

കന്യാസ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പെന്‍ഷന്‍ പദ്ധതി ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മദ്രസ അധ്യാപകരുടെ പെന്‍ഷനോട് താരതമ്യം ചെയ്താണ് കന്യാസ്ത്രീകള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി ആരംഭിച്ചെന്ന തരത്തില്‍ പ്രചാരണം. ഒരു പ്രത്യേക മതവിഭാഗത്തിന് പെന്‍ഷന്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്ന തരത്തിലും നിരവധി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചാരണത്തില്‍ അവ്യക്തതയുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായി മനസ്സിലാക്കാതെയാണ് പല സന്ദേശങ്ങളും പ്രചരിക്കുന്നതെന്നും പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സര്‍ക്കാര്‍ തീരുമാനമെന്നും അത് എവിടെ എപ്പോള്‍ കൈക്കൊണ്ട തീരുമാനമാണെന്നുമാണ് ആദ്യം പരിശോധിച്ചത്. 2026 ജനുവരി 27 ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു.
മന്ത്രിസഭ യോഗ തീരുമാനത്തില്‍ പുതിയ പെന്‍ഷന്‍ പദ്ധതികള്‍ക്കൊന്നും രൂപംനല്‍കിയതായി പറയുന്നില്ല. ഏതെങ്കിലും പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ടുമല്ല തീരുമാനം. മറിച്ച് മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലെ 50 ന് മേല്‍ പ്രായക്കാരായ സ്ത്രീകള്‍ക്ക് ഇതേ പ്രായത്തിലുള്ള മറ്റ് സ്ത്രീകള്‍ക്കായി നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി ലഭിക്കുന്നതിന് നിലവിലെ തടസ്സങ്ങള്‍ പരിഹിക്കാന്‍ പ്രത്യേക പദ്ധതി ആരംഭിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിലവിലെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അവിവാഹിതരും വിധവകളും മറ്റ് വരുമാനമില്ലാത്തവരുമായ 50 ന് മേല്‍ പ്രായക്കാരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ലഭ്യമാണ്. ഇത് കന്യാസ്ത്രീകള്‍ക്കടക്കം ലഭ്യമാക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവിധ മാധ്യമറിപ്പോര്‍ട്ടുകളിലും ഇക്കാര്യം വ്യക്തമാണ്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.