‍ ആദ്യ വിഭാഗത്തില്‍ ഒന്നാമത് കേരളവുമാണ്.  

Related Stories

No stories found.
logo
South Check
southcheck.in