പ്രചാരണം വാസ്തവവിരുദ്ധമാണെന്നും കാന്തപുരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ കാന്തപുരത്തിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളാണ് പരിശോധിച്ചത്. CPIMനൊപ്പം നില്‍ക്കുന്ന മുസ്ലിം സമുദായത്തിലെ ഒരു പ്രബല വിഭാഗം UDFന് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് വലിയ വാര്‍ത്തയാകുമെന്നതില്‍ സംശയമില്ല. താരതമ്യേന ചെറുതും സ്വീകാര്യത കുറഞ്ഞതുമായ SDPI യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതുപോലും വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ പ്രചാരണം തെറ്റാണെന്ന് കാണിച്ച് മര്‍ക്കസിന്റെ വെരിഫൈ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പത്രക്കുറിപ്പ് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്നും അതുമായി ബന്ധമില്ലെന്നും കാന്തപുരം അറിയിച്ചതായി 2024 ഏപ്രില്‍ 1ന് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് മര്‍ക്കസിന്റെ PRO-യുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മര്‍ക്കസ് ഔദ്യോഗികമായി പുറത്തിറക്കിയ വിശദമായ പത്രക്കുറിപ്പും പങ്കുവെച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നും ആര്‍ക്കും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
INDIA മുന്നണിയ്ക്ക് കാന്തപുരം ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണ അറിയിച്ചതായി മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല. അതേസമയം 2024 ഫെബ്രുവരി 22ന് നടന്ന പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് INDIA മുന്നണിയില്‍ നിരവധി കക്ഷികള്‍ കൊഴിഞ്ഞുപോകുന്നത് ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ മുന്നണിയുടെ ഭാവി അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.