Fact Check: ഇത് ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവരെ പരസ്യമായി തല്ലുന്ന ദൃശ്യമോ? സത്യമറിയാം

ആന്ധ്രപ്രദേശ് പോലീസ് കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവരെ പാഠം പഠിപ്പിക്കുന്നുവെന്നും കേരളത്തിലാണെങ്കില്‍ ജനകീയം എന്നു പറഞ്ഞ് പ്രതികള്‍ക്ക് ചായ വാങ്ങി നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു.
Fact Check: ഇത് ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവരെ പരസ്യമായി തല്ലുന്ന ദൃശ്യമോ? സത്യമറിയാം
Published on
2 min read

ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡില്‍ ഇരിക്കുന്ന മൂന്ന് യുവാക്കളെ ഒരു പോലീസുകാരന്‍ ലാത്തി ഉപയോഗിച്ച് കാല്‍വെള്ളയില്‍ അടിക്കുന്ന ദൃശ്യമാണിത്. ആന്ധ്രപ്രദേശ് പോലീസ് കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവരെ പാഠം പഠിപ്പിക്കുന്നുവെന്നും കേരളത്തിലാണെങ്കില്‍ ജനകീയം എന്നു പറഞ്ഞ് സല്‍കരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

Fact Check

വൈറല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്തതിനല്ല മറിച്ച് ഒരു കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചതിനാണ് വീഡിയോയിലുള്ള യുവാക്കളെ പോലീസുകാര്‍ പരസ്യമായി അടിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 


വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് മൂന്ന് യുവാക്കളെ ആന്ധ്ര പ്രദേശ് പോലീസ് പരസ്യമായി മര്‍ദ്ദിച്ചതെന്ന് 2025 മെയ് 27ന് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണ ചിരഞ്ജീവി എന്ന പോലീസ് കോണ്‍സ്റ്റബിളിനെ കഞ്ചാവ് ലഹരിയില്‍ ആക്രമിച്ച പ്രതികളെയാണ് പൊലീസ് പരസ്യമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ തെനാലി ടു ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം പ്രതികളായ ചെബ്രോലു ജോണ്‍ വിക്ടര്‍ (25), ഷെയ്ക്ക് ബാബുലാല്‍ (21), ഡോമ രാകേഷ് (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴുള്ള ദൃശ്യമാണിത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

ആന്ധ്രപ്രദേശ് പോലീസ് പരസ്യമായി യുവാക്കളെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇത് സംബന്ധിച്ച മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളിലും 

പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചതിനാണ് യുവാക്കളെ പരസ്യമായി ശിക്ഷിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതില്‍ നിന്ന് കോളേജ് വിദ്യാര്‍ഥികളെ ശല്യം ചെയ്തവരെ ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

logo
South Check
southcheck.in