Fact Check: നോമ്പുകാലത്ത് ഉത്തരേന്ത്യന്‍ യാചകര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കേരള പൊലീസ് നിര്‍ദേശം നല്‍കിയോ? സത്യമറിയാം

ഉത്തരേന്ത്യയില്‍നിന്ന് റമദാനില്‍ കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്നും ഇവരെ സഹായിക്കരുതെന്നും അറിയിച്ചുകൊണ്ട് കേരള പൊലീസിന്റെ അറിയിപ്പെന്ന തരത്തില്‍ കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സീല്‍ ഉള്‍പ്പെടെ ചേര്‍ത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: നോമ്പുകാലത്ത് ഉത്തരേന്ത്യന്‍ യാചകര്‍ക്കെതിരെ  ജാഗ്രത പാലിക്കാന്‍ കേരള പൊലീസ് നിര്‍ദേശം നല്‍കിയോ? സത്യമറിയാം

റമദാനില്‍ ഉത്തരേന്ത്യയില്‍നിന്ന് യാചകരായി കേരളത്തിലെത്തുന്നവര്‍ ക്രിമിനലുകളാണെന്നും കവര്‍ച്ചയാണ് അവരുടെ ലക്ഷ്യമെന്നും അതിനാല്‍ അവരെ അകറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന അറിയിപ്പ് കേരള പൊലീസ് നല്‍കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേരള പൊലീസ് ലോഗോയും കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഒപ്പും സീലും ഉള്‍പ്പെടെ അറിയിപ്പില്‍ കാണാം.

Fact-check: 

പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

അറിയിപ്പിന്റെ ഭാഷാ ശൈലിയില്‍ തന്നെ ഇത് വ്യാജമാണെന്ന സൂചന ലഭിച്ചു. താഴെ നല്‍കിയിരിക്കുന്ന സീലിന്റെയും ഒപ്പിന്റെയും ഒരു ഭാഗം മാത്രമാണ് കാണാനാവുന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഇതിന്റെ പൂര്‍ണചിത്രം ലഭിച്ചു. കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഒപ്പും സീലുമാണ് നല്‍കിയിരിക്കുന്നത്. ഇതിലെ തിയതി 2018 ഓഗസ്റ്റ് 18 ആണ് നല്‍കിയിരിക്കുന്നതെന്നും കാണാം. 

ഇതോടെ 2018 മുതല്‍ തന്നെ പ്രചരിച്ച സന്ദേശമാണിതെന്ന് വ്യക്തമായി. മാത്രവുമല്ല, 2018 ലെ ഹിജ്റ കലണ്ടര്‍ പരിശോധിച്ചതോടെ റമദാന്‍ മാസം (1439)  2018 മെയ് - ജൂണ്‍ മാസങ്ങളിലായിരുന്നുവെന്ന് വ്യക്തമായി.

2018 മെയ് 17 മുതല്‍ 2018 ജൂണ്‍ 14 വരെയായിരുന്നു റമദാന്‍ വ്രതം. ഇത് വ്യക്തമാക്കുന്ന കേരളസര്‍ക്കാറിന്റെ അവധി വിജ്ഞാപനവും ലഭ്യമായി. 2018 ജൂണ്‍ 15ന് ചെറിയപെരുന്നാള്‍ അവധി നല്‍കിയതായി കാണാം. 

ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമായി. മറ്റെവിടെയോ ഉപയോഗിച്ച ഒപ്പും സീലുമാണ് വ്യാജ അറിയിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 

തിയതിയില്‍ മാറ്റം വരുത്തി 2019 ലെ റമദാനില്‍ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കേരള പൊലീസ് മേധാവിയുടെ ഫെയ്സ്ബുക്ക് പേജിലുംകേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും അന്ന് ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ച് അറിയിപ്പ് നല്‍കിയിരുന്നു. ‌സന്ദേശം വ്യാജമാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

തുടര്‍ന്ന് കേരള പൊലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ: 

ഇത് നേരത്തെയും നടന്ന പ്രചാരണമാണ്. മറ്റൊരു കത്തിലെ സീലും ഒപ്പും വ്യാജമായി ഉപയോഗിച്ച് തയ്യാറാക്കിയ സന്ദേശമാണിത്. കേരള പൊലീസ് ഇത്തരത്തില്‍ ഒരു അറിയിപ്പ് നല്‍കിയിട്ടില്ല. പ്രചാരണം ഈ നോമ്പുകാലത്തും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കുന്നുണ്ട്. വ്യാജവിവരങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അത് പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം.

സന്ദേശം വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തില്‍ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് ഇത് വ്യാജമാണെന്ന അറിയിപ്പ് വീണ്ടും പങ്കുവെച്ചതായി കാണാം.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ‍

Related Stories

No stories found.
logo
South Check
southcheck.in