റോഡിലെ കുഴിയ്ക്കൊപ്പം ചിത്രം വരച്ച് പ്രതിഷേധം: ചിത്രം കേരളത്തിലേതോ?

കുഴിയോട് ചേ‍ര്‍ന്ന് യമദേവന്റെ മുഖം വരച്ചുച‍േ‍ര്‍ത്തത് കേരളത്തിലെ റോഡിലാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
റോഡിലെ കുഴിയ്ക്കൊപ്പം ചിത്രം വരച്ച് പ്രതിഷേധം: ചിത്രം കേരളത്തിലേതോ?
Published on
2 min read

തകര്‍ന്ന റോഡുകളുടെ ചിത്രങ്ങള്‍ക്കൊപ്പം നിരവധി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ റോഡിലെ കുഴിയോടുചേര്‍ത്ത് യമദേവന്റെ ചിത്രം വരച്ചുചേര്‍ത്ത സംഭവമാണ് ഇപ്പോള്‍ കേരളത്തിലേതെന്ന രീതിയില്‍ പ്രചരിക്കുന്നത്

Fact-check: 

കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ വാര്‍ത്തയാകുമെന്നുറപ്പാണ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താനായില്ല. വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി. ഇതോടെ ചിത്രം ഉള്‍പ്പെടുത്തിയ നിരവധി മാധ്യമറിപ്പോര്‍ട്ടുകളും സമൂഹമാധ്യമ പോസ്റ്റുകളും കണ്ടെത്താനായി. 

തുടര്‍ന്ന് ഇതില്‍ ദേശീയമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 2014 ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍നിന്ന് ചിത്രത്തിലുള്ള കലാകാരന്റെ പേര് ബാദല്‍ നഞ്ജുണ്ഡസ്വാമി എന്നാണെന്നും ബംഗലൂരുവിലെ ആര്‍ ടി നഗറിലാണ് സംഭവമെന്നും മനസ്സിലാക്കാനായി. 

അദ്ദേഹത്തെക്കുറിച്ച് 2018 ല്‍ ദി ഹിന്ദു പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും ഈ ചിത്രം നല്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാവൈഭവത്തെക്കുറിച്ചും ചിത്രങ്ങളിലൂടെയുള്ള പ്രതിഷേധങ്ങളെക്കുറിച്ചുമാണ് ലേഖനം. 

ഇതോടെ ചിത്രം ബംഗലൂരുവിലാണെന്നും ചിത്രത്തിന് ഒമ്പത് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും വ്യക്തമായി. 

റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബാദലിന്റെ ഇന്‍സ്റ്റഗ്രാം പേജും കണ്ടെത്തി. ഇതിലും ഈ ചിത്രം പങ്കുവെച്ചതായി കാണാം. 

2021 ജൂ​ണ്‍ 5 ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനൊപ്പം നല്കിയിരിക്കുന്ന കുറിപ്പില്‍ ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഓര്‍മ എന്ന വിവരണത്തിനൊപ്പം പരിസ്ഥിതിദിനം എന്ന ഹാഷ്ടാഗും നല്കിയിരിക്കുന്നതായി കാണാം. ഇതോടെ ചിത്രം 2014 ജൂണ്‍ 5ന് വരച്ചതാണെന്ന് സ്ഥിരീകരിക്കാനായി. 

പ്രചരിക്കുന്ന ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും ഇതോടെ വ്യക്തമായി. 

logo
South Check
southcheck.in