Fact Check: റിപ്പബ്ലിക് ദിനത്തില്‍ ടിപ്പുസുല്‍ത്താന്റെ നിശ്ചലദൃശ്യവുമായി കര്‍ണാടക? ചിത്രത്തിന്റെ സത്യമറിയാം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരേഡില്‍ ടിപ്പുസുല്‍ത്താന്റെ ജീവിതമാസ്പദമാക്കി കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിച്ചുവെന്നും ഇത് സംഘപരിവാറിന് കനത്ത തിരിച്ചടിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check: റിപ്പബ്ലിക് ദിനത്തില്‍ ടിപ്പുസുല്‍ത്താന്റെ നിശ്ചലദൃശ്യവുമായി കര്‍ണാടക? ചിത്രത്തിന്റെ സത്യമറിയാം
Published on
2 min read

സംഘപരിവാര്‍ മതവിദ്വേഷത്തിനെതിരെ നിലപാടുയര്‍ത്തി കര്‍ണാടക റിപ്പബ്ലിക് ദിന പരേഡില്‍  ടിപ്പുസുല്‍ത്താന്റെ ജിവിതം ആസ്പദമാക്കി നിശ്ചലദൃശ്യം അവതരിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. റിപ്പബ്ലിക് ദിന പരേഡിലെ കര്‍ണാടകയുടെ പ്ലോട്ടിന്റെ ചിത്രസഹിതമാണ് പ്രചാരണം.  സംഘപരിവാറിന്റെ മതവിദ്വേഷത്തിനെതിരെ കര്‍ണാടകയിലെ  കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റ പ്രതിഫലനമാണിതെന്ന അവകാശവാദത്തോടെ നിരവധി പേരാണ് ചിത്രം പങ്കുവെയ്ക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കര്‍ണാടക 2014-ല്‍ അവതരിപ്പിച്ച നിശ്ചലദൃശ്യത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ ചിത്രമടങ്ങുന്ന ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2014 ജനുവരി 27ന് NDTV  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചിത്രം. 2014 ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടക അവതരിപ്പിച്ച പ്ലോട്ടിന്റെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയെന്ന തരത്തിലാണ് റിപ്പോര്‍ട്ട്.

ഈ സൂചന ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഇന്ത്യാടുഡേ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ 2014-ല്‍ ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ചിത്രം അന്ന് ട്വിറ്ററില്‍ തരംഗമായതോടെയാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. 

തുടര്‍ന്ന് 2014-ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇത് കര്‍ണാടക 2014 ലെ റിപബ്ലിക് ദിനത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യമാണെന്ന് വ്യക്തമായി. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലില്‍ പരേഡിന്റെ പൂര്‍ണവീഡിയോ കാണാം.

തുടര്‍ന്ന് കര്‍ണാടക 2025-ലെ റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യത്തെക്കുറിച്ചും പരിശോധിച്ചു. സന്‍സദ് ടിവി യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍നിന്ന് ഇത് ലക്കുണ്ഡിയിലെ പുരാതന ക്ഷേത്രങ്ങളുടെ മാതൃകയായിരുന്നുവെന്ന് കണ്ടെത്തി.

കീവേഡ് പരിശോധനയില്‍ ദി ഹിന്ദു ഉള്‍പ്പെടെ മാധ്യമങ്ങള്‍ ചിത്രസഹിതം കര്‍ണാടകയുടെ ഈ വര്‍ഷത്തെ നിശ്ചലദൃശ്യത്തെക്കുറിച്ച് റിപ്പോര്‍‍ട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പത്തുവര്‍ഷം പഴയ ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in