Fact Check: മദ്രസാധ്യാപകര്‍ക്ക് പ്രതിമാസം 7500 രൂപ പെന്‍ഷന്‍? താരതമ്യത്തിന് പിന്നിലെ വാസ്തവമറിയാം

അങ്കണവാടി ജീവനക്കാരുടെയും കര്‍ഷകരുടെയും പെന്‍ഷന്‍ തുകയുമായി താരതമ്യം ചെയ്ത് കേരളത്തില്‍ മദ്രസാധ്യാപകര്‍ക്ക് പ്രതിമാസം 7500 രൂപ പെന്‍ഷന്‍ ലഭിക്കുന്നുവെന്ന അവകാശവാദവുമായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം.
Fact Check: മദ്രസാധ്യാപകര്‍ക്ക് പ്രതിമാസം 7500 രൂപ പെന്‍ഷന്‍? താരതമ്യത്തിന് പിന്നിലെ വാസ്തവമറിയാം

മദ്രസാധ്യാപകരുടെ വേതനവുമായും മറ്റ് ആനുകൂല്യങ്ങളുമായും ബന്ധപ്പെട്ട് നേരത്തെയും വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. നിലവിലെ പ്രചാരണം പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. മദ്രസാധ്യാപകര്‍ക്ക് കേരള സര്‍ക്കാര്‍ പ്രതിമാസം 7500 രൂപ പെന്‍ഷന്‍ കൊടുക്കുന്നുവെന്നാണ് അവകാശവാദം. ഈ തുക അങ്കണവാടി ജീവനക്കാരുടെയും കര്‍ഷകരുടെയും പെന്‍ഷന്‍ തുകയുമായി താരതമ്യം ചെയ്യുന്ന തരത്തില്‍ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. (Archive)

അങ്കണവാടി ടീച്ചര്‍ക്ക് ആയിരം രൂപയും കര്‍ഷകന് 1,100 രൂപയും പെന്‍ഷന്‍ ലഭിക്കുന്ന സ്ഥാനത്ത് ‘മതേതര’ കേരളത്തില്‍ മദ്രസാധ്യാപകര്‍ക്ക് 7500 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് പോസ്റ്റിലെ അവകാശവാദം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. നിലവില്‍ മദ്രസാധ്യാപകര്‍ക്ക് 1500 രൂപയാണ് കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്നതെന്നും കര്‍ഷകരുടെയും അങ്കണവാടി ജീവനക്കാരുടെയും പെന്‍ഷനില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.


താരതമ്യത്തിലെ വലിയ അന്തരവും മദ്രസാധ്യാപകര്‍ക്കെതിരെ നേരത്തെയും വന്നിട്ടുള്ള വ്യാജപ്രചാരണങ്ങളുമാണ് വസ്തുത പരിശോധനിയിലേക്ക് നയിച്ചത്. അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ക്കായി രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡ് വഴിയാണ് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച വിവരങ്ങള്‍ വനിതാ ശിശുവികസന വകുപ്പിന്റെയും സാമൂഹ്യസുരക്ഷാ വകുപ്പിന്റെയും വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

2016ല്‍രൂപീകരിച്ച ഈ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കു പ്രതിമാസം  നിശ്ചിത തുക അടച്ച് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാം. അങ്കണവാടി വര്‍ക്കര്‍ പ്രതിമാസം ഇരുനൂറ് രൂപയും ഹെല്‍പ്പര്‍ പ്രതിമാസം നൂറ് രൂപയുമാണ് ഇതിലേക്ക് അടക്കേണ്ടത്. 50% തുക സര്‍ക്കാറും സംഭാവന ചെയ്യുന്നു.  പെന്‍ഷന്‍തുകയായി പ്രതിമാസം യഥാക്രമം 1000രൂപയും 600 രൂപയുമാണ് 2016 ല്‍ നിശ്ചയിച്ച തുക.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ തുക അവസാനമായി 2021-22 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ചതായി കണ്ടെത്തി. അങ്കണവാടി വര്‍ക്കറുടെ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പ്പറുടേത് 1500 രൂപയായുമാണ് വര്‍ധിപ്പിച്ചത്. 

ഇതോടെ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയായി പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്ന തുക തെറ്റാണെന്ന് വ്യക്തമായി. 


പിന്നീട് പരിശോധിച്ചത് കര്‍ഷക പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. കര്‍ഷക പെന്‍ഷന്‍ ഉള്‍പ്പെടെ ഏഴ് പെന്‍ഷനുകള്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായാണ് നല്‍കുന്നത്. ഇതിന് പ്രത്യേക ക്ഷേമനിധി ബോര്‍ഡ് നിലവിലില്ല. ഓരോ സാമ്പത്തികവര്‍ഷവും ബജറ്റില്‍ നീക്കിവെയ്ക്കുന്ന പണവും കേന്ദ്രവിഹിതം ലഭ്യമാണെങ്കില്‍ അതുമാണ് ഇതിനുപയോഗിക്കുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഈ പെന്‍ഷനുകള്‍ക്കെല്ലാം പ്രതിമാസം നല്‍കുന്നത് 1600 രൂപയാണെന്ന് ക്ഷേമപെന്‍ഷന്‍ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഇതോടെ കര്‍ഷകപെന്‍ഷനുമായി ബന്ധപ്പെട്ടും പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്ന തുക തെറ്റാണെന്ന് വ്യക്തമായി.

മദ്രസാധ്യാപക പെന്‍ഷനെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. അങ്കണവാടി ജീവനക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധിയ്ക്ക് സമാനമായി 2010 ല്‍ രൂപീകരിച്ച മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് വഴിയാണ് മദ്രസാധ്യാപകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പദ്ധതിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു. 

പ്രതിമാസം 50 രൂപ അംശദായം അടച്ചാണ് ക്ഷേമനിധി അംഗത്വം തുടരുന്നത്. ഇതുവഴി വിവിധ ഘട്ടങ്ങളിലെ സാമ്പത്തികസഹായവും 60 വയസ്സിന് ശേഷം പെന്‍ഷനും മദ്രസാധ്യാപകര്‍ അര്‍ഹത നേടുന്നു. ആയിരം രൂപയാണ് പ്രതിമാസ പെന്‍ഷനായി നിശ്ചയിച്ചിരിക്കുന്നത്. ഇത് പതിനാലാം കേരള നിയമസഭയില്‍ അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയതിന്റെ നിയമസഭ രേഖകളും ലഭ്യമാണ്. 

പ്രതിമാസം മദ്രസാധ്യാപകര്‍ അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാറും ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യുന്നു. പലിശരഹിത നിക്ഷേപമായി സൂക്ഷിക്കുന്ന ഈ തുകയാണ് ആനുകൂല്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. 65 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മുടങ്ങാതെ തുക അടച്ച അധ്യാപകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കുറഞ്ഞ പെന്‍ഷന്‍ തുക 1000 രൂപയാണെന്നും പണമടച്ച കാലാവധിയ്ക്ക് ആനുപാതികമായി ഇതില്‍ മാറ്റമുണ്ടാകുമെന്നും പരമാവധി തുക 5219 രൂപയാണെന്നും കെ ടി ജലീലിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് ഇതില്‍ പിന്നീട് വന്ന മാറ്റങ്ങളെക്കുറിച്ച് പരിശോധിച്ചു. ക്ഷേമനിധി രൂപീകരിച്ച സമയത്തെ തുക പുതുക്കി നിശ്ചയിക്കാനായി  2019 ല്‍ കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. പെന്‍ഷന്‍ തുക 1500 രൂപയാക്കി ഉയര്‍ത്തുമെന്ന്  മന്ത്രി കെ ടി ജലീല്‍ നിയമസഭയെ അറിയിച്ചതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. 

തുടര്‍ന്ന് നിലവില്‍ നല്‍കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 


മറ്റ് ക്ഷേമപെന്‍ഷനുകളില്‍നിന്ന് വ്യത്യസ്തമായി അംഗങ്ങള്‍ അംശദായം അടച്ചാണ് മദ്രസാധ്യാപക ക്ഷേമനിധിയില്‍ പെന്‍ഷന്‍ നല്‍കുന്നത്.  കുറഞ്ഞത് അഞ്ചുവര്‍ഷം മുടങ്ങാതെ  അംശദായം അടച്ചവര്‍ക്ക് നിലവില്‍ 1500 രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇത് 1600 രൂപയാക്കാനുള്ള അപേക്ഷ സര്‍ക്കാറിന്റെ പരിഗണനയിലാണ്. കൂടുതല്‍ വര്‍ഷം അംശദായം അടച്ചവര്‍ക്ക് ആനുപാതിക വര്‍ധനയുണ്ട്. 7500 രൂപയെന്നത് പരമാവധി തുകയാണ്. ഈ തുക ലഭിക്കണമെങ്കില്‍ ഏറെ വര്‍ഷത്തെ അംശദായം ആവശ്യമാണ്.

പ്രസ്തുത പെന്‍ഷന്‍ സ്വീകരിക്കുന്ന ഒരു മദ്രസാധ്യാപകനുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:

1500 രൂപയാണ് കുറഞ്ഞ പെന്‍ഷന്‍തുക. നിശ്ചിത കാലഘട്ടം മുടങ്ങാതെ അംശദായം അടച്ചവര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്.   9 വര്‍ഷവും 6 മാസവും അംശദായം അടച്ച എനിക്ക് ലഭിക്കുന്നത് 2100 രൂപയാണ്. പരമാവധി തുക 7500 രൂപയാക്കി നിശ്ചയിച്ചതായി അറിഞ്ഞു.  അത്രയും തുക പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഗവണ്‍മെന്റ് ഒരു പരിധി നിശ്ചയിച്ചുവെന്നേയുള്ളൂ. 

കുറഞ്ഞ തുക 1500 രൂപയുള്ളത് മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് സമാനമായി 1600 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സമസ്ത മദ്രസാധ്യാപക സംഘടനയുടെ നിവേദനം പരിഗണിക്കുന്നതായി മാധ്യമം 2024 മാര്‍ച്ച് 24ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ മദ്രസാധ്യാപകര്‍ക്ക് 7500 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

കര്‍ഷക പെന്‍ഷന്‍ സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനായി നേരിട്ടും, അങ്കണവാടി ജീവനക്കാരുടെയും മദ്രസാധ്യാപകരുടെയും പെന്‍ഷന്‍ ക്ഷേമനിധി ബോര്‍ഡുവഴി അംശദായം സ്വീകരിച്ചുമാണ് വിതരണം ചെയ്യുന്നത്. നിലവില്‍ കര്‍ഷകര്‍ക്ക്  പെന്‍ഷന്‍ തുക  1600 രൂപയും അങ്കണവാടി ജീവനക്കാര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ തുക 1500/2000 രൂപയും മദ്രസാധ്യാപകര്‍ക്ക് 1500 രൂപയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in